കാര്‍ബണ്‍ മലിനീകരണം കുറയ്ക്കാന്‍ ഡീസല്‍ കാറുകള്‍ക്ക് നഗരത്തിലേര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണവും അധിക നികുതിയും വിപണിയെ ബാധിച്ച സാഹചര്യത്തില്‍ ബ്രിട്ടനിലെ കാര്‍ കമ്പനികളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍. നിസാന്‍, ജാഗ്വര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍ എന്നീ കമ്പനികള്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് നോട്ടീസ് നല്‍കി. വരും ദിവസം മറ്റ് കാര്‍ കമ്പനികളും ഈ രീതി തുടര്‍ന്നേക്കും.
ലണ്ടന്‍ നഗരത്തില്‍ പ്രധാനമായി ഡീസല്‍ കാറുകള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണവും അധിക നികുതിയും ഉപയോക്താക്കളെ ഡീസല്‍ കാറുകളില്‍ നിന്ന് അകറ്റുകയാണ്. ഭാവിയില്‍ ഡീസല്‍ കാറുകള്‍ വാങ്ങാന്‍ ആളില്ലെന്ന അവസ്ഥയാകും. നിലവില്‍ പഴയ ഡീസല്‍ കാറുകള്‍ സ്‌ക്രാപ്പായി വില്‍ക്കുകയാണ്. സര്‍ക്കാര്‍ എക്‌സ്‌ചേഞ്ച് സ്‌കീമില്‍ ഉള്‍പ്പെടുത്തി ഡീസല്‍ കാറുകള്‍ മാറി വാങ്ങാനുള്ള തിരക്കിലാണ് ചിലര്‍. ഇതാണ് ഡീസല്‍ വിപണിയെ തളര്‍ത്തിയതും. പ്രമുഖ കമ്പനികള്‍ക്കെല്ലാം ശരാശരി 20 ശതമാനം വില്‍പ്പന ഇടിവ് ഡീസല്‍ കാറുകളുടെ കാര്യത്തിലുണ്ടായിട്ടുണ്ട് .
നിസാന്‍ കമ്പനിയുടെ നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇംഗ്ലണ്ടിലുള്ള സണ്ടര്‍ലാന്‍ഡ് കാര്‍ പ്ലാന്റില്‍ ഏഴായിരത്തോളം ജീവനക്കാരാണ് ഉള്ളത്. ഇതില്‍ കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് പേര്‍ ജോലി ചെയ്യുന്നു. ഡീസല്‍ കാര്‍ നിര്‍മ്മാണ മേഖലകളിലെല്ലാം പിരിച്ചുവിടല്‍ നേരിടുകയാണ്. കഴിഞ്ഞ ദിവസം ജാഗ്വര്‍ - ലാന്‍ഡ് റോവര്‍ കമ്പനി ആയിരം താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു .