CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 25 Seconds Ago
Breaking Now

വെരിക്കോസ് വെയിന്‍ സുഖപ്പെടുത്താം

തടിച്ചും വളഞ്ഞു പുളഞ്ഞും കാണുന്ന സിരകളെയാണ് വെരിക്കോസ് വെയിന്‍ അഥവാ സിരാഗ്രന്ഥി എന്നുപറയുന്നത് .ശരീരത്തില്‍ എവിടെ വേണമെങ്കിലും വരാവുന്ന താണെങ്കിലും സാധാരണയായി കാലുകളിലാണ് ഇവ കാണുന്നത്. കാലിലെ പാദവുമായി ചേരുന്ന സന്ധിയ്ക്കടുത്തായി ചികിത്സിച്ചു ഭേദമാക്കുവാന്‍ ബുദ്ധിമുട്ടുള്ള വ്രണമായും പിന്നീട് ഇവ മാറാറുണ്ട്.

സ്ഥിരമായി നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുന്ന രീതിയും അങ്ങനെ ചെയ്യേണ്ടിവരുന്ന ജോലിയും ഉള്ളവരിലാണ് ത്വക്കിനടിയിലെ സിരകളിലെ പോക്കറ്റ് വാല്‍വുകള്‍ക്ക്  കേടു വന്ന് വെരിക്കോസ് വെയിന്‍ ആയി മാറുന്നത്.

പാരമ്പര്യമായും, വണ്ണക്കൂടുതല്‍ ഉള്ളവരിലും, സ്ഥിരമായി ബന്ധമുള്ളവര്‍ക്കും, ഗര്‍ഭിണികള്‍ക്കും, പ്രായക്കൂടുതല്‍ കൊണ്ടും ഇവ ഉണ്ടാകുകയോ വര്‍ദ്ധിക്കുകയോ ചെയ്യാം. 

വളരെ അപകടം പിടിച്ച അസുഖമെന്ന നിലയില്‍ വെരിക്കോസ് വെയിനിനെ കാണേണ്ടതില്ലെങ്കിലും അതുണ്ടാക്കുന്ന ബുദ്ധിമുട്ടും ,വേദനയും, ചികിത്സിച്ചാലും മാറാത്ത വ്രണവും, അതുകാരണമുള്ള പ്രയാസങ്ങളും ചെറുതല്ല. വ്രണത്തിന് പലപ്പോഴും ദുര്‍ഗന്ധവും നല്ല വേദനയും ഉണ്ടാകും.

ഇടയ്ക്കിടെ ഹൃദയത്തിന്റെ ലെവലില്‍ കാലുകള്‍ ഉയര്‍ത്തി കിടക്കുക, ചെറിയതോതിലുള്ള വ്യായാമങ്ങള്‍ ചെയ്ത് പേശികളെ ബലപ്പെടുത്തുക, ശരീരഭാരം നിയന്ത്രിക്കുക, കൂടുതല്‍ നേരം നിന്നും ഇരുന്നുമുള്ള ജോലി ഒഴിവാക്കുക, ഇലക്കറികളും പഴവര്‍ഗങ്ങളും ധാരാളം കഴിക്കുക, കാലിലെ മസിലുകള്‍ക്കും സിരകള്‍ക്കും സപ്പോര്‍ട്ട് നല്‍കും വിധം സോക്‌സ്, സ്റ്റോക്കിങ്‌സ് മുതലായവ ഉപയോഗിക്കുക, ആയുര്‍വേദ ഔഷധങ്ങള്‍ ഉപയോഗിച്ച് കാലുകളിലെ രക്തസഞ്ചാരം വര്‍ദ്ധിപ്പിക്കുന്ന ചികിത്സകള്‍ ചെയ്യുക തുടങ്ങിയവയാണ് പരിഹാരമാര്‍ഗ്ഗങ്ങള്‍.

 വളരെ ഫലപ്രദമായ ചികിത്സകള്‍ ആയുര്‍വേദ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴി ലഭിക്കുന്നു.

