CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 37 Minutes 26 Seconds Ago
Breaking Now

എന്‍.എന്‍. പിള്ളയുടെ ഓര്‍മ്മകള്‍ക്ക് കാല്‍ നൂറ്റാണ്ട് ;റജി നന്തികാട്ട്

മലയാളത്തിന്റെ നാടകാചാര്യന്‍ എന്‍. എന്‍.പിള്ള കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് 2020 നവമ്പര്‍ 14 ന്25 വര്‍ഷം തികയുന്നു. തന്റെ 34 ആം വയസ്സില്‍ 1952 ല്‍ മാത്രമാണ് അദ്ദേഹം നാടകരചനയിലേക്കും അഭിനയത്തിലേക്കും ചുവട് വെയ്ക്കുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ജീവിത സാഹചര്യം നാടകരംഗത്തേക്ക് നയിച്ചു എന്ന് പറയുന്നതാവും ശരി. സാമൂഹ്യ വിഷയങ്ങളെ ആക്ഷേപഹാസ്യത്തിലൂന്നി ശക്തമായ സംഭാഷണങ്ങളിലൂടെ വേദിയില്‍ അവതരിപ്പിക്കപ്പെട്ട നാടകങ്ങള്‍ ഗംഭീര വിജയമായി തീര്‍ന്നതിന്റെ പിന്നില്‍ താന്‍ ജീവിതത്തില്‍ നേരിട്ട ദുഃഖപൂരിതമായ അനുഭവങ്ങള്‍ തന്നെയാണ്.

' നില്‍ക്കാനൊരു തറ, പിന്നിലൊരു മറ, എന്റെയുള്ളില്‍ ഒരു നാടകം, എന്റെ മുന്നില്‍ നിങ്ങളും' ഉള്ളു നീറുന്ന നാടക കാലത്തെക്കുറിച്ച് എന്‍. എന്‍. പിള്ള ഒരിക്കല്‍ എഴുതിയതാണ്. ഉള്ളില്‍ ഉണരുന്ന നാടകമാണ് നാടകകൃത്തിന്റെ തീ. ഈ തീയൂതി അയാള്‍ അരങ്ങു പൊലിപ്പിക്കുന്നു. തന്റെ ജീവിതമായിരുന്നു എന്‍.എന്‍. പിള്ളയ്ക്കു നാടകം. അത്ര തീവ്രമായിരുന്നു ജീവിതാനുഭങ്ങള്‍. അദ്ദേഹം ഇങ്ങനെ എഴുതി ' എനിക്ക് ജീവിതവും അഭിനയവും തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥയാണ്. അഭിനയമാണ് ജീവിതം , ജീവിതം അഭിനയവുമാണ്'.മലയാള നാടകവേദിയില്‍ ശക്തവും തീവ്രവുമായ ജീവിതാനുഭവങ്ങള്‍ കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളിലൂടെ വേദിയില്‍ അവതരിക്കപ്പെട്ടപ്പോള്‍ അത് ചരിത്രം കുറിക്കുകയായിരുന്നു.

എന്‍.എന്‍. പിള്ള 1918, ഡിസംബര്‍ 23 ന് കോട്ടയം ജില്ലയില്‍ വൈക്കത്ത് നാരായണ പിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. അച്ഛന് മകന്‍ ബി.എല്‍ പാസ്സായി വക്കില്‍ ആകണമെന്ന് അതിയായി ആഗ്രഹിച്ചു. എന്നാല്‍ എന്‍.എന്‍. പിള്ള കോട്ടയം സിഎംഎസ് കോളേജില്‍ ഇന്റര്‍മീഡിയേറ്റ് പഠനം നടത്തിയെങ്കിലും പരീക്ഷ തോറ്റതോടെ മാതാപിതാക്കള്‍ നിരാശരായി കൂടാതെ മകന്‍ ഒരു പ്രേമബന്ധത്തില്‍ കുടുങ്ങിയെന്നും കൂടി അറിഞ്ഞതോടെ അവര്‍ ഒരുതരം പ്രതികാരമൂര്‍ത്തികളായി മാറി.

