CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 58 Minutes 43 Seconds Ago
Breaking Now

പട്ടണങ്ങളുടെ 'ഹിറ്റ് ലിസ്റ്റ്' തയ്യാര്‍; കൊറോണ പോരാട്ടത്തിന് സൈന്യം ഇറങ്ങും; കെന്റിലെ രണ്ട് പട്ടണങ്ങള്‍ ടോപ്പ് 20-യില്‍; ബാക്കിയുള്ളവ നോര്‍ത്തിലും, മിഡ്‌ലാന്‍ഡ്‌സിലും; ലോക്കല്‍ ലോക്ക്ഡൗണ്‍ ഏത് നിമിഷവും സംഭവിക്കാമെന്ന് സര്‍ക്കാരിന്റെ ചോര്‍ന്ന രേഖ; കാരണക്കാര്‍ ഏഷ്യന്‍ വംശജരോ?

ശനിയാഴ്ച 148 പേരാണ് കൊവിഡ്-19 ബാധിച്ച് മരിച്ചത്

യുകെയില്‍ കൊറോണാവൈറസ് ചില മേഖലകളില്‍ നിയന്ത്രണാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്തേണ്ട നഗരങ്ങളുടെയും, പട്ടണങ്ങളുടെയും പട്ടിക തയ്യാറാക്കി സര്‍ക്കാര്‍. സര്‍ക്കാരിന്റെ രേഖകള്‍ ചോര്‍ന്നതോടെയാണ് 20 ഇടങ്ങള്‍ ലോക്കല്‍ ലോക്ക്ഡൗണ്‍ ഭീഷണി നേരിടുന്നതായി വ്യക്തമായത്. കെന്റിലെ ഫോക്ക്‌സ്‌റ്റോണും, ആഷ്‌ഫോര്‍ഡും ഉള്‍പ്പെടെ 20 മേഖലകളാണ് യുകെ സര്‍ക്കാരിന് ആശങ്കയായി നിലനില്‍ക്കുന്നത്. കിര്‍ക്ലീസ്, ബ്രാഡ്‌ഫോര്‍ഡ്, ഷെഫീല്‍ഡ് എന്നീ കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ പിന്തുണ ആവശ്യമുള്ളതായും ഗാര്‍ഡിയനും, ഒബ്‌സേര്‍വറും പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. 

ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തോത് പരിശോധിച്ച് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് തയ്യാറാക്കിയതാണ് പട്ടികയെന്നാണ് കരുതുന്നത്. ഇതില്‍ ജാഗ്രത അനിവാര്യമായ ടോപ്പ് 20 ഹിറ്റ് ലിസ്റ്റ് കൗണ്‍സിലുകള്‍ തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി ലോക്കല്‍ ലോക്ക്ഡൗണ്‍ നേരിട്ട ലെസ്റ്ററിന്റെ അനുഭവം ഒഴിവാക്കാന്‍ സഹായം ആവശ്യമായ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് 20 ലോക്കല്‍ അതോറിറ്റി മേഖലകളുടെ പട്ടിക തയ്യാറാക്കിയത്. ഇതില്‍ ആഷ്‌ഫോര്‍ഡും, ഫോക്ക്‌സ്‌റ്റോണും കെന്റിലാണ്. മറ്റുള്ളവര്‍ നോര്‍ത്തിലും, മിഡ്‌ലാന്‍ഡ്‌സിലുമാണ് സ്ഥിതി ചെയ്യുന്നത്. 

ഭൂരിഭാഗം മേഖലകളിലും സൗത്ത് ഏഷ്യന്‍ ജനസമൂഹം അധികമായി വസിക്കുന്ന ഇടങ്ങളാണ്. കൂടാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ചുറ്റുപാടുകളുമാണ്. ഉയര്‍ന്ന വംശീയ ന്യൂനപക്ഷ ജനസംഖ്യയും, ദാരിദ്ര്യവും വൈറസ് പടരാനുള്ള പ്രധാന കാരണങ്ങളായി ഔദ്യോഗികമായി കരുതപ്പെടുന്നവയാണ്. വിവിധ തലമുറകള്‍ ഒരുമിച്ച് വസിക്കുന്ന വലിയ കുടുംബങ്ങളില്‍ വൈറസ് പടരുന്നത് തടയുക എളുപ്പമുള്ള കാര്യമല്ലെന്ന് പബ്ലിക് ഹെല്‍ത്ത് വിദഗ്ധര്‍ പറയുന്നു. ഇതോടെ ഒരാള്‍ക്ക് വൈറസ് കിട്ടിയാല്‍ കൂടുതല്‍ പേരിലേക്ക് അതിവേഗം പടരും. കൂടാതെ കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്നവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലികളാണ് ചെയ്യുന്നത്. ഫാക്ടറികള്‍ പോലുള്ളവ ഇതിന് ആക്കം കൂട്ടും. 

കിര്‍ക്ലീസില്‍ ജൂണ്‍ മാസത്തില്‍ ഒരു മാംസ ഫാക്ടറിയില്‍ 164 പേരാണ് പോസിറ്റീവായത്. കിര്‍ക്ലീസിന് സമീപമുള്ള ബാറ്റ്‌ലിയില്‍ ഒരു ബെഡ് ഫാക്ടറിയിലും എട്ട് ജോലിക്കാര്‍ക്ക് വൈറസുള്ളതായി കണ്ടെത്തിയപ്പോള്‍ അടച്ചിരുന്നു. ടൗണുകളില്‍ പ്രദേശവാസികള്‍ക്ക് എളുപ്പത്തില്‍ സ്വാബ് ടെസ്റ്റ് ലഭ്യമാക്കാന്‍ സൈന്യത്തിന്റെ മൊബൈല്‍ ടെസ്റ്റിംഗ് സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ജൂണ്‍ 21 മുതല്‍ ജൂലൈ 4 വരെയുള്ള കണക്കുകള്‍ പ്രകാരമാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 

അതേസമയം ശനിയാഴ്ച 148 പേരാണ് കൊവിഡ്-19 ബാധിച്ച് മരിച്ചത്. ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കി മൂന്നാഴ്ച കഴിയുമ്പോള്‍ മരണസംഖ്യ വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നുവെന്ന ആശങ്കയും ശക്തമാണ്. കഴിഞ്ഞ ശനിയാഴ്ചത്തേക്കാള്‍ ഇരട്ടിയിലേറെയാണ് മരണം. 




കൂടുതല്‍വാര്‍ത്തകള്‍.