Breaking Now

ജ്വാല ഇമാഗസിന്‍ ഒക്ടോബര്‍ ലക്കം പ്രസിദ്ധീകരിച്ചു നൊബേല്‍ സമ്മാന ജേതാവ് പീറ്റര്‍ ഹാന്‍ഡ്‌കെ മുഖചിത്രത്തില്‍

യുക്മ സാംസ്‌കാരിക വേദി അണിയിച്ചൊരുക്കുന്ന ജ്വാല ഇമാഗസിന്റെ അന്‍പത്തിഅഞ്ചാം ലക്കം പ്രസിദ്ധീകരിച്ചു. പ്രവാസി പ്രസിദ്ധീകരണങ്ങളില്‍ ഇതിനോടകം വളരെയേറെ ശ്രദ്ധേയമായിക്കഴിഞ്ഞ  'ജ്വാല'യുടെ ഒക്‌റ്റോബര്‍ ലക്കം, 2019 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌ക്കാര ജേതാവ് ഓസ്ട്രിയന്‍ സാഹിത്യകാരന്‍ പീറ്റര്‍ ഹാന്‍ഡ്‌കെക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ളതാണ്.  

ചിത്രകലയുടെ കാണാപ്പുറങ്ങളെക്കുറിച്ച് വായനക്കാരെ ബോധവാന്മാരാക്കുകയാണ് ഇത്തവണത്തെ പത്രാധിപക്കുറിപ്പിലൂടെ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട്. നിരവധി ആര്‍ട്ട് ഗാലറികളും മ്യൂസിയങ്ങളും  ശാസ്ത്രീയമായി പരിപാലിക്കപ്പെടുന്ന യു കെ യില്‍, പ്രവേശനം സൗജന്യമായുള്ളിടത്തുപോലും സന്ദര്‍ശനം നടത്തുന്നതില്‍ നമ്മള്‍ വളരെ പിന്നിലാണ്. ചിത്രകല പോലുള്ളവയുടെ ആസ്വാദനത്തിലൂടെ മനസിന് ലഭിക്കുന്ന സന്തോഷവും ശാന്തതയും അനുഭവിച്ചു അറിയേണ്ടതുതന്നെയെന്ന് എഡിറ്റോറിയലില്‍  റജി നന്തികാട്ട് അഭിപ്രായപ്പെടുന്നു. 

എഴുത്തുകാര്‍ക്ക് വേണ്ടിയുള്ള മനുഷ്യാവകാശ സംഘടനായ പെന്‍ ഇന്റര്‍നാഷ്ണലിന് വേണ്ടി ന്യൂയോര്‍ക്കിലെ അപ്പോളോ തീയറ്ററില്‍ അരുന്ധതി റോയ് നടത്തിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ ഈ ലക്കത്തിലെ ഈടുറ്റ രചനകളില്‍ ഒന്നാണ്.

പ്രഭാഷണങ്ങളിലൂടെ കേരളയീയ സമൂഹത്തില്‍ ചലനം സൃഷ്ടിക്കുന്ന ഡോ.സുനില്‍ പി ഇളയിടവുമായി ചന്ദ്രന്‍ കോമത്ത് നടത്തിയ ദീര്‍ഘമായ അഭിമുഖം പ്രഭാഷകന്റെ ചിന്തകളെയും കാഴ്ചപ്പാടുകളെയും അടുത്തറിയാന്‍ വായനക്കാരനെ സഹായിക്കുന്നു.

'ഉള്‍ക്കടലിന്റെ  എഴുത്തുകാരന്റെ  ഉള്‍ത്തുടിപ്പുകള്‍  ഹൃദ്യമായ ആത്മകഥ' എന്ന  പുസ്തക പരിചയ പംക്തിയില്‍ ജി. പ്രമോദ്, ഉള്‍ക്കടല്‍ എന്ന ഒറ്റ കൃതിയിലൂടെ മലയാളികളുടെ പ്രിയ എഴുത്തുകാരനായ ഡോ. ജോര്‍ജ്ജ് ഓണക്കൂറിന്റെ ആത്മകഥ 'ഹൃദയ രാഗങ്ങള്‍' എന്ന കൃതിയെ മനോഹരമായി വിലയിരുത്തുന്നു.

മലയാളത്തിലെ പ്രമുഖ വാരികകളില്‍ ചിത്രകാരനായിരുന്ന സി ജെ റോയിയുടെ ചിത്രങ്ങളുടെ  അകമ്പടിയോടെ എത്തുന്ന കഥകള്‍, പ്രമുഖ കവി കുരീപ്പുഴ ശ്രീകുമാര്‍ രചിച്ച 'കണ്ണൂര്‍', യുകെയിലെ എഴുത്തുകാരികളില്‍ ഒരാളായ ബീനാ റോയ് എഴുതിയ 'കൂട്ടത്തില്‍ പെടാതെയും ചിലര്‍' എന്നീ കവിതകള്‍, ജ്വാലയുടെ കാര്‍ട്ടൂണ്‍ പംക്തി  സി ജെ റോയിയുടെ 'വിദേശവിചാരം' തുടങ്ങി നിരവധി രചനകള്‍ അടങ്ങിയ ജ്വാല ഇമാഗസിന്റെ ഒക്ടോബര്‍ ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പ്രസ് ചെയ്യുക.

 

https://issuu.com/jwalaemagazine/docs/october_2019  

സജീഷ് ടോം 

(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 
കൂടുതല്‍വാര്‍ത്തകള്‍.