2002 ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും ശ്രീലങ്കന്‍ താരം റസ്സല്‍ അര്‍നോള്‍ഡും തമ്മില്‍ കൊമ്പുകോര്‍ത്ത സംഭവം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്പയര്‍ ഇടപെടുന്നതിന് മുമ്പ് ഇരുവരും തമ്മില്‍ വാക്‌പോരുണ്ടായത് രംഗം വഷളാക്കി. എന്നാല്‍ പിന്നീട് ഗാംഗുലി ശ്രീലങ്കന്‍ ടീമിന്റെ ഡ്രസിംഗ് റൂമില്‍ വന്ന ഇത് പ്രശ്‌നമാക്കരുതെന്ന് അഭ്യര്‍ഥിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കുമാര്‍ സംഗക്കാര.
'അന്ന് ഫൈനലില്‍ റസ്സല്‍ അര്‍നോള്‍ഡും ദാദയും കോര്‍ത്ത സംഭവം എനിക്ക് ഓര്‍മയുണ്ട്. അന്ന് മോശം പെരുമാറ്റത്തിന് അമ്പയര്‍മാര്‍ ഗാംഗുലിക്ക് മുന്നറിയിപ്പും നല്‍കിയിരുന്നുവെന്നാണ് എന്റെ ഓര്‍മ. അന്ന് മത്സരത്തിനു ശേഷം ദാദ ഞങ്ങളുടെ ഡ്രസിംഗ് റൂമില്‍ വന്ന് എല്ലാവരുമായി സംസാരിച്ചു. ഈ സംഭവം ഇനിയും പ്രശ്‌നമായാല്‍ തനിക്ക് സസ്‌പെന്‍ഷന്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.എന്നാല്‍, ഇത് അത്ര വലിയ കാര്യമാക്കുന്നില്ല എന്നു പറഞ്ഞ് ഞങ്ങള്‍ ദാദയെ ആശ്വസിപ്പിച്ചു.'
'വര്‍ഷങ്ങളായുള്ള പരിചയംമൂലം എനിക്ക് അദ്ദേഹവുമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹത്തെ ദാദ എന്നു വിളിക്കുന്നത് എനിക്ക് ഇഷ്ടമുള്ള ഒരു കാര്യമാണ്. ഗ്രൗണ്ടില്‍ എത്ര മത്സരബുദ്ധിയോടെ പെരുമാറിയാലും ഗ്രൗണ്ടിന് പുറത്ത് അദ്ദേഹം ആരേയും ആകര്‍ഷിക്കുന്ന വ്യക്തിയായിരുന്നു.'സംഗക്കാര പറഞ്ഞു
അന്നത്തെ ഇന്ത്യശ്രീലങ്ക ഫൈനല്‍ മഴമൂലം തടസ്സപ്പെട്ടിരുന്നു. റിസര്‍വ് ദിനത്തിലും മഴ പെയ്തതോടെ ഐ.സി.സി ഇരുടീമുകളേയും വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.