 

*കാല്‍മുട്ട് വേദനയ്ക്ക് സുരക്ഷിത ചികിത്സ*

 

 ഹൃദയം, വൃക്ക എന്നിവ സംബന്ധമായ രോഗങ്ങളിലും, ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോഴും, മറ്റ് സന്ധികളിലെ കുഴപ്പങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ അതോടൊപ്പവും, കാല്‍മുട്ടിന്റെ തന്നെ കുഴപ്പങ്ങള്‍ കൊണ്ടും മുട്ട് വേദന അനുഭവപ്പെടും. കാല്‍മുട്ട് നീരു വെച്ച് വീര്‍ക്കുകയോ തേയ്മാനം ഉണ്ടാകുകയോ ചെയ്താലും മുട്ട് വേദന ഉണ്ടാകും

 

മുട്ട് വേദന കാരണമുള്ള മുടന്തിനടത്തം ക്രമേണ അടുത്ത കാല്‍മുട്ടിലും  ഇടുപ്പിലും പിന്നെ കഴുത്തിലും രോഗവ്യാപനത്തെ ഉണ്ടാക്കും. വണ്ണക്കൂടുതല്‍ ഉള്ളവരില്‍ രോഗം വേഗത്തില്‍ വര്‍ദ്ധിക്കാം. അതുപോലെ സ്ഥിരമായി ഒരേ സ്വഭാവത്തിലുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മുട്ട് വേദന കാരണം നടക്കുന്നതിന് പ്രയാസമുണ്ടാവുകയും ക്രമേണ നടക്കുവാന്‍ സാധിക്കാതെ വരികയും ചെയ്യാം.

 

അമിത വണ്ണമുള്ളവര്‍ക്ക് അവര്‍ മുട്ടില്‍ ചെലുത്തുന്ന സമ്മര്‍ദ്ദം, അധികനേരം നിന്നുള്ള ജോലി തുടങ്ങിയ കാരണങ്ങളാല്‍ ബുദ്ധിമുട്ട് വേഗത്തില്‍ കൂടുകയും, കാല്‍മുട്ട് വശങ്ങളിലേക്ക് വേഗത്തില്‍ വളഞ്ഞു പോകുകയും, അതോടെ  കാര്യക്ഷമത കുറയുകയും ചെയ്യും. ശരീരഭാരം കുറവുള്ളവരാണെങ്കിലും ദീര്‍ഘനേരം നില്‍ക്കുന്ന ജോലിയോ, ശീലമോ ഉണ്ടെങ്കിലും ഇപ്രകാരം സംഭവിക്കാം.

മുട്ടുവേദന തുടക്കത്തില്‍ പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.ക്രമേണ തേയ്മാനം കൂടുന്നതിനനുസരിച്ച് അത്ര എളുപ്പത്തില്‍ ഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും കൂടുതല്‍ കുഴപ്പം ഉണ്ടാകാതിരിക്കാന്‍ ചികിത്സ നിര്‍ബന്ധമാണ്. ചികിത്സ ചെയ്യുന്നവരില്‍ മാത്രമേ പേശികളുടെ ബലം വര്‍ദ്ധിപ്പിച്ച് സന്ധികള്‍ക്ക് ആവശ്യമായ ബലം നല്‍കുന്നതിനും,നീരും വേദനയും കുറയ്ക്കുന്നതിനും, സംഭവിക്കാനിടയുള്ള തേയ്മാനത്തെ തടസ്സപ്പെടുത്തുന്നതിനും സാധിക്കൂ.

മരുന്നുകള്‍ ഉപയോഗിച്ചും ശീലങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയും നല്ലൊരു വിഭാഗം രോഗികളില്‍ മുട്ടുവേദനയ്ക്ക് സമാധാനമുണ്ടാക്കാം.രോഗം തീരെ അസഹനീയമായവര്‍ക്ക് താല്‍ക്കാലിക ശമനത്തിനായി സര്‍ജറിക്കും വിധേയരാകാം. ഏതായാലും അധികനാള്‍ വേദനാസംഹാരികള്‍ ഉപയോഗിക്കരുത് .പകരംവീര്യം കുറഞ്ഞ  ഔഷധങ്ങള്‍ ഉപയോഗിച്ചും കിടത്തിച്ചികിത്സയിലൂടെയും  ആയുര്‍വേദ രീതിയില്‍ വളരെ  ഫലപ്രദമായി മുട്ടുവേദനയെ വരുതിയിലാക്കാം.ഫലം കിട്ടാന്‍  അല്പംകൂടി സമയമെടുക്കുമെന്ന് മാത്രം.