ഇന്റര്‍മീഡിയറ്റ് തോറ്റ അദ്ദേഹം മൂന്നാം മാസം ഒരു തകരപെട്ടിയും അതിനുള്ളില്‍ രണ്ടു ജോഡി ഉടുപ്പും എണ്‍പത് രൂപയുമായി നാടുവിട്ടു. പതിനൊന്നാം പക്കം എസ്. എസ്. റജുല എന്ന കപ്പലില്‍ പിനാംഗില്‍ എത്തി. പിന്നീട് ജീവിതം കരുപ്പിടിപ്പിക്കുന്നതിന് വേണ്ടിയുള്ള അലച്ചിലായിരുന്നു. ജീവിതം അതികഠിനമായ പരീക്ഷണ ശാലയായിരുന്നു.ചെയ്യാത്ത ജോലികളില്ല, പത്രപ്രവര്‍ത്തകനായി, എസ്റ്റേറ്റ് കണ്ടക്ടറായി, ഇംഗ്ലീഷ് ചികിത്സ പഠിച്ച് ഡിസ്‌പെന്‍സറി നടത്തി. ഇതെല്ലാം വലിച്ചെറിഞ് ഐഎന്‍എ ഭടനായി ഒടുവില്‍ 8 വര്‍ഷത്തിന് ശേഷം വീണ്ടും വീട്ടിലെത്തി, കയ്യില്‍ രണ്ടര രൂപയുണ്ടായിരുന്നു, തകരപ്പെട്ടിയുടെ സ്ഥാനത്ത് ഒരു കാക്കി സഞ്ചിയും. എന്നാല്‍ ജീവിതം തേടിയുള്ള യാത്രയില്‍ കാണാത്ത കാഴ്ചകളിലെ അനുഭവങ്ങള്‍ മുഴുവന്‍ ആത്മാവിലേക്ക് ആവാഹിച്ചു എടുക്കാനുള്ള കഴിവായിരിക്കാം തന്റെ നാടകങ്ങളെ ഇത്രമാത്രം വേറിട്ട കാഴ്ച്ചാനുഭവങ്ങള്‍ കാണികള്‍ക്ക് പ്രദാനം ചെയ്തത്. പക്ഷെ ആ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ ഡ്രമാറ്റിക് യൂണിവേഴ്‌സിറ്റി.

 

1946 ല്‍ നാട്ടില്‍ തിരിച്ചു വന്നതിന് ശേഷം തിരുവിതാംകൂറിലെ ഐഎന്‍ എ സെക്രട്ടറി ആയി അവരോധിക്കപ്പെട്ടു. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സജീവ രാഷ്ട്രീയത്തില്‍ മുഴുകുകയും ചെയ്തു. പ്രസംഗവേദികളില്‍ അദ്ദേഹം കത്തിക്കയറി. ആ രാഷ്ട്രീയ ജീവിതമാണ് വാക്കുകള്‍ കൊണ്ട് വികാരത്തിന്റെ വെടിമരുന്നു കോട്ടയ്ക്ക് തീ വെക്കാമെന്ന് മനസ്സിലാക്കിയത്. എന്നാല്‍ 1947 ല്‍ സ്വാതന്ത്ര്യ ലബ്ദിക്ക്‌ശേഷം അദ്ദേഹം കുടുംബസമേതം വീണ്ടും മലയയിലേക്ക് പോയി. 1951 ല്‍ ജോലി രാജി വച്ച് പോന്നു. വീണ്ടും പ്രവര്‍ത്തന തട്ടകം രാഷ്ട്രീയമായി. ഉശിരന്‍ പ്രസംഗങ്ങള്‍ നടത്തി വേദിയെ ഇളക്കി മറിച്ചു. എന്നാല്‍ വരുമാനം ഒന്നുമില്ലാതെയുള്ള തന്റെ രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് മലയായില്‍ നിന്ന് കൊണ്ടുവന്ന സമ്പാദ്യത്തില്‍ നല്ല പങ്കും തീര്‍ന്നിരുന്നു. ഭാര്യക്കും രണ്ടു കുട്ടികള്‍ക്കും ജീവിക്കണമെങ്കില്‍ വേറെ മാര്‍ഗ്ഗം കണ്ടേ മതിയാവൂ എന്ന അവസ്ഥ.

