Breaking Now

ഡോക്ടറായ എന്റെ ഭര്‍ത്താവിനെ കൂടി യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുമോ ?. വൈദ്യ സഹായം ലഭിക്കാതെ ഒരു മലയാളി പോലും യുകെയില്‍ മരണപ്പെടരുതെന്ന ദൈത്യവുമായി മലയാളിയായ ലേഡി ഡോക്ടര്‍ ; ബ്രിട്ടണില്‍ കൊറോണ വൈറസ് ഭീതിയില്‍ കഴിയുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ ഒരുക്കിയ കൂട്ടായ്മയിലേയ്ക്ക് കൂടുതല്‍ ഡോക്ടര്‍മാര്‍ കടന്നു വരുന്നു ; നമ്മുക്ക് അഭിനന്ദിക്കാം ഈ സന്മനസുകളെ..

ലണ്ടന്‍ : കേരളം കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി താണപ്പോഴും , നിപ്പ വൈറസ് പരത്തിയ പനി കേരളത്തില്‍ പടര്‍ന്നു പിടിച്ചപ്പോഴും നാടിനെ രക്ഷിക്കാന്‍ മലയാളികള്‍ സ്വീകരിച്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ ലോകാരോഗ്യ സംഘടനയുടെയും , ലോക രാജ്യങ്ങളുടെയും അഭിനന്ദങ്ങള്‍ ഏറ്റ് വാങ്ങിയിരുന്നു . ഇന്ന് ലോകം മുഴുവനും കൊറോണ വൈറസ് ഭീതിയിലൂടെ കടന്നു പോകുമ്പോള്‍ യുകെയിലെ യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ തയ്യാറായി വന്ന ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ഓരോ യുകെ മലയാളികളുടെയും മനസ്സില്‍ ഇടം നേടി കഴിഞ്ഞു .

യുകെയില്‍ കൊറോണ വൈറസ് മൂലം ഉണ്ടായ  മരണം 104 കടന്നു . രോഗബാധിതരുടെ എണ്ണം 2626 ല്‍ എത്തിയിരിക്കുന്നു . ഒരു ദിവസം 25000 പേരെ വരെ ടെസ്റ്റ് ചെയ്തു രോഗനിര്‍ണ്ണയം നടത്തുന്നു . വെള്ളിയാഴ്ചയോടു കൂടി യുകെയിലെ എല്ലാ സ്‌കൂളുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടക്കുവാന്‍ ഒരുങ്ങുന്നു . പരീക്ഷകള്‍ മാറ്റി വയ്ക്കാന്‍ ഒരുങ്ങുന്നു . വാടകയ്ക്ക് താമസിക്കുന്നവരെയും , ലോണെടുത്ത് വീട് വാങ്ങിയവരെയും സഹായിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ യുകെ ഗവണ്മെന്റ് തയ്യാറെടുക്കുന്നു. ബ്രിട്ടീഷ് പൗരന്മാരോട് യാത്രകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു . രോഗത്തെ തടഞ്ഞു നിര്‍ത്താന്‍ പുതിയ വഴികള്‍ തേടുമ്പോഴും യുകെയില്‍ അപകടകരമായ രീതിയില്‍ രോഗം പടരുകയാണ്.

ഈ അവസരത്തില്‍ ബ്രിട്ടണില്‍ കൊറോണ വൈറസ് ഭീതിയില്‍ കഴിയുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ സംഘാടകരില്‍ ഒരാളായ ബാല സജീവ് കുമാര്‍ മുമ്പോട്ട് വച്ച പരസ്പര സഹായം എന്ന ആശയം നടപ്പിലാക്കുവാന്‍ ഇരുപതോളം ഇന്ത്യന്‍ ഡോക്ടര്‍മാരാണ് ആദ്യം മുന്നോട്ട് വന്നിരുന്നത്. എന്നാല്‍ ഈ ഉദ്യമത്തിന്റെ നന്മയും , മഹത്വവും തിരിച്ചറിഞ്ഞു കൂടുതല്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഇതില്‍ പങ്കാളികളാകുവാന്‍ മുന്നോട്ട് വന്നു കഴിഞ്ഞു.

