CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 47 Seconds Ago
Breaking Now

ബ്രിട്ടന് ചെസിലെ ആദ്യത്തെ ലോകചാമ്പ്യനെ വേണം; ഇന്ത്യക്കാരനായ 9 വയസ്സുള്ള പ്രതിഭയെ പിടിച്ചുനിര്‍ത്താന്‍ പോരാട്ടം; പിതാവിന്റെ വിസാ കാലാവധി തീരുന്നതിനാല്‍ മടങ്ങുമെന്ന് ആശങ്ക

ബാംഗ്ലൂരില്‍ നിന്നുമുള്ള ഈ കുടുംബം സൗത്ത് ഈസ്റ്റ് ലണ്ടനിലാണ് താമസിക്കുന്നത്

ഒരു 9 വയസ്സുകാരന്‍ ഇന്ത്യയിലേക്ക് മടങ്ങിപ്പോകാതിരിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടന്‍. ചെസിലെ ബാലപ്രതിഭയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യക്കാരനായ ശ്രേയസ് റോയലിലൂടെ രാജ്യത്തിന് ആദ്യത്തെ ലോകചാമ്പ്യനെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പിതാവ് ജിതേന്ദ്ര സിംഗിന്റെ വിസാ കാലാവധി അവസാനിക്കുന്നതോടെ ശ്രേയസും കുടുംബവും ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് ആശങ്ക.

കേവലം നാല് വര്‍ഷം മാത്രമേ ചെസ് കളി ആരംഭിച്ചിട്ടെങ്കിലും കൗമാരക്കാരായ താരങ്ങളെ പോലും മലര്‍ത്തിയടിക്കുകയാണ് ഈ ഒന്‍പതുകാരന്‍. ഈ തലമുറയിലെ മികച്ച താരമെന്ന വിശേഷണവും ശ്രേയസ് ഈ പ്രായത്തില്‍ കരസ്ഥമാക്കി. മകന് മൂന്ന് വയസ്സുള്ളപ്പോഴാണ് ടാറ്റാ മോട്ടോഴ്‌സില്‍ ഐടി മാനേജരായ സിംഗും, ഭാര്യ അഞ്ജുവും യുകെയിലെത്തുന്നത്. മകന്‍ ദേശീയ സ്വത്താണെന്ന് മനസ്സിലാക്കി അനിശ്ചിതകാല ലീവെടുക്കാനുള്ള ഒരുക്കത്തിലാണ് പിതാവ്.

ബാംഗ്ലൂരില്‍ നിന്നുമുള്ള ഈ കുടുംബം സൗത്ത് ഈസ്റ്റ് ലണ്ടനിലാണ് താമസിക്കുന്നത്. ഇംഗ്ലീഷ് ചെസ് ഫെഡറേഷന്റെയും, പ്രമുഖ ചെസ് പരിശീകന്‍ ജൂലിയന്‍ സിംപോളിന്റെയും പിന്തുണയും ഇവര്‍ക്കുണ്ട്. ഈ കുട്ടിയുടെ കഴിവ് മുന്‍പൊരിക്കലും ആരിലും കണ്ടിട്ടില്ല. ഭാവിയിലെ ലോകചാമ്പ്യനെയാണ് ഇവനില്‍ കാണുന്നത്. അത് ബ്രിട്ടന് വേണ്ടിയാകണം എന്നാണ് ആഗ്രഹം, സിംപോള്‍ വ്യക്തമാക്കി.

ബ്ലാക്ക്ഹീത്തിലെ പോയിന്റര്‍ സ്‌കൂളിലാണ് ശ്രേയസ് പഠിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കാന്‍ഡിഡേറ്റ് മാസ്റ്റര്‍ എന്ന പേരുനേടിയ ശ്രേയസിന് ചെസാണ് ഇഷ്ടവിഷയം. എന്നാല്‍ മകനെ ഈ ഘട്ടത്തില്‍ ഇന്ത്യയിലേക്ക് പോകേണ്ടി വന്നാല്‍ ചെസിലെ ഭാവി നഷ്ടമാകുമെന്നാണ് മാതാപിതാക്കളുടെ ആശങ്ക.




കൂടുതല്‍വാര്‍ത്തകള്‍.