CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 41 Minutes 47 Seconds Ago
Breaking Now

കൊറോണാവൈറസ് പരിശോധനയില്ല; നാലില്‍ ഒരു എന്‍എച്ച്എസ് നഴ്‌സും ഡോക്ടറും രോഗബാധിതര്‍, അല്ലെങ്കില്‍ സെല്‍ഫ് ഐസൊലേഷനില്‍; ആരോഗ്യ പ്രവര്‍ത്തകരെ ആര് കാക്കും?

യുകെയില്‍ ഇതുവരെ മൂന്ന് ഡോക്ടര്‍മാരാണ് കൊറോണ ബാധിച്ച് മരിച്ചത്

നാലില്‍ ഒരു എന്‍എച്ച്എസ് നഴ്‌സും, ഡോക്ടറും കൊറോണാവൈറസിനെതിരായുള്ള പോരാട്ടത്തിനിടെ രോഗബാധിതരാകുന്നതായി റിപ്പോര്‍ട്ട്. കൊറോണാവൈറസ് പരിശോധന മുന്‍നിര എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച് മന്ത്രിമാര്‍ കനത്ത വിമര്‍ശനം ഏറ്റുവാങ്ങുന്നതിന് ഇടയിലാണ് ഈ മുന്നറിയിപ്പ്. 

ഞായറാഴ്ച വരെ ഇംഗ്ലണ്ടില്‍ 5000-ല്‍ താഴെ എന്‍എച്ച്എസ് ജീവനക്കാരെ മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കിയതെന്ന് സര്‍ക്കാരിന്റെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സി വ്യക്തമാക്കി. മറ്റ് രാജ്യങ്ങളേക്കാള്‍ ഏറെ പിന്നിലാണ് ബ്രിട്ടന്‍ ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നടപടികള്‍. ഈ ആഴ്ചാവസാനം എന്‍എച്ച്എസ് ജീവനക്കാര്‍ക്കായി അവതരിപ്പിച്ച ടെസ്റ്റുകള്‍ വളരെ വൈകിയാണ് എത്തിയതെന്ന ആശങ്കയും ഇതോടൊപ്പമുണ്ട്. 

റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സാണ് നാലില്‍ ഒരു ഡോക്ടര്‍ വീതം രോഗബാധിതരോ, ക്വാറന്റൈനിലോ ആണെന്ന് വെളിപ്പെടുത്തിയത്. ഈ ജീവനക്കാര്‍ക്ക് പരിശോധന ലഭ്യമാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ നെഗറ്റീവ് ഫലം ലഭിക്കുന്നവര്‍ക്ക് സേവനത്തില്‍ അടിയന്തരമായി തിരികെ എത്താന്‍ സാധിക്കുന്ന അവസ്ഥ സംജാതമാകും. ദിവസേന പതിനായിരം ടെസ്റ്റുകള്‍ എന്ന എന്‍എച്ച്എസ് അധികൃതരുടെ പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല. ഞായറാഴ്ച 7209 ടെസ്റ്റുകള്‍ മാത്രമാണ് നടന്നത്. 

എപ്പോഴാണ് തങ്ങള്‍ക്ക് പരിശോധന ലഭിക്കുകയെന്ന് ചോദിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണമേറുന്നതായി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും വ്യക്തമാക്കി. ആവശ്യത്തിന് ടെസ്റ്റിംഗ് ഉപകരണങ്ങള്‍ ഇല്ലാത്തതാണ് വിനയായതെന്നാണ് സര്‍ക്കാര്‍ പ്രതികരിക്കുന്നത്. യുകെയില്‍ ഇതുവരെ മൂന്ന് ഡോക്ടര്‍മാരാണ് കൊറോണ ബാധിച്ച് മരിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.