CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 16 Seconds Ago
Breaking Now

89 പേര്‍ കൂടി മരിച്ചതോടെ യുകെ മരണസംഖ്യ 43,995; നാളെ സൂപ്പര്‍ ശനിയാഴ്ച; റെസ്റ്റൊറന്റില്‍ ഓര്‍ഡറും, പേയ്‌മെന്റും ക്യാഷ് രഹിതം; പേരുവിവരം എഴുതിനല്‍കണം; മുടിവെട്ടണമെങ്കില്‍ കാത്തുകെട്ടി കിടക്കണം; ചര്‍ച്ച് തുറക്കും, 2 മീറ്റര്‍ നിയമം പാലിച്ച് എത്ര വിശ്വാസികള്‍ ഒത്തുചേരും?

ഹെയര്‍ഡ്രെസര്‍മാരും, ബാര്‍ബര്‍മാരും ഷട്ടര്‍ തുറക്കുന്നതോടെ തലയില്‍ കുമിഞ്ഞ് കൂടിയ ഭാരം വെട്ടിയിറക്കാന്‍ അവസരം കിട്ടും

കൊറോണാവൈറസിന് 89 പേര്‍ കൂടി ഇരകളായതോടെ രാജ്യത്തെ ഔദ്യോഗിക മരണസംഖ്യ 43,951-ലേക്ക് ഉയര്‍ന്നു. ബുധനാഴ്ച 176 പേരുടെ മരണം സ്ഥിരീകരിച്ച ഇടത്ത് നിന്നാണ് മരണനിരക്ക് കുത്തനെ കുറഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറില്‍ 576 പേര്‍ കൂടി പോസിറ്റീവായി സ്ഥിരീകരിച്ചു. നാളെ 'സൂപ്പര്‍ സാറ്റര്‍ഡേയായി' വിശേഷിപ്പിക്കുന്ന ദിനത്തില്‍ കൂടുതല്‍ ഇളവുകള്‍ ബ്രിട്ടീഷ് ജനതയ്ക്ക് അനുവദിക്കപ്പെടുമ്പോള്‍ ആളുകള്‍ സ്വാതന്ത്ര്യം അമിതമായി വിനിയോഗിച്ച് കൂടുതല്‍ ഇന്‍ഫെക്ഷന്‍ പടര്‍ത്തുമെന്ന ആശങ്ക ശക്തമാണ്. ബാറുകളും, റെസ്റ്റൊറന്റുകളും ഉള്‍പ്പെടെ ഹോസ്പിറ്റാലിറ്റി മേഖലയുടെ വിവിധ ഭാഗങ്ങളാണ് നിബന്ധനകളോടെ വാതില്‍ തുറന്നിടുക. 

സിനിമയും, കുടുംബത്തോടൊപ്പം ഭക്ഷണം ആസ്വദിക്കാനും പുറത്തിറങ്ങുമ്പോള്‍ സാമൂഹിക അകലവും, മാസ്‌കും നിര്‍ബന്ധമായി പാലിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. റെസ്റ്റൊറന്റ്, കഫെ, ബാര്‍, പബ്ബ് എന്നിവിടങ്ങളില്‍ അകത്തും പുറത്തും ഇരിക്കാനുള്ള സൗകര്യം ഉണ്ടാകും, സാമൂഹിക അകലം പാലിച്ചാകും ക്രമീകരണം. പ്രമുഖ കേന്ദ്രങ്ങളില്‍ റിസര്‍വ്വേഷന്‍ ഇപ്പോള്‍ തന്നെ വേഗത്തില്‍ തീരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ തിരക്ക് കൂടുന്നതോടെ ഈ ക്രമീകരണങ്ങള്‍ പാളുമെന്ന ആശങ്കയുണ്ട്. ഓര്‍ഡര്‍ നല്‍കുന്നത് മുതല്‍ പണം നല്‍കുന്നത് വരെ ക്യാഷ് രഹിതമാകും, കൂടാതെ 21 ദിവസത്തേക്ക് ട്രേസ് ചെയ്യാനായി കോണ്ടാക്ട് വിവരങ്ങളും നല്‍കേണ്ടി വരും. 