ആലപ്പുഴയില്‍ ഒരു ഹോട്ടല്‍ തുടങ്ങി അത് മൂന്നാം മാസം അത് പൊളിഞ്ഞു.തുടര്‍ന്ന് കൊല്ലത്ത് പോളത്തോട്ടില്‍ ഒരു മരക്കമ്പനി ( saw mill )തുടങ്ങി. ആറാം മാസം അതും പൂട്ടി. പിന്നീട് വിശ്വകേരളം പത്രം ഒന്നുദ്ധരിച്ചു കളയാമെന്ന വ്യാമോഹത്തില്‍ ഒരു ശ്രമം നടത്തി അതും പൊളിഞ്ഞു. അപ്പോഴാണ് വിശ്വകേരള കലാ സമിതി എന്ന ആശയം മനസ്സില്‍ ഉണര്‍ന്നത്. 1952 ന് മുന്‍പ് ഒരിക്കല്‍ പോലും നാടകകൃത്തോ നടനോ ആകണമെന്ന് ഒരിക്കല്‍ പോലും ആഗ്രഹിക്കാത്ത എന്‍. എന്‍. പിള്ള ജീവിതത്തിന്റെ പ്രതിസന്ധിയില്‍ ആകസ്മികമായി ആ വഴിത്താരയിലേക്ക് എത്തപ്പെട്ടു എന്നതാണ് വാസ്തവം. അതുവരെ ജീവിതത്തിന്റെ അന്ധകാരജടിലമായ ഊടുവഴികളിലൂടെ തെറ്റിയും തെറിച്ചും കരഞ്ഞും ചിരിച്ചും ഒരു അപസ്മാര ബാധിതനെപ്പോലെ ഓടുകയായിരുന്ന അദ്ദേഹം ഒരു രാജപാതയില്‍ എത്തപ്പെട്ടതായി കരുതിയെന്ന് എന്‍. എന്‍.പിള്ള ഒരിക്കല്‍ എഴുതി. പക്ഷെ അതൊരു രാജപാത ആയിരുന്നില്ല ഒരു കോട്ടയായിരുന്നു.

അങ്ങനെ 1952 ല്‍ 'മനുഷ്യന്‍ ' എന്ന നാടകം എഴുതി. മാനവസമൂഹത്തിന്റെ വികാസ പരിണാമങ്ങള്‍ അഞ്ചു രംഗങ്ങങ്ങളില്‍ ആയി ചിത്രീകരിക്കുന്ന ഒരു നാടകം. ഒരു മാസം നീണ്ടു നിന്ന റിഹേഴ്‌സല്‍ കഴിഞ്ഞപ്പോള്‍ ഭാര്യയുടെ അവസാന സ്വര്‍ണമാലയും വിറ്റിരുന്നു. പക്ഷേ അതില്‍ 'ആദിമ മനുഷ്യ' നായി എന്‍ എന്‍ പിള്ള തകര്‍ത്തഭിനയിച്ചു. അപ്പോള്‍ കിട്ടിയ നിര്‍വൃതിയും ആനന്ദവും അദ്ദേഹത്തെ തന്റെ പാത നാടകം ആണെന്ന് തിരിച്ചറിഞ്ഞു. ലാഭവും നഷ്ടവും നോക്കാതെ എല്ലാ വര്‍ഷവും ഓരോ നാടകം എഴുതുകയും വേദിയില്‍ അവതരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.പക്ഷെ ജീവിതം, താനും, ഭാര്യ ചിന്നമ്മ, സഹോദരി ഓമന, രണ്ടു പെണ്‍ മക്കള്‍, മകന്‍ കുട്ടന്‍ എന്ന് വിളിക്കുന്ന വിജയരാഘവന്‍ അടങ്ങുന്ന തന്റെ കുടുംബവും ദാരിദ്ര്യത്തില്‍ നിന്നും അതിദാരിദ്ര്യത്തിലേക്ക് താണു പോയിക്കൊണ്ടിരുന്നു.

അവസാനം ഒന്നുമില്ലാതായി ചോര്‍ന്നൊലിക്കുന്ന വീട്, അടുത്ത നാടകത്തിന് കണക്ക് തീര്‍ക്കാമെന്ന കരാറില്‍ പറ്റുപടിക്കടയില്‍ നിന്നും ഉപ്പും മുളകും അരിയും വാങ്ങി ജീവിക്കുന്ന അവസ്ഥ. ഉറ്റ ബന്ധുക്കള്‍ പോലും മുഖം തിരിച്ചു അകന്ന് പോയി. നടീനടന്‍മാര്‍ പലരും പിരിഞ്ഞുപോയി. അതോടെ ഭാര്യയെയും സഹോദരിയെയും അഭിനയിപ്പിക്കാന്‍ തീരുമാനിച്ചു. അതോടെ നാട്ടുകാരും അവജ്ഞയോടെ നോക്കാന്‍ തുടങ്ങി. അങ്ങനെ എന്‍ എന്‍ പിള്ളയും ഭാര്യ ചിന്നമ്മയും സഹോദരി ഓമനയും അഭിനയിച്ച 'അസ്സലാമു അലൈക്കും'എന്ന നാടകം വിജയമായി. അതോടെ അദ്ദേഹത്തിന്റെ സഹോദരി ഓമനയില്‍ ഉറങ്ങിക്കിടന്നിരുന്ന അത്ഭുതാവഹമായ അഭിനയവാസന ഒരു നിധി പോലെ അദ്ദേഹം കണ്ടെത്തി. മലയാള നാടക വേദിക്ക് ലഭിച്ച അമൂല്യ സംഭാവനയായിരുന്നു ഓമനയെന്ന നടി.

