Breaking Now

ഡോക്ടര്‍മാര്‍ രക്തസാക്ഷികളല്ല; ബ്രിട്ടീഷ് സര്‍ക്കാരിനെ വെല്ലുവിളിച്ച് നിശബ്ദ പ്രതിഷേധവുമായി 8 മാസം ഗര്‍ഭിണിയായ ഇന്ത്യന്‍ ഡോക്ടര്‍; നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും വേണ്ടത് കൈയടിയല്ല, മര്യാദയ്ക്കുള്ള പിപിഇ; 237 സഹജീവനക്കാരുടെ സ്മരണയ്ക്ക് മുന്നില്‍ മുട്ടികുത്തിയത് ബോറിസ് കൈയടിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍

'ക്ലാപ് ഫോര്‍ കെയറേഴ്‌സ്' നടക്കുന്നതിന് ഇടയിലാണ് ഡോ. മീണാള്‍ വിസിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ പ്രതിഷേധം നയിച്ചത്

കൊറോണാവൈറസിനെതിരായ പോരാട്ടത്തില്‍ മുന്നിലുള്ള ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും ആവശ്യത്തിന് സുരക്ഷ നല്‍കാതെ ആത്മഹത്യാ മുനമ്പിലേക്ക് തള്ളിവിടുകയാണെന്ന ആരോപണം ശക്തമാണ്. കൃത്യമായി പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ് (പിപിഇ) ലഭ്യമാക്കാത്തത് സര്‍ക്കാരിന്റെ വമ്പന്‍ പരാജയമായി മാറുകയും ചെയ്തു. എന്നാല്‍ ഇതുവരെ വിഷയത്തില്‍ സജീവമായി സര്‍ക്കാര്‍ ഇടപെട്ടില്ലെന്ന് മാത്രമല്ല ഇക്കാര്യത്തില്‍ വെള്ളം ചേര്‍ക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇതിനെതിരെയാണ് 8 മാസം ഗര്‍ഭിണിയായ, ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ പ്രതിഷേധവുമായി പ്രധാനമന്ത്രി ബോറിസിന്റെ വീട്ടുപടിക്കല്‍ എത്തിയത്. 

പിപിഎ ലഭ്യമാക്കാത്ത യുകെ സര്‍ക്കാരിന് എതിരെ നിയമപോരാട്ടം നടത്താന്‍ 53000 പൗണ്ട് ക്രൗഡ്ഫണ്ട് സ്വരൂപിച്ച ഡോ. മീണാല്‍ വിസാണ് ഡൗണിംഗ് സ്ട്രീറ്റില്‍ ഈ വിഷയം ഉയര്‍ത്തി നിശബ്ദ പ്രതിഷേധം നയിച്ചത്. 'ക്ലാപ് ഫോര്‍ കെയറേഴ്‌സ്' എന്ന പ്രതിവാര പരിപാടി നടക്കുന്നതിന് ഇടയിലാണ് ഡോ. മീണാള്‍ വിസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മെഡിക്കല്‍ പ്രൊഫഷണലുകള്‍ സ്‌ക്രബും, മാസ്‌കും അണിഞ്ഞ് പ്രതിഷേധം നയിച്ചത്. യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഓഫീസിന് മുന്നില്‍ സായുധ പോലീസിനെ സാക്ഷിയാക്കിയായിരുന്നു 'ഡോക്ടര്‍മാര്‍ രക്തസാക്ഷികളല്ല' എന്ന പ്രതിഷേധം നടന്നത്. 

നം.10 ഡൗണിംഗ് സ്ട്രീറ്റ് വാതില്‍ തുറന്ന് ബോറിസും എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, കെയറര്‍മാര്‍ക്കും കൈയടിക്കാനായി പുറത്തിറങ്ങി. 'എല്ലാ എന്‍എച്ച്എസ്, കെയര്‍ ജീവനക്കാരുടെയും നിസ്വാര്‍ത്ഥ സേവനത്തിന് നന്ദി' എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഇവിടെ നിന്നും ഏതാനും ചുവട് അകലെയാണ് ഡോ. വിസിന്റെ പ്രതിഷേധം നടന്നത്. 'ക്ലാപ്പ് ഫോര്‍ കെയറേഴ്‌സിന് നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് ഒരു ഡോക്ടറെന്ന നിലയില്‍ പ്രശംസിക്കാം. എന്നാല്‍ കൈയടിക്ക് പകരം മഹാമാരിക്ക് ഇടയില്‍ നഷ്ടമായ 237 സഹജീവനക്കാരുടെ സ്മരണയ്ക്ക് മുന്നില്‍ നിശബ്ദത ആചരിക്കുകയാണ്. സര്‍ക്കാര്‍ ഒരുപാട്‌ സംസാരിക്കുന്നുണ്ട്. ഇത് കീറിമുറിക്കാന്‍ ഈ നിശബ്ദത ധാരാളം', ഡോ. വിസ് വ്യക്തമാക്കി. 

സര്‍ജിക്കല്‍ ഗൗണുകള്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ കവചങ്ങളായ പിപിഇ ഉപയോഗിക്കുന്നതില്‍ വെള്ളം ചേര്‍ത്തത് അപകടകരമാണെന്നാണ് വിസും, ഡോക്ടര്‍ കൂടിയായ ഭര്‍ത്താവ് നിഷാന്ത് ജോഷിയും കരുതുന്നത്. സര്‍ക്കാരിന്റെ അപകടകരമായ ഗൈഡന്‍സിനെ ചോദ്യം ചെയ്ത് ലണ്ടന്‍ ഹൈക്കോര്‍ട്ടില്‍ ഒരു ജുഡീഷ്യല്‍ റിവ്യൂവിന് ഒരുങ്ങുകയാണ് ഈ ദമ്പതികള്‍. ഹെല്‍ത്ത് കെയര്‍, സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സ് പിപിഇ ഉപയോഗം കുറയ്ക്കാനും, ചില പിപിഇ പുനരുപയോഗിക്കാനും പ്രേരിപ്പിക്കുന്നതാണ് സര്‍ക്കാര്‍ ഗൈഡന്‍സ്. ഇത് ലോകാരോഗ്യ സംഘടന നിബന്ധനകള്‍ ലംഘിക്കുന്നതാണ്. 

പിപിഇയുടെ ലഭ്യതക്കുറവ് നേരിടുമ്പോഴും സര്‍ക്കാര്‍ മാനിക്കേണ്ട അടിസ്ഥാന സുരക്ഷാ ഘടകങ്ങളുണ്ടെന്ന് ഇവരെ പ്രതിനിധീകരിക്കുന്ന ബാരിസ്റ്റര്‍ എസ്റ്റെല്ലെ ഡെഹോണ്‍ പറഞ്ഞു. പിപിഇ വിഷയത്തില്‍ പുരോഗതിയുണ്ടെന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോകിന്റെ പ്രതികരണം. ഡോക്ടര്‍ ദമ്പതികളുടെ നിയമപോരാട്ടം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ വന്നിട്ടില്ല. എന്നുമാത്രമല്ല ഇത്തരം കേസ് കോടതിയില്‍ എത്തിയാല്‍ ആവശ്യത്തിന് സുരക്ഷയില്ലാതെ എന്‍എച്ച്എസ് ജീവനക്കാരെ മരണത്തിലേക്ക് തള്ളിവിട്ടെന്ന കേസ് കൂടി നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. 
കൂടുതല്‍വാര്‍ത്തകള്‍.