ബ്രക്‌സിറ്റിന് മുന്‍പായി പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നടപടികള്‍ക്ക് തടയിടാനുള്ള ഹര്‍ജികള്‍ തള്ളി ലണ്ടന്‍ ഹൈക്കോടതി. ഇക്കാര്യത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയ കോടതി അവസാന അപ്പീലുമായി വേണമെങ്കില്‍ സുപ്രീംകോടതിയില്‍ പോകാമെന്നും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസമാണ് സെപ്റ്റംബര്‍ പകുതി മുതല്‍ ഒക്ടോബര്‍ പകുതി വരെ പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 31നുള്ളില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിടവാങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു നീക്കങ്ങള്‍. ഇതിനെതിരെ റിമെയിനര്‍ പ്രചാരക ജിനാ മില്ലറാണ് കോടതിയിലെത്തിയത്.
ബ്രക്‌സിറ്റ് വിഷയം കോടതിയില്‍ എത്തിച്ചതും ജിനാ മില്ലറായിരുന്നു. ബ്രിട്ടീഷ് ജനാധിപത്യത്തിന്റെ സുപ്രധാന സമയത്ത് പാര്‍ലമെന്റ് കൂടിച്ചേര്‍ന്നിരിക്കണമെന്നാണ് മില്ലറുടെ നിലപാട്. ഹൈക്കോടതിയിലെ പരാജയം കൊണ്ട് പോരാട്ടം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു.
അതേസമയം ബ്രക്‌സിറ്റ് നടപടികള്‍ മൂന്ന് മാസം വൈകിപ്പിക്കാന്‍ ആവശ്യപ്പെടുമെന്ന നിയമം റിമെയിനര്‍ എംപിമാര്‍ വിജയിപ്പിച്ചസാഹചര്യത്തില്‍ കോടതി ഇടപെടല്‍ ചുരുങ്ങും. കൂടാതെ തോല്‍വി ഉറപ്പായാല്‍ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി പദം ഒഴിഞ്ഞേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.