പരസ്യം കണ്ടിട്ടോ, മറ്റാരെങ്കിലും പറഞ്ഞത് കേട്ടിട്ടോ,ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെയൊ ഏതെങ്കിലും മരുന്നുകള്‍ പരീക്ഷിച്ചു നോക്കാന്‍ ശ്രമിക്കരുത്.

പുറമേ പുരട്ടുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ എന്ന് വിചാരിച്ചു ഏതെങ്കിലും തൈലം വാങ്ങി പുരട്ടി അസുഖം വര്‍ദ്ധിപ്പിച്ചു വരുന്നവര്‍ നിരവധിയാണ്. നീരും വേദനയും ഉള്ളപ്പോള്‍ തിരുമ്മുവും തടവുകയും ചെയ്തും അസുഖത്തിന്റെ സ്വഭാവമോ കാലാവസ്ഥയോ പരിഗണിക്കാതെ തോന്നുന്ന തൈലം ഉപയോഗിച്ചും കാല്‍മുട്ടിന്റെ നിലവിലുണ്ടായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കരുത്. ചില മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ താല്‍ക്കാലികമായി ലഭിക്കുന്ന ശമനം അസുഖം മാറിയതാണെന്ന് തെറ്റിദ്ധരിച്ച് എന്നാല്‍ ക്രമേണ രോഗം വഷളാകുന്ന അവസ്ഥയും കാണുന്നു. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുവാന്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡോക്ടര്‍മാരില്‍ നിന്നും സൗജന്യ ഉപദേശവും ആവശ്യമുള്ളപ്പോള്‍ സൗജന്യമായിത്തന്നെ മരുന്നും സ്വീകരിക്കാവുന്നതാണ്.

വേദനയുള്ളപ്പോള്‍ കാല്‍മുട്ടിന്റെ ചലനം കുറയ്ക്കുകയും, വേദന ഇല്ലാത്തപ്പോള്‍ മാത്രം കുറേശ്ശെ ചലിപ്പിക്കുകയും,മുട്ടിലെ പേശികള്‍ക്ക് ബലം ലഭിക്കുന്ന വ്യായാമങ്ങള്‍ ചെയ്യുകയുംവേണം.ബലം പ്രയോഗിച്ച് വേദനയുള്ള കാല്‍മുട്ട് ചലിപ്പിച്ചാല്‍ വളരെ വേഗം അസുഖം വര്‍ദ്ധിക്കാം.

തണുത്ത ആഹാരങ്ങളും തണുത്ത കാലാവസ്ഥയും വേദന വര്‍ദ്ധിപ്പിക്കും.നിത്യവും തൈര് ഉപയോഗിക്കുന്നത് നീര് വര്‍ദ്ധിപ്പിക്കും.മധുരം കൂടുതല്‍ കഴിക്കുന്നത് അസ്ഥിയുടെ ബലം കുറയ്ക്കും.

ചില സാഹചര്യത്തില്‍ ബാന്റേജ്, നീ ക്യാപ്പ്  മുതലായവ ഉപയോഗിക്കാം. എന്നാല്‍ അവ സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതല്ല.

മരുന്ന് പുരട്ടുകയോ കഴിക്കുകയോ ചെയ്യുന്നതുകൊണ്ട് മാത്രം കാല്‍മുട്ട് വേദന കുറയണമെന്നില്ല. ആശുപത്രിയില്‍ കിടത്തി ചെയ്യുന്ന പഞ്ചകര്‍മ്മചികിത്സകള്‍ കൂടുതല്‍ ഫലം ചെയ്യും. ചിലരിലെങ്കിലും ഇത്തരം ചികിത്സകള്‍ ആവര്‍ത്തിച്ചു ചെയ്തു മാത്രമേ മുട്ടുവേദന ശമിപ്പിക്കാന്‍ സാധിക്കൂ.

ഡോ. ഷര്‍മദ് ഖാന്‍

 

സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍

 

ആയുര്‍വേദ ഡിസ്‌പെന്‌സറി

 

 ചേരമാന്‍ തുരുത്ത്

 

തിരുവനന്തപുരം .

 

Tel Tel9447963481

 

 

 




കൂടുതല്‍വാര്‍ത്തകള്‍.