CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 45 Minutes 36 Seconds Ago
Breaking Now

വിലപേശി മാഞ്ചസ്റ്റര്‍, കണ്ണടച്ച് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; വ്യാഴാഴ്ച മുതല്‍ മാഞ്ചസ്റ്ററില്‍ 3 ടിയര്‍ വിലക്കുകള്‍; അവസാന നിമിഷത്തില്‍ ധനസഹായം 65 മില്ല്യണായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മേയര്‍; പിടിവാശിയില്‍ വാക്‌പോര്

വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതലാണ് മേഖലയില്‍ ഏറ്റവും ഉയര്‍ന്ന കൊറോണ ജാഗ്രത നിലവില്‍ വരിക

മാഞ്ചസ്റ്ററില്‍ ടിയര്‍ 3 വിലക്കുകള്‍ അടിച്ചേല്‍പ്പിച്ചതിന് പിന്നാലെ ബോറിസ് ജോണ്‍സനും, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമും തമ്മില്‍ വാക്‌പോര്. ചര്‍ച്ചകളില്‍ എതിര്‍പക്ഷം ഇറങ്ങിപ്പോക്ക് നടത്തിയെന്ന് ഇരുപക്ഷവും ആരോപിച്ചു. ഡൗണിംഗ് സ്ട്രീറ്റാണ് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞതെന്ന ബേണ്‍ഹാമിന്റെ വാദം തള്ളി സര്‍ക്കാര്‍ ശ്രോതസ്സുകള്‍ രംഗത്തെത്തി. 55 മില്ല്യണ്‍ പൗണ്ട് ധനസഹായം ഉറപ്പിച്ച ശേഷം അവസാന ഘട്ടത്തില്‍ 10 മില്ല്യണ്‍ കൂടി അധികമായി ആവശ്യപ്പെട്ട് മേയര്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ചാണ് കുഴപ്പമുണ്ടാക്കിയതെന്ന് വൈറ്റ്ഹാള്‍ വ്യക്തമാക്കി. 

ടിയര്‍ 3 വിലക്കുകള്‍ നേരിടുന്ന ലങ്കാഷയര്‍, മേഴ്‌സിസൈഡ് എന്നിവിടങ്ങളേക്കാള്‍ കൂടുതല്‍ തനിക്ക് ലഭിക്കേണ്ടത് പ്രധാനമാണെന്ന് മേയര്‍ പ്രധാനമന്ത്രിയെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. 60 മില്ല്യണ്‍ പൗണ്ട് വരെ നല്‍കാന്‍ സന്നദ്ധനായ പ്രധാനമന്ത്രി നോര്‍ത്ത് വെസ്റ്റ് മേഖലകള്‍ക്ക് നല്‍കിയതിലും കൂടുതല്‍ മാഞ്ചസ്റ്ററിന് നല്‍കുന്നത് മാന്യതയാകില്ലെന്ന് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 65 മില്ല്യണില്‍ കുറഞ്ഞതൊന്നും സ്വീകരിക്കാന്‍ കഴിയില്ലെന്ന് താന്‍ വ്യക്തമാക്കിയെന്നാണ് മാഞ്ചസ്റ്റര്‍ മേയറുടെ വാദം. കര്‍ശനമായ വിലക്കുകള്‍ അതിജീവിക്കാന്‍ ഇതെങ്കിലും വേണമെന്നാണ് ബേണ്‍ഹാം വാദിച്ചത്. 

ഇന്നലെ ഉച്ച വരെയാണ് കാര്യങ്ങളില്‍ അന്തിമതീരുമാനം കൈക്കൊള്ളാന്‍ നിശ്ചയിച്ചിരുന്ന സമയപരിധി. ഇതിനകം കരാറില്‍ തീരുമാനം എടുക്കാന്‍ കഴിയാതെ വന്നതോടെയാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലും പ്രധാനമന്ത്രി കര്‍ശനമായ ലോക്ക്ഡൗണ്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചത്. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതലാണ് മേഖലയില്‍ ഏറ്റവും ഉയര്‍ന്ന കൊറോണ ജാഗ്രത നിലവില്‍ വരിക. ഇതോടെ പബ്ബുകള്‍ ഭക്ഷണം വിളമ്പാത്ത പക്ഷം അടച്ചിടേണ്ടതായി വരും. ഷോപ്പുകളും, കാസിനോകളും, ഗെയിമിംഗ് സെന്ററുകളും ഇതോടൊപ്പം അടയ്ക്കും. 

മേഖലയില്‍ ടെസ്റ്റ് & ട്രേസ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ 22 മില്ല്യണ്‍ പൗണ്ട് ലഭിക്കും. എന്നാല്‍ പല ബിസിനസ്സുകളും ഈ പ്രതിസന്ധി മറികടക്കുമോയെന്ന ആശങ്കയുണ്ട്. അതേസമയം സര്‍ക്കാര്‍ മുന്നോട്ട് വെച്ച 60 മില്ല്യണ്‍ പൗണ്ട് ഓഫര്‍ ഇപ്പോഴും മേശപ്പുറത്തുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് വ്യക്തമാക്കി. യുകെയില്‍ 21,331 കൊവിഡ് കേസുകളും, 241 മരണങ്ങളുമാണ് ഒടുവിലായി രേഖപ്പെടുത്തിയിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.