CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 55 Minutes 21 Seconds Ago
Breaking Now

ജൂണ്‍ 15 മുതല്‍ മാസ്‌ക് നിര്‍ബന്ധം; ലംഘിച്ചാല്‍ 80 പൗണ്ട് പിഴ; ട്രെയിന്‍, ബസ്, ട്യൂബ് യാത്രകള്‍ക്ക് മുഖം മറച്ചേ മതിയാകൂ; പരിമിതമായ സുരക്ഷ രോഗം പടരുന്നതിന്റെ വേഗത കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ സര്‍ക്കാര്‍; പരമാവധി ഡ്രൈവും, നടപ്പും, സൈക്കിളും മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി

ലണ്ടനില്‍ കൊറോണാവൈറസ് ബാധിച്ച് മരിച്ച ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരുടെ എണ്ണം 40-ഓളമാണ്

ട്രെയിന്‍, ബസ്, ട്യൂബ് യാത്രകളില്‍ മാസ്‌കുകള്‍ ഉപയോഗിച്ച് മുഖം മറക്കുന്നത് നിര്‍ബന്ധമാക്കി പുതിയ നിയമം. കൊറോണാവൈറസിന്റെ വ്യാപനത്തെ ഒരുപരിധി വരെ തടഞ്ഞുനിര്‍ത്താന്‍ മാസ്‌ക് ഉപയോഗം കൊണ്ട് സാധിക്കുമെന്നാണ് പദ്ധതി പ്രഖ്യാപിക്കവെ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് വ്യക്തമാക്കി. ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമപ്രകാരം എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും മുഖം മറച്ചിരിക്കണം. 

കൂടുതല്‍ ആളുകള്‍ ജോലിയിലേക്ക് മടങ്ങിയെത്തുകയും, സ്‌കൂളുകളും, ഷോപ്പുകളും തുറക്കുകയും ചെയ്യുന്നതോടെ യാത്രാ ശൃംഖല നേരിടുന്ന വെല്ലുവിളികളും ഉയരുകയാണെന്ന് ഷാപ്‌സ് പ്രതികരിച്ചു. 'മറ്റ് രാജ്യങ്ങള്‍ അവരുടെ ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട കാര്യങ്ങളാണ് നമ്മളും ചെയ്യുന്നത്. മുഖാവരണങ്ങള്‍ ധരിക്കുന്നത് പരിമിതമായ അളവിലെങ്കിലും സുരക്ഷ നല്‍കും', ഷാപ്‌സ് പറഞ്ഞു. പുതിയ നിയമം നിര്‍ബന്ധിതമായതിനാല്‍ തെറ്റിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കും. 'മുഖം മറക്കുന്നത് മറ്റുള്ളവരെ സംരക്ഷിക്കും, ശരിയായ കാര്യം ചെയ്യാന്‍ എന്തിന് മടിക്കണം. കൊറോണയില്‍ നിന്ന് രക്ഷപ്പെടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്', നിയമം എല്ലാവരും പാലിക്കുമെന്ന പ്രതീക്ഷയില്‍ ഷാപ്‌സ് കൂട്ടിച്ചേര്‍ത്തു. 

പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ആവര്‍ത്തിക്കുമ്പോഴും പരമാവധി സ്വയം ഡ്രൈവ് ചെയ്യാനും, നടക്കാനും, സൈക്കിള്‍ ഉയോഗിക്കാനുമാണ് അദ്ദേഹം ഉപദേശിക്കുന്നത്. നിലപാടുകളെ യൂണിയനുകള്‍ സ്വാഗതം ചെയ്തു. ലണ്ടനില്‍ കൊറോണാവൈറസ് ബാധിച്ച് മരിച്ച ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരുടെ എണ്ണം 40-ഓളമാണ്. അതേസമയം മാസ്‌ക് നിര്‍ബന്ധമാക്കല്‍ പരിപാടി സ്‌കോട്ട്‌ലണ്ടിലും നടപ്പാക്കുന്നത് പരിഗണിക്കുകയാണെന്ന് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ വ്യക്തമാക്കി. 

മാസ്‌ക് ധരിക്കുന്നതിന്റെ ഗുണം എത്രത്തോളമാണെന്ന വിഷയത്തില്‍ വിദഗ്ധര്‍ക്കിടയിലും ഭിന്നതയുണ്ട്. എന്നിരുന്നാലും ആളുകള്‍ രോഗം പരത്തുന്നത് തടയാന്‍ ഇതുവഴി സാധിക്കുമെന്ന് സേജ് ഉറപ്പിച്ചതോടെയാണ് ഇത് ബ്രിട്ടനില്‍ നിയമമായി മാറുന്നത്. 176 പേര്‍ കൂടി യുകെയില്‍ കൊറോണ ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 39,904 എത്തി. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങള്‍ കാണിച്ച ബിസിനസ്സ് സെക്രട്ടറി അലോക് ശര്‍മ്മയുടെ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായി വന്നതും ആശ്വാസമായി. 




കൂടുതല്‍വാര്‍ത്തകള്‍.