അത്ഭുതങ്ങള്‍ ഇല്ലാതെ എന്ത് ജീവിതം. നമ്മുടെയെല്ലാം ജീവിതത്തില്‍ അത്തരമൊരു അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയാണ് ബാക്കിയുള്ളത്. നമുക്ക് ചുറ്റുമുള്ള അത്ഭുതം നിറഞ്ഞ കഥകള്‍ കേള്‍ക്കുന്നതും ഈ പ്രതീക്ഷയ്ക്ക് വളമേകും. ആമാശയം, കരള്‍, കുടല്‍ എന്നിവ ശരീരത്തിന് പുറത്ത് വളര്‍ന്ന നിലയില്‍ പിറന്ന്, വളര്‍ന്ന പെണ്‍കുഞ്ഞ് ഇത്തരമൊരു അത്ഭുതമാണ്.
കേംബ്രിഡ്ജില്‍ നിന്നുള്ള 30-കാരി കെല്ലിയുടെയും, 34-കാരന്‍ സിയാന്റെയും മകളാണ് ലോറല്‍ ഫിസാക്ലിയ. 12-ാം ആഴ്ചയിലെ സ്‌കാനിംഗ് കഴിഞ്ഞപ്പോള്‍ കുഞ്ഞിന്റെ വളര്‍ച്ചയില്‍ ചില പ്രശ്‌നങ്ങളുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. പ്രധാനമായി എക്‌സോംഫാലോം എന്ന അവസ്ഥയായിരുന്നു. ഇതുമൂലം ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ വയറിന്റെ ആവരണം പൂര്‍ണ്ണമായി രൂപപ്പെട്ടില്ല. ഇത് മൂലം കുഞ്ഞിനെ ഒഴിവാക്കാനായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം.
എന്നാല്‍ മകള്‍ക്ക് ഒരു അവസരം നല്‍കാനാണ് മാതാപിതാക്കള്‍ തീരുമാനിച്ചത്. രക്ഷിതാക്കളുടെ തീരുമാനം ശരിയായിരുന്നുവെന്ന് ലോറല്‍ രണ്ട് വയസ്സിനകം തെളിയിച്ചു. 2018 ജൂണ്‍ 6ന് കേംബ്രിഡ്ജ് ആഡെന്‍ബ്രൂക്‌സ് ഹോസ്പിറ്റലില്‍ പിറന്ന കുഞ്ഞ് പ്രവചനങ്ങളെ മറികടന്ന് ജീവന്‍ മുറുകെപിടിച്ച് മുന്നേറുകയാണ്. ഇത്തരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ തന്നെ അവയവങ്ങള്‍ ശരീരത്തില്‍ നിക്ഷേപിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ലോറലിന്റെ എക്‌സോംഫാലോസിന്റെ വലുപ്പം അസാധാരണമായി കൂടുതലായിരുന്നു. ഇതോടെ മൂന്ന് വയസ്സ് ആകാതെ അവയവങ്ങള്‍ നിക്ഷേപിക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഇപ്പോള്‍ വയറിന് പുറത്ത് ബാന്‍ഡേജിന്റെ പിന്തുണയോടെയാണ് മകളുടെ അവയവങ്ങള്‍ രക്ഷിതാക്കള്‍ കാത്തുസൂക്ഷിക്കുന്നത്. അവയവങ്ങള്‍ക്ക് പുറത്ത് ചര്‍മ്മം രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ മറ്റ് കുഞ്ഞുങ്ങളെ പോലെ അവള്‍ക്ക് ഭക്ഷണം കഴിക്കാനും, കുടിക്കാനും, ടോയ്‌ലറ്റില്‍ പോകാനുമെല്ലാം കഴിയുന്നുണ്ട്. എന്നാല്‍ രക്ഷിതാക്കള്‍ മകളുടെ മേല്‍ നിന്ന് കണ്ണെടുക്കാതെ പരിചരിക്കുകയാണ്. കുഞ്ഞ് ലോറലിന് പക്ഷെ ഇതൊന്നും ഒരു പ്രശ്‌നമല്ല. കുളിക്കാന്‍ ബാന്‍ഡേജ് നീക്കുമ്പോള്‍ 'ഹേയ് ടമ്മി' എന്ന് പറഞ്ഞ് തന്റെ വീര്‍ത്ത വയറില്‍ പതിയെ അടിക്കുന്നതാണ് അവരുടെ രീതി!