CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 10 Minutes 13 Seconds Ago
Breaking Now

സ്‌കോട്ട്‌ലണ്ടില്‍ 59 സീറ്റില്‍ 48 പിടിച്ച് എസ്എന്‍പി; രണ്ടാം സ്‌കോട്ടിഷ് സ്വാതന്ത്ര്യ ഹിതപരിശോധനയ്ക്കായി മുറവിളി; ആ സ്വപ്‌നം കാണേണ്ടെന്ന് ബോറിസ് ജോണ്‍സണ്‍; നിക്കോള സ്റ്റര്‍ജന്റെ സമ്മര്‍ദതന്ത്രം ഫലം കാണുമോ?

2014-ല്‍ നടന്ന സ്വാതന്ത്ര്യ ഹിതപരിശോധനയില്‍ 45-നെതിരെ 55 ശതമാനം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വോട്ടര്‍മാര്‍ ആവശ്യം തള്ളിയത്

സ്‌കോട്ട്‌ലണ്ടില്‍ വന്‍വിജയം നേടിയതോടെ സ്വാതന്ത്ര്യ ഹിതപരിശോധന രണ്ടാമതും നടത്തണമെന്ന ആവശ്യവുമായി നിക്കോള സ്റ്റര്‍ജന്‍ രംഗത്ത്. ഈ വിജയത്തോടെ ഹിതപരിശോധന ജനാധിപത്യ അവകാശമായി മാറിക്കഴിഞ്ഞെന്നാണ് നിക്കോളയുടെ നിലപാട്. എന്നാല്‍ സ്‌കോട്ടിഷ് സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടേണ്ടെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. മറ്റിടങ്ങളില്‍ ടോറി പാര്‍ട്ടി വമ്പിച്ച ജയം കൊയ്‌തെടുത്തപ്പോള്‍ സ്‌കോട്ട്‌ലണ്ട് എസ്എന്‍പിയ്‌ക്കൊപ്പം നിലയുറപ്പിച്ചു. 

ഈ ആവശ്യം ഔദ്യോഗികമായി തന്നെ ഉന്നയിക്കുമെന്ന് ഫസ്റ്റ് മിനിസ്റ്റര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി. അഞ്ച് വര്‍ഷം മുന്‍പ് നടന്ന വോട്ടെടുപ്പിലെ ജനഹിതം മാനിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. യൂണിയന്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചാണ് സ്‌കോട്ട്‌ലണ്ട് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജനുമായി പ്രധാനമന്ത്രി സംസാരിച്ചതെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് വിശദമാക്കി. 

ബ്രക്‌സിറ്റ് നടപ്പാക്കാന്‍ സാധിക്കുന്ന നില കൈവരിച്ചതോടെ യുകെയെ ഒരുമിച്ച് മുന്നോട്ട് നീക്കാനുള്ള നടപടികളാകും സ്വീകരിക്കുകയെന്നും പ്രധാനമന്ത്രി നിക്കോളയെ അറിയിച്ചു. സ്‌കോട്ടിഷ് ബിസിനസ്സുകളിലെ അനിശ്ചിതത്വം നീക്കി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ വഴിയൊരുക്കും. രണ്ടാം സ്വാതന്ത്ര്യ ഹിതപരിശോധനയെ ഒരുവിധത്തിലും അനുകൂലിക്കുന്നില്ലെന്നും ബോറിസ് കൂട്ടിച്ചേര്‍ത്തു. 2014 ഹിതപരിശോധന ഫലം അന്തിമമാണെന്നും ഇതിനെ മാനിക്കാനുമാണ് നിക്കോളയ്ക്ക് പ്രധാനമന്ത്രി നല്‍കിയ ഉപദേശം. 

2014-ല്‍ നടന്ന സ്വാതന്ത്ര്യ ഹിതപരിശോധനയില്‍ 45-നെതിരെ 55 ശതമാനം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വോട്ടര്‍മാര്‍ ആവശ്യം തള്ളിയത്. എന്നാല്‍ യുകെയില്‍ നിന്നും വേര്‍പെടുത്താന്‍ ഹിതപരിശോധന അനുവദിക്കണെമന്നാണ് നിക്കോള സ്റ്റര്‍ജന്‍ തുടര്‍ന്നും ആവശ്യപ്പെടുന്നത്. ബോറിസിന്റെ അനുമതി തേടുകയല്ല മറിച്ച് സ്‌കോട്ട്‌ലണ്ടിന്റെ ഭാവി തീരുമാനിക്കാനുള്ള ജനാധിപത്യപരമായ നീക്കമെന്നാണ് ഫസ്റ്റ് മിനിസ്റ്റര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഒപ്പില്ലാതെ ഹിതപരിശോധന നടത്തിയാല്‍ ഇതിന് നിയമപ്രാബല്യമില്ലെന്നതാണ് വസ്തുത. 




കൂടുതല്‍വാര്‍ത്തകള്‍.