CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 51 Seconds Ago
Breaking Now

എന്‍എച്ച്എസ് നഴ്‌സിനെ തെരുവില്‍ ഓടിച്ചിട്ട ഭര്‍ത്താവ് വെട്ടിക്കൊന്നു; ഗൂര്‍ഖാ കത്തി ഉപയോഗിച്ചുള്ള അക്രമത്തില്‍ 31-കാരിയുടെ തലയിലും, മുഖത്തും, കഴുത്തിലും വെട്ടേറ്റു; പാരാമെഡിക്കുകളുടെ ശ്രമം വിഫലമായി

ഭാര്യയെ കൊലപ്പെടുത്തിയ കുറ്റം 41-കാരനായ ക്രെയ്ഗ് സമ്മതിച്ചതോടെയാണ് ക്രൂരമായ അക്രമത്തിന്റെ കഥകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്

എന്‍എച്ച്എസ് ജോലിക്കാരിയും, മൂന്ന് മക്കളുടെ അമ്മയുമായ യുവതിയെ അകന്ന് കഴിഞ്ഞിരുന്ന ഭര്‍ത്താവ് അയല്‍ക്കാരുടെ മുന്നില്‍ വെച്ച് തെരുവില്‍ ഓടിച്ചിട്ട് വെട്ടിക്കൊന്നു. ബാണ്‍സ്ലിയിലെ വിന്‍ഡ്‌സര്‍ ക്രെസന്റിലുള്ള വീടിന് പുറത്തുവെച്ച് എന്‍എച്ച്എസ് നഴ്‌സിനെ വലിച്ചിഴച്ച ശേഷമായിരുന്നു അക്രമം. ഈ വര്‍ഷം മാര്‍ച്ച് 29-നാണ് ക്രെയ്ഗ് വുഡ്ഹാളിന്റെ അക്രമത്തില്‍ വിക്ടോറിയ വുഡ്ഹാള്‍ കൊല്ലപ്പെടുന്നത്. മാരകമായ ആയുധം ഉപയോഗിച്ച് തുടര്‍ച്ചയായി കുത്തിപ്പരുക്കേല്‍പ്പിച്ചതോടെയാണ് മരണം സംഭവിച്ചത്. 

ക്രൂരമായ അക്രമണം കണ്ട് വിറങ്ങലിച്ച് പോയെങ്കിലും അയല്‍ക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയും, പരുക്കേറ്റ വിക്ടോറിയയെ സഹായിക്കാന്‍ ഓടിയെത്തുകയും ചെയ്തു. എന്നാല്‍ വിക്ടോറിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ കുറ്റം 41-കാരനായ ക്രെയ്ഗ് സമ്മതിച്ചതോടെയാണ് ക്രൂരമായ അക്രമത്തിന്റെ കഥകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഷെഫീല്‍ഡ് ക്രൗണ്‍ കോടതിയില്‍ ഹാജരായപ്പോഴാണ് തുടര്‍ച്ചയായി പരുക്കേല്‍പ്പിച്ച് കൊല നടത്തിയെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. 

31-കാരിയായ എന്‍എച്ച്എസ് നഴ്‌സിനെ വീട്ടില്‍ നിന്നും ഓടിച്ചിട്ട ശേഷം കൃത്യം നടത്തിയ ക്രെയ്ഗ് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. തലയോട്ടിയില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ സംഭവിച്ചതിന് പുറമെ തലയിലും, മുഖം, കഴുത്ത്, കൈകള്‍, തോള്‍, പുറം എന്നിവിടങ്ങളിലും പരുക്കേറ്റിരുന്നു. എമര്‍ജന്‍സി കോള്‍ ലഭിച്ചതിന് പിന്നാലെ പോലീസും, പാരാമെഡിക്കുകളും, എയര്‍ ആംബുലന്‍സും സ്ഥലത്തെത്തി. പാരാമെഡിക്കുകള്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വിക്ടോറിയ ഗുരുതരമായ പരുക്കുകള്‍ക്ക് കീഴടങ്ങി. 

ഗൂര്‍ഖാ സ്റ്റൈല്‍ കത്തി ഉപയോഗിച്ചുള്ള അക്രമണത്തില്‍ വിക്ടോറിയക്ക് കനത്ത പരുക്കുകളാണ് ഏറ്റതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കി. ക്രൂരമായ അക്രമത്തിന് സാക്ഷികളാകേണ്ടി വന്ന ബാണ്‍സ്ലിയിലെ അയല്‍വാസികള്‍ക്ക് പ്രത്യേക സഹായം ചെയ്യേണ്ടതായും വന്നു. കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത ക്രെയ്ഗിന്റെ ശിക്ഷ ഒക്ടോബര്‍ 2ന് വിധിക്കും.




കൂടുതല്‍വാര്‍ത്തകള്‍.