Breaking Now

വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം നാളെ; മരിയോത്സവത്തില്‍ വിശ്വാസി സാഗരം അലയടിക്കും.

വാല്‍ത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ  നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ 'നസ്രത്തിലെക്കുള്ള' മൂന്നാമത് തീര്‍ത്ഥാടനത്തിലൂടെ മുഴുവന്‍ മലയാളീ മാതൃ ഭക്തരും മരിയന്‍ പ്രഘോഷണ ദിനമായി ഒത്തുകൂടുന്ന ആഘോഷം നാളെ. മാതൃ ഭക്ത പങ്കാളിത്തം കൊണ്ടും,സംഘാടക മികവു കൊണ്ടും, ആത്മീയ ഉത്സവ പകിട്ടുകൊണ്ടും, അജപാലന ശ്രേഷ്ട നേതൃത്വം കൊണ്ടും പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രത്തില്‍ ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ വിശ്വാസി കൂട്ടായ്മ്മയായ കോള്‍ചെസ്റ്റര്‍ കൂട്ടായ്മ്മ ഏറ്റെടുത്ത് നടത്തുന്ന മൂന്നാമത്  വാല്‍ത്സിങ്ങാം മഹാ തീര്‍ത്ഥാടനം ചരിത്രം കുറിക്കും. 

മാതൃ സമക്ഷം സമര്‍പ്പിച്ച ഈ സുദിനം ഗതാഗത തടസ്സങ്ങളും, യാത്രാ ക്ഷീണവും ഒഴിവാക്കി പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുവാന്‍ അടുത്ത സ്ഥലങ്ങളില്‍ ഉള്ള ബന്ധു സുഹൃത്തുക്കളുടെ അടുത്തും, ഹോട്ടലുകളിലുമായി തങ്ങുവാന്‍ ഉള്ള ഭക്തജന പ്രവാഹമാണ് വാല്‍സിങാമിന്റെ സമീപ സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഈസ്റ്റ് ആംഗ്ലിയായിലെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ. തോമസ് പാറക്കണ്ടത്തില്‍, ഫാ. ജോസ് അന്ത്യാംകുളം എന്നിവരുടെ ആത്മീയ നേതൃത്വത്തില്‍  ഈ മരിയോത്സവത്തിന്റെ അനുഗ്രഹ വിജയത്തിനായി കോള്‍ചെസ്റ്റര്‍ കത്തോലിക്കാ സമൂഹം നടത്തി വരുന്ന അവസാന ഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 

യു കെ യിലെ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വാല്‍സിങ്ങാം തീര്‍ത്ഥാടനത്തില്‍ മുഖ്യ സംഘാടകനായും, കാര്‍മ്മികനായും പങ്കുചേരുമ്പോള്‍ തന്റെ അനുഗ്രഹീത സാന്നിദ്ധ്യവും, കര്‍മ്മ തീക്ഷണതയും തീര്‍ത്ഥാടകരില്‍   ആത്മീയോര്‍ജ്ജം പകരും.   

നാളെ ജൂലൈ 20 നു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ തീര്‍ത്ഥാടന തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രശസ്ത ധ്യാന ഗുരു ജോര്‍ജ്ജ് പനക്കല്‍ അച്ചന്‍ നയിക്കുന്ന മരിയന്‍ പ്രഘോഷണ പ്രഭാഷണം തീര്‍ത്ഥാടകര്‍ക്ക് ആല്മീയ വിരുന്നാവും സമ്മാനിക്കുക. 

പ്രഘോഷണത്തിനു ശേഷമുള്ള സമയം കുട്ടികളെ അടിമവെക്കുന്നതിനും, ഭക്ഷണത്തിനുമായിട്ടുള്ള ഇടവേളയായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ പ്രായക്കാര്‍ക്കും ഇഷ്ടപ്പെട്ട ചൂടുള്ള കേരള വിഭവങ്ങള്‍ക്ക് പ്രശസ്തമായ കേറ്ററിംഗ് സ്ഥാപനത്തെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ട്.  

ഉച്ചക്ക് 12:45 ന് മരിയ ഭക്തര്‍ നടത്തുന്ന തീര്‍ത്ഥാടനം മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാല സമര്‍പ്പിച്ച് ,'ആവേ മരിയാ' സ്തുതിപ്പുകളുമായി മാതൃ പുണ്യ സന്നിധേയത്തെ മരിയഭക്തി സാന്ദ്രമാക്കും  

ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന സമൂഹ ബലിയില്‍ സ്രാമ്പിക്കല്‍ പിതാവ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. വികാരി ജനറാളുമാരും മറ്റു വൈദികരും സഹ കാര്‍മ്മികരായിരിക്കും.  വിഷിശ്ടാതിഥികളെയും തീര്‍ത്ഥാടകരെയും സ്വാഗതം ചെയ്യുന്നതോടെ തിരുന്നാള്‍ ദിവ്യബലി ആരംഭിക്കും. 

മൂന്നാമത് തീര്‍ത്ഥാടനത്തില്‍ മലയാളി മാതൃഭക്തരാല്‍ വാല്‍സിങ്ങം നിറഞ്ഞു കവിയുമെന്നതിനാല്‍ മികച്ച സുരക്ഷാ ക്രമീകരണങ്ങളും,  സംവിധാനങ്ങളും, സൗകര്യങ്ങളുമാണ് സംഘാടക സമിതി പ്രത്യേകം ഒരുക്കിയിരിക്കുന്നത്.

തീര്‍ത്ഥാടനത്തില്‍ പങ്കു ചേരുവാന്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ സ്ലിപ്പര്‍ ചാപ്പലിന്റെ കൊമ്പൌണ്ടിലും, തൊട്ടടുത്ത സ്ഥലങ്ങളിലുമായി സൗജന്യമായ പാര്‍ക്കിങ് സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോച്ചുകളിലും, വാഹനങ്ങളിലും എത്തുന്നവര്‍ ഗതാഗത നിയന്ത്രണങ്ങള്‍ പാലിക്കുകയും, നിര്‍ദ്ധിഷ്ഠ പാര്‍ക്കിങ് സംവിധാനം   ഉപയോഗിക്കേണ്ടതുമാണ്. 

പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും,ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാന്‍ ഏറ്റവും അനുഗ്രഹീത മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍സിങ്ങാം തീര്‍ത്ഥാടനത്തിലേക്ക് ആതിതേയരായ കോള്‍ചെസ്റ്റര്‍ കമ്മ്യുനിട്ടി ഏവരെയും സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നു. 

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

THE BASILICA OF OUR LADY OF WALSINGHAM, HOUGHTON ST.GILES

NORFOLK, LITTLE WALSINGHAM, NR22 6AL

 

Appachan kannanchira
കൂടുതല്‍വാര്‍ത്തകള്‍.