ലോകത്തിന് ഇപ്പോള്‍ ഏറ്റവും ആവശ്യമുള്ളത് എന്താണ്? ചോദ്യത്തിന് സിംപിളായി ഉത്തരം ലഭിക്കും, ഒരു കൊറോണാവൈറസ് വാക്‌സിന്‍. ലോകത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് സഡന്‍ ബ്രേക്കിട്ട കൊറോണാവൈറസ് മഹാമാരിയില്‍ നിന്നും ഒരു മോചനമാണ് ഇപ്പോള്‍ ജനങ്ങള്‍ കൊതിക്കുന്നത്. അങ്ങിനെയെങ്കിലും ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ. പക്ഷെ ആ വാക്‌സിന്‍ എപ്പോള്‍ കൈയില്‍ കിട്ടുമെന്ന് ചോദിച്ചാല്‍ ഇനിയും കാത്തിരിക്കണമെന്നാണ് മറുപടി.
അംഗീകാരം നേടിയ രണ്ട് വാക്‌സിനുകള്‍ ഇപ്പോള്‍ ഉള്ളത് റഷ്യയിലാണ്. കഴിഞ്ഞ ദിവസമാണ് രണ്ടാമത്തെ വാക്‌സിനും അംഗീകാരം നല്‍കിയെന്ന് പ്രസിഡന്റ് പുടിന്‍ പ്രഖ്യാപിച്ചത്. ഏറെ പ്രതീക്ഷയോടെ ആദ്യം പ്രഖ്യാപിക്കപ്പെട്ട ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച വാക്‌സിന്‍ ഇതുവരെ ട്രയല്‍സ് പൂര്‍ത്തിയാക്കിയിട്ടില്ല. മൂന്നാം ഘട്ടം പൂര്‍ത്തിയാക്കി റെഗുലേറ്ററുടെ അംഗീകാരം നേടി ജനങ്ങളിലേക്ക് എത്തുമ്പോള്‍ ഈ വര്‍ഷം കഴിയുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ട്രയല്‍സ് വിഭാഗം മേധാവി വ്യക്തമാക്കിയിട്ടുള്ളത്.
എന്നാല്‍ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഉപയോഗിച്ചാല്‍ പ്രശ്‌നമാകുമെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം ശക്തമാകുകയാണ്. റഷ്യയില്‍ നിന്നാണ് ഓക്‌സ്‌ഫോര്‍ഡ് ശാസ്ട്രജ്ഞരുടെ ശ്രമങ്ങളെ തള്ളി പ്രചരണം കൊണ്ടുപിടിച്ച് അരങ്ങേറുന്നത്. ചിമ്പാന്‍സി വൈറസ് ഉപയോഗിക്കുന്നതിനാല്‍ ഈ വാക്‌സിന്‍ മനുഷ്യരെ കുരങ്ങുകളായി മാറ്റുമെന്നാണ് ഇവരുടെ ആരോപണം. ഈ ചുവടുപിടിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്ന പ്രചരണം സംഘടിപ്പിക്കുന്നത്.
യുകെയില്‍ നിര്‍മ്മിക്കുന്ന ഏത് വാക്‌സിനും അപകടകരമാണെന്നാണ് റഷ്യന്‍ സോഷ്യല്‍ മീഡിയയില്‍ കറങ്ങുന്ന ചിത്രങ്ങളും, വീഡിയോ ക്ലിപ്പുകളും കുറ്റപ്പെടുത്തുന്നത്. റഷ്യന്‍ ടിവി പരിപാടികളിലും ഈ ആരോപണം വാര്‍ത്തയാക്കുന്നുണ്ട്. റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങളില്‍ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന് ഈ പ്രചരണം തിരിച്ചടിയാകുമെന്നാണ് ആശങ്ക.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് പൊതുജന ആരോഗ്യത്തിന് ഹാനികരമാണെന്ന് ആസ്ട്രാസെനെക ചീഫ് എക്‌സിക്യൂട്ടിവ് പാസ്‌കല്‍ സൊറിയോട്ട് പ്രതികരിച്ചു. ശരിയായ വിവരങ്ങളും, വിശ്വസനീയമായ റെഗുലേറ്ററി ഏജന്‍സികളും നല്‍കുന്ന വിവരങ്ങള്‍ മാത്രം ഉപയോഗിക്കാനാണ് അദ്ദേഹത്തിന്റെ ഉപദേശം.