നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സിലിന് മുന്നിലെത്തുന്ന നഴ്‌സുമാര്‍ കടന്നുപോകേണ്ടി വരുന്ന ഒരു കടലുണ്ട്. സമ്മര്‍ദത്തിന്റെ കൊടുമുടിയില്‍ നിന്നും സേവനം നല്‍കിയ ശേഷം പ്രാക്ടീസ് ചെയ്യാന്‍ ഫിറ്റ്‌നസ് ഉണ്ടെന്ന് തെളിയിക്കാന്‍ നേരിടുന്ന പരീക്ഷണം പലപ്പോഴും നഴ്‌സുമാരുടെ മാനസികനിലയെ ബാധിച്ച് ജീവിതത്തെ തന്നെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതായാണ് ഞെട്ടിക്കുന്ന സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്. എന്‍എംസിയെ നേരിടുന്ന നഴ്‌സുമാരില്‍ പകുതി പേരെയും ആത്മഹത്യാ പ്രേരണയിലേക്ക് തള്ളിവിടുന്നതാണ് ഫിറ്റ്‌നസ് ടു പ്രാക്ടീസ് നടപടിക്രമങ്ങളെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
എന്‍എംസി എഫ്ടിപി നടപടിക്രമങ്ങള്‍ കഴിഞ്ഞിറങ്ങുന്നവരില്‍ 60% പേരും ഇത് തങ്ങളുടെ മാനസിക നിലയെ ബാധിച്ചതായാണ് വ്യക്തമാക്കിയത്. ചെറിയ പ്രശ്‌നങ്ങള്‍ക്കാണ് റഫര്‍ ചെയ്തിട്ടുള്ളതെങ്കില്‍ പോലും എഫ്ടിപി കേസുകള്‍ നഴ്‌സുമാരുടെ മനസ്സില്‍ സൃഷ്ടിക്കുന്ന ആഘാതം ചെറുതല്ലെന്ന് സര്‍വ്വെ ചൂണ്ടിക്കാണിക്കുന്നു. ചിലരുടെ ജീവിതം തന്നെ മാറിമറിഞ്ഞെന്നാണ് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്. നിങ്ങളൊരു തെറ്റുകാരനാണ് എന്ന നിലയിലാണ് നടപടി ആരംഭിക്കുമ്പോള്‍ മുതല്‍ സ്വീകരിക്കപ്പെടുന്ന നിലപാട്. ഒറ്റപ്പെടുത്തവും, നാണംകെടുത്തലും കൂടിയാകുമ്പോള്‍ എന്‍എംഎസി നടപടികള്‍ അതിന്റെ പാരമ്യത്തിലെത്തും.
റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രശ്‌നങ്ങളില്‍ നിന്നും ഏറെ അകന്ന രീതിയിലാണ് ഈ പരിപാടി അരങ്ങേറുന്നത്. പ്രത്യാഘാതങ്ങള്‍ ഭയന്ന് നഴ്‌സിംഗ് ജോലി തന്നെ ചിലര്‍ ഉപേക്ഷിക്കുന്നു. ഇത്തരമൊരു അവസ്ഥയിലൂടെ ഒരു നഴ്‌സിനും കടന്നുപോകേണ്ടി വരരുത് എന്നാണ് എഫ്ടിപി നടപടികള്‍ കടന്നെത്തിയ നഴ്‌സുമാര്‍ പ്രാര്‍ത്ഥിക്കുന്നത്. ഈ നടപടി നേരിട്ട് തിരിച്ചെത്തുന്ന നഴ്‌സ് പിന്നീടൊരിക്കലും പഴയ രീതിയിലാകില്ല ഇടപെടുകയെന്നും വ്യക്തമായിട്ടുണ്ട്.
തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പോലും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച് പോയെന്നാണ് ഒരു നഴ്‌സ് വെളിപ്പെടുത്തുന്നത്. താന്‍ ഒരാളെ കൊലപ്പെടുത്തിയെന്ന മട്ടിലാണ് എന്‍എംസി അംഗം സംസാരിച്ചത്. ആ ആഘാതം ഇപ്പോഴും വിട്ടുപോയിട്ടില്ല, ഇവര്‍ പറയുന്നു.
എന്‍എംസി വാച്ച്: രജിസ്ട്രന്റ്‌സ് കെയര്‍ ഗ്രൂപ്പാണ് എഫ്ടിപി നഴ്‌സുമാരില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ച് പഠനം നടത്തിയത്. നടപടിക്രമങ്ങളില്‍ മാറ്റം വരുത്താന്‍ സമയമായെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.