CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 29 Minutes 58 Seconds Ago
Breaking Now

പറഞ്ഞാല്‍ കേള്‍ക്കാത്തവര്‍ക്ക് ലോക്ക്ഡൗണ്‍ പണി; ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, ലങ്കാഷയര്‍, യോര്‍ക്ക്ഷയര്‍ മേഖലകളില്‍ ഇന്‍ഡോര്‍ മീറ്റിംഗിന് വിലക്ക്; സാമൂഹിക അകലം പാലിക്കാതെ, നിയമം തെറ്റിച്ച് ആളുകള്‍ കൊറോണ കേസുകള്‍ വര്‍ദ്ധിപ്പിക്കുന്നതായി മാറ്റ് ഹാന്‍കോക്

രാത്രി 10 മണിക്ക് സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപനം നടത്തിയതിനെ ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ വിമര്‍ശിച്ചു

ഈദ് ആഘോഷങ്ങളിലേക്ക് കടക്കുന്നതിന് തൊട്ടുമുന്‍പ് 4.5 മില്ല്യണ്‍ ജനങ്ങളെ ലോക്ക്ഡൗണിലേക്ക് തള്ളിവിട്ട് സര്‍ക്കാരിന്റെ പ്രഖ്യാപനം. നോര്‍ത്ത് ഇംഗ്ലണ്ട് മേഖലയില്‍ പുതിയ കൊറോണാവൈറസ് കേസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ആളുകള്‍ നിയമലംഘനം പതിവാക്കിയതോടെയാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പ്രഖ്യാപനം നടത്തിയത്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, വെസ്റ്റ് യോര്‍ക്ക്ഷയര്‍, ലങ്കാഷയര്‍ മേഖലകളിലെ ഒന്‍പത് പ്രദേശങ്ങളിലാണ് വ്യത്യസ്ത കുടുംബങ്ങളിലെ ആളുകള്‍ വീടിനകത്ത് ഒത്തുകൂടുന്നതിനും, പബ്ബിലും, റെസ്റ്റൊറന്റിലും പോകുന്നതിനും വിലക്ക് പ്രഖ്യാപിച്ചത്. 

മാഞ്ചസ്റ്റര്‍, ബ്രാഡ്‌ഫോര്‍ഡ് ഉള്‍പ്പെടെയുള്ള നഗരങ്ങളാണ് ലോക്ക്ഡൗണില്‍ കുരുങ്ങിയത്. ബ്ലാക്ക്‌ബേണ്‍ വിത്ത് ഡാര്‍വെന്‍, ബേണ്‍ലി, ഹിന്‍ഡ്‌ബേണ്‍, പെന്‍ഡില്‍, റോസെന്‍ഡെയില്‍, കാള്‍ഡര്‍ഡെയില്‍, കിര്‍ക്ലീസ് എന്നിവിടങ്ങളിലും വിലക്ക് നിലവില്‍ വന്നു. ലെസ്റ്ററില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ വിലക്ക് പ്രഖ്യാപനം കൂടിയാണിത്. ഒരു മാസത്തിന് ശേഷം ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ യുകെയില്‍ വൈറസ് വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നതായ ആശങ്കകള്‍ക്കിടെയാണ് ലോക്ക്ഡൗണ്‍. 

നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ ചില ഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ആളുകളെ സുരക്ഷിതമാക്കാനാണ്, ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് വ്യക്തമാക്കി. കുടുംബങ്ങള്‍ ഒരുമിച്ച് കൂടുന്നതും, സാമൂഹിക അകലം പാലിക്കാനുള്ള നിയമങ്ങള്‍ തള്ളുന്നതുമാണ് കേസുകള്‍ വര്‍ദ്ധിക്കാനുള്ള ഒരു കാരണം. അതുകൊണ്ട് തന്നെയാണ് രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്‍ഡോറില്‍ കണ്ടുമുട്ടാന്‍ പാടില്ലെന്ന നിബന്ധന. വൈറസിന്റെ വ്യാപനം ഇതുവഴി തടയാം. യൂറോപ്പിന്റെ ചില ഭാഗങ്ങളില്‍ രണ്ടാം വ്യാപനം ദൃശ്യമാണ്, ഇതോടെ നടപടികള്‍ അനിവാര്യമായി, ഹാന്‍കോക് കൂട്ടിച്ചേര്‍ത്തു. 

അതേസമയം രാത്രി 10 മണിക്ക് സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപനം നടത്തിയതിനെ ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ വിമര്‍ശിച്ചു. ലക്ഷക്കണക്കിന് പേരെ ബാധിക്കുന്ന വിലക്ക് രാത്രിയില്‍ ട്വിറ്ററില്‍ അറിയിക്കുന്നത് പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിന്റെ ആശയവിനിമയത്തിലെ പുതിയ താഴ്ചയാണ്, ലേബര്‍ നേതാവ് കുറ്റപ്പെടുത്തി. വലിയ തോതില്‍ മുസ്ലീം ജനസംഖ്യ വസിക്കുന്ന മേഖലകളും വിലക്കുകളില്‍ ഉള്‍പ്പെടുന്നുണ്ട്. ഈദ് ആഘോഷങ്ങള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കുമ്പോഴാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.