ഹെയര്‍ഡ്രെസര്‍മാരും, ബാര്‍ബര്‍മാരും ഷട്ടര്‍ തുറക്കുന്നതോടെ തലയില്‍ കുമിഞ്ഞ് കൂടിയ ഭാരം വെട്ടിയിറക്കാന്‍ അവസരം കിട്ടും. എന്നിരുന്നാലും മറ്റ് സൗന്ദര്യവര്‍ദ്ധക സേവനങ്ങള്‍ ലഭ്യമാകില്ല. വൈസറുകളും, മാസ്‌കുകളും ധരിച്ചായിരിക്കും പ്രവര്‍ത്തനം. നേരംപോക്ക് സംഭാഷണങ്ങളും ഒഴിവാക്കാനാണ് നിര്‍ദ്ദേശം. കാര്‍ഡ് വഴിയാണ് പേയ്‌മെന്റ് സ്വീകരിക്കുക. ഓരോ കസ്റ്റമറുടെയും ചടങ്ങ് പൂര്‍ത്തിയായാല്‍ വൃത്തിയാക്കാന്‍ ഏറെ സമയം വേണ്ടിവരുമെന്നതിനാല്‍ ഇവിടെയും ക്യൂ നീളും. തുറസ്സായ സ്ഥലങ്ങളിലെ ജിമ്മുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചതോടെ ഇവിടെ വ്യായാമത്തിന് അവസരം ലഭിക്കും. 

പ്രധാന തീം പാര്‍ക്കുകളും, അഡ്വഞ്ചര്‍ പാര്‍ക്കും, മോഡല്‍ വില്ലേജുകളും നാളെ തുറക്കുന്നുണ്ട്. മൃഗശാല, സഫാരി പാര്‍ക്ക്, അക്വേറിയം എന്നിവയും പ്രവര്‍ത്തനം പുനരാരംഭിക്കും. സാമൂഹിക അകലം പാലിക്കണമെന്നതിനാല്‍ ചുരുങ്ങിയ തോതിലാകും പ്രവേശനം. വിവാഹങ്ങള്‍ക്ക് പരമാവധി 30 പേര്‍ മാത്രമാണ് പങ്കെടുക്കാന്‍ കഴിയുക. ചര്‍ച്ചും, മോസ്‌ക്കും, മറ്റ് ആരാധനാലയങ്ങളും നാളെ തുറക്കും. എന്നാല്‍ ഷെഡ്യൂള്‍ ചെയ്ത സര്‍വ്വീസുകള്‍ മാത്രമാണ് നടത്തുക. ചര്‍ച്ചില്‍ സന്ദര്‍ശകര്‍ക്ക് അനാവശ്യമായി കറങ്ങാന്‍ കഴിയില്ല. വിശ്വാസികളുടെ എണ്ണത്തില്‍ പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും രണ്ട് മീറ്റര്‍ നിയമം ബാധകമാകയാല്‍ എല്ലാവര്‍ക്കും ഒരേ സമയം ആരാധനയ്ക്ക് അവസരം കിട്ടില്ല. 

ചര്‍ച്ചില്‍ പ്രവേശിക്കുന്നവര്‍ കയറുന്നതിന് മുന്‍പും, തിരികെ മടങ്ങുമ്പോഴും കൈകള്‍ കഴുകണം. കൂടാതെ കോണ്ടാക്ട് വിവരങ്ങള്‍ നല്‍കണം. പാട്ടുപാടലും, മന്ത്രം ഓതലും ഉള്‍പ്പെടെയുള്ളവയ്ക്ക് വിലക്കുണ്ട്. ഇന്‍സ്ട്രുമെന്റുകള്‍ മാത്രം ഉപയോഗിക്കാം. സ്വാതന്ത്ര്യം അനുവദിച്ച് കിട്ടുമ്പോള്‍ ഉത്തരവാദിത്വം കാണിക്കാനാണ് പോലീസ് ചീഫുമാരും, ഹോസ്പിറ്റാലിറ്റി നേതാക്കളും ഓര്‍മ്മിപ്പിക്കുന്നത്. സുരക്ഷിതമായ രീതിയില്‍ മുന്നോട്ട് പോയില്ലെങ്കില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞ 'ഹാന്‍ഡ് ബ്രേക്ക്' ഏത് നിമിഷവും സംഭവിക്കാം. 




കൂടുതല്‍വാര്‍ത്തകള്‍.