വൈദ്യ സഹായം ലഭിക്കാതെ ബ്രിട്ടനില്‍ ഒരു മലയാളി പോലും മരണപ്പെടരുതെന്നും , ഡോക്ടറായ എന്റെ ഭര്‍ത്താവിനെ കൂടി നിങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുമോ എന്നും ചോദിച്ചുകൊണ്ടാണ് മലയാളിയായ ഒരു ലേഡി ഡോക്ടര്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുവാന്‍ മുന്നോട്ട് വന്നത്.

യുകെയിലുള്ള ഏതൊരു ഇന്ത്യക്കാരനും , സൗജന്യമായി വിളിക്കാന്‍ സാധിക്കുന്ന 02070626688 (നെറ്റ്‌വര്‍ക്ക് നിരക്കുകള്‍ ബാധകം) എന്ന ഹെല്‍പ്പ് ലൈന്‍ ഫോണ്‍ നമ്പര്‍ ഒരുക്കികൊണ്ടാണ്  യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ കൊറോണ വൈറസിനെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് . ഈ നമ്പറില്‍ വിളിക്കുന്ന ആള്‍, തങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍, സഹായത്തിന്റെ രൂപം, സഹായം ആവശ്യമുള്ള സ്ഥലം എന്നിവ നല്‍കി കഴിഞ്ഞാല്‍ ഇന്ത്യന്‍ ഡോക്ടര്‍മാരുമായി നേരിട്ട് സംസാരിക്കുവാനും മറ്റ് സഹായങ്ങള്‍ എത്തിക്കുവാനുമായിട്ടുള്ള ക്രമീകരണങ്ങളാണ് ഇപ്പോള്‍ ഒരുക്കുന്നത്.

ഡോക്ടര്‍ സോജി അലക്‌സിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും , നഴ്‌സുമാരും അടങ്ങുന്ന ക്ലിനിക്കല്‍ അഡ്‌വൈസ് ഗ്രൂപ്പ്  പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് , ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സ്‌കോട്ട്‌ലന്‍ഡ് എന്നീ ഗവണ്‍മെന്റ് ബോഡികളുടെ നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയിട്ടുള്ള കോവിഡ് 19  മാനേജ്‌മെന്റിനുള്ള പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമാണ് നല്‍കുന്നത്. ഈ ഡോക്ടര്‍മാര്‍ ചികിത്സ നിശ്ചയിക്കുകയോ, മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യുകയോ ചെയ്യാതെ രോഗം സ്ഥിരീകരിച്ചവരോ, സംശയിക്കപ്പെടുന്നവരോ ആയവര്‍ക്ക് മാനസികമായി ധൈര്യം പകര്‍ന്നു കൊടുക്കുന്നതിനുള്ള ശ്രമമാണ് ആദ്യം നടത്തുന്നത്.

ഏതെങ്കിലും ഇന്ത്യന്‍ കുടുംബങ്ങള്‍ കൊറോണ രോഗലക്ഷണങ്ങള്‍ മൂലമോ, രോഗം ബാധിച്ചോ വീടുകളില്‍ പരസഹായമില്ലാതെ ജീവിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ അവരെ അടിയന്തിരമായി സഹായിക്കാന്‍ യുകെയുടെ നാനാഭാഗങ്ങളിലുള്ള പ്രവര്‍ത്തകരെ കൂട്ടി ഒരു വോളന്റിയേഴ്‌സ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. നിരവധി സന്മനസുകളാണ് ഇതിനോടകം  യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ ഈ ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളാകുവാന്‍ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത് .

ഉണും ഉറക്കവുമില്ലാതെ യുകെ ഗവണ്മെന്റിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഡോക്ടര്മാരും നഴ്‌സുമാരും നടത്തുന്ന ഈ മഹനീയ കര്‍മ്മങ്ങളെ നമ്മുക്ക് ആത്മാര്‍ത്ഥമായി അഭിനന്ദിക്കാം . ലോകത്തോടൊപ്പം മരണ ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ബ്രിട്ടന് സഹായമായി മാറുവാന്‍ യുകെ മലയാളികളെ വരൂ നമ്മുക്കും ഈ സന്മനസുകള്‍ക്കൊപ്പം കൈകോര്‍ക്കാം.

 

തോമസ് ചാക്കോ 

 
കൂടുതല്‍വാര്‍ത്തകള്‍.