CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 49 Minutes 58 Seconds Ago
Breaking Now

104 ദിവസത്തിന് ശേഷം പബ്ബ് തുറന്നപ്പോള്‍ കച്ചവടം പൊടിപൊടിച്ചു; ബ്രിട്ടീഷുകാര്‍ കുടിച്ചത് 15 മില്ല്യണ്‍ പിന്റ്; പലയിടത്തും ഒരു മീറ്റര്‍ അകലം ജലരേഖയായി; നിയന്ത്രണം വിട്ട ബാറുകള്‍ അടച്ചു; 67 പുതിയ കൊറോണ മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചത് ബ്രിട്ടന്‍

വിവാഹ ചടങ്ങുകള്‍ പുനരാരംഭിച്ചെങ്കിലും പരമാവധി 30 അതിഥികള്‍ക്ക് മാത്രമാണ് പ്രവേശനം

മൂന്ന് മാസത്തെ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ക്ക് ശേഷം പബ്ബുകള്‍ വാതില്‍ തുറന്നിട്ടപ്പോള്‍ ആഘോഷിച്ച് ബ്രിട്ടന്‍. 104 ദിവസത്തിന് ശേഷം പബ്ബുകളും, ബാറുകളും തുറന്നപ്പോള്‍ പലയിടത്തും സാമൂഹിക അകലവും, മാസ്‌കുമെല്ലാം കാറ്റില്‍പ്പറന്നു. 15 മില്ല്യണ്‍ പിന്റുകളാണ് ബ്രിട്ടന്‍ ഒറ്റരാത്രി കൊണ്ട് കമഴ്ത്തിയതെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഭൂരിഭാഗം മേഖലയിലും സമാധാനപരമായിരുന്നു കാര്യങ്ങളെങ്കിലും ലണ്ടനിലെ സോഹോ ഡിസ്ട്രിക്ട്, നോട്ടിംഗ്ഹാംഷയര്‍, ലെസ്റ്റര്‍ഷയര്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം കൈവിട്ടതോടെ ബാറുകള്‍ അടച്ചിടുന്ന സ്ഥിതി നേരിട്ടു. 

രണ്ടാംഘട്ട വൈറസ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ബോറിസ് ജോണ്‍സണ്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. കൂടാതെ ലണ്ടന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ആര്‍ റേറ്റ് അപകടകരമായ ഒന്നിന് മുകളിലേക്ക് പോകുകയും ചെയ്തിട്ടുണ്ട്. ലെസ്റ്റര്‍ നഗരം കേസുകളുടെ എണ്ണമേറിയതോടെ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണിലേക്ക് നീങ്ങിയിരുന്നു. 67 പേര്‍ കൂടി കൊറോണാവൈറസ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം ശനിയാഴ്ചയിലെ ഏറ്റവും കുറഞ്ഞ മരണസംഖ്യയാണ് ഇത്. യുകെയിലെ ആകെ മരണസംഖ്യ 44,198 എത്തി. 624 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

മാര്‍ച്ച് അവസാനത്തില്‍ വിലക്കുകള്‍ പ്രഖ്യാപിച്ച ശേഷം ആദ്യമായി ബാറിലേക്ക് മടങ്ങിയെത്തിയതിന് പുറമെ ഹെയര്‍കട്ടും, വിവാഹ ചടങ്ങുകളും ആരംഭിച്ചിട്ടുണ്ട്. പലയിടത്തും അമിതമായി മദ്യപിച്ച് ലക്കുകെട്ട് വഴിയില്‍ വീണവരെ സഹായിക്കാന്‍ പാരാമെഡിക്കുകള്‍ പാടുപെടുന്ന കാഴ്ച ദൃശ്യമായി. എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ മദ്യപിച്ചെത്തിയ രോഗികള്‍ക്കായി ആശുപത്രികള്‍ക്ക് പുറത്ത് ടെന്റുകള്‍ തയ്യാറാക്കി. ഡിവോണ്‍ & കോണ്‍വാള്‍ പോലീസിന് ലഭിച്ച ആയിരത്തിലേറെ റിപ്പോര്‍ട്ടുകള്‍ മദ്യപാനവുമായി ബന്ധപ്പെട്ടതായിരുന്നു. 

വിവാഹ ചടങ്ങുകള്‍ പുനരാരംഭിച്ചെങ്കിലും പരമാവധി 30 അതിഥികള്‍ക്ക് മാത്രമാണ് പ്രവേശനം. ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച് നഷ്ടമാകാന്‍ സാധ്യതയുള്ള തൊഴിലുകള്‍ സംരക്ഷിച്ച് നിര്‍ത്തുകയാണ് സര്‍ക്കാരിന് മുന്നിലുള്ള ദൗത്യം. എന്നാല്‍ രണ്ടാംഘട്ട വൈറസ് വ്യാപനം സംഭവിച്ചാല്‍ ഈ ശ്രമങ്ങള്‍ അസ്ഥാനത്താകും. 




കൂടുതല്‍വാര്‍ത്തകള്‍.