ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ബിബിസി. കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ മേധാവികള്‍ പങ്കെടുത്ത യോഗത്തിന്റെ ലൈവ് പ്രക്ഷേപണത്തിനിടെയാണ് ബിബിസി അവതാരിക സിരിസേനയെ മോദിയെന്ന് വിശേഷിപ്പിച്ചത്.
ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റ് കാറില്‍ നിന്നും മറ്റ് അതിഥികള്‍ക്കൊപ്പം ചേരാനായി നടക്കവെയാണ് ബിബിസി അവതാരിക ഈ വിഡ്ഢിത്തം അടിച്ചുവിട്ടത്. 'ഇന്ത്യയുടെ പ്രധാനമന്ത്രി 2014ന് ശേഷം ഇതാദ്യമായി ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തുന്നു' എന്നായിരുന്നു എലിസബത്ത് രാജ്ഞി ആതിഥേയത്വം വഹിച്ച ചടങ്ങിനെത്തിയ ലങ്കന്‍ പ്രസിഡന്റിനെക്കുറിച്ച് വിശദീകരിച്ചത്.
ലൈവ് സംപ്രേക്ഷണത്തിനിടെ സംഭവിച്ചത് ഒരു വീഴ്ചയാണെന്നും ഇതില്‍ മാപ്പ് പറയുകയാണെന്നും ബിബിസി വക്താവ് പറഞ്ഞു. തെറ്റായ വിവരം നല്‍കിയതിനെത്തുടര്‍ന്നാണ് അവതാരിക ഇത് ലൈവില്‍ വായിച്ചതെന്നാണ് വിവരം.