തുടര്‍ന്ന് വിശ്വകേരള കലാസമിതി പടിപടിയായി വളര്‍ന്നു. എന്‍. എന്‍. പിള്ള നാടകരചനയെക്കുറിച്ചു, സംവിധാനത്തെപ്പറ്റി, അഭിനയത്തെപ്പറ്റി കൂടുതല്‍ പഠിച്ചു. പ്രേക്ഷകഹൃദയത്തെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കാന്‍ പറ്റിയതും തന്റെ അഭിരുചിക്ക് ഏറ്റവും ഇണങ്ങുന്നതും ആക്ഷേപഹാസ്യ ( satire ) എന്ന നാടക സങ്കേതമാണെന്ന് ബോധ്യപ്പെട്ടു. രംഗങ്ങളുടെ എണ്ണം, രംഗസംവിധാനം, സംഗീതം എന്നിവ പരമാവധി കുറയ്ക്കുക എന്നത് ഒരു നയമായി തന്നെ സ്വീകരിച്ചു. 1964 ല്‍ 'പ്രേതലോകം' എന്ന നാടകത്തോടെ തന്റെനാടകജീവിതം വേറെ ഒരു ലെവലിലേക്ക് വളര്‍ന്നു. തന്റെ മൂത്ത മകള്‍ സുലോചന ആദ്യമായി അരങ്ങത്ത് എത്തിയതും ഈ നാടകത്തോടെയാണ്. പിന്നീട് വിശ്വകേരകേരള കലാസമിതിയുടെ ജൈത്രയാത്രയായിരുന്നു.കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും നിറയെ വേദികള്‍. കേരളത്തിലെ വലിയ നാടക ട്രൂപ്പ്കളില്‍ ഒന്നായി ഒളശ്ശ വിശ്വകേരള കലാസമിതി വളര്‍ന്നു.

തന്റെ സാമ്പത്തീക ബുദ്ധിമുട്ടകള്‍ എല്ലാം തീര്‍ന്നു. ജീവിതം പതുക്കെ ശാന്തമായി ഒഴുകാന്‍ തുടങ്ങി. ഒരു കുടുംബം മുഴുവന്‍ നാടക ട്രൂപ്പായി പ്രവര്‍ത്തിക്കുന്ന വളരെ അപൂര്‍വമായ കാര്യമായിരുന്നു വിശ്വകേരള കലാസമിതിയിലൂടെ കേരളം കണ്ടത്. ആക്ഷേപഹാസ്യത്തിലൂടെ അല്‍പ്പം ഉപ്പും മുളകും ചേര്‍ന്ന സംഭാഷണങ്ങള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും എവിടെയും കാണികളുടെ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.

ഈശ്വരന്‍ അറസ്റ്റില്‍, കാപാലിക, പ്രേതലോകം, ഗൊറില്ല, കണക്ക് ചെമ്പക രാമന്‍പിള്ള, ക്രോസ്സ്‌ബെല്‍റ്റ് തുടങ്ങിയവനാണ് പ്രധാന നാടകങ്ങള്‍. എന്‍. എന്‍. പിള്ള 28 നാടകങ്ങളും 23 ഏകാങ്ക നാടകങ്ങളും എഴുതി. ആത്മകഥ 'ഞാന്‍ ' മലയാളത്തിലെ ഏറ്റവും നല്ല ആത്മകഥകളില്‍ ഒന്നാണ്.1987 വരെ അദ്ദേഹം നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. 1995 ല്‍ തന്റെ 77 മത്തെ വയസില്‍ ന്യൂമോണിയ ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് അന്തരിച്ചു.

എന്‍. എന്‍. പിള്ളയുടെ മരണശേഷവും 2005 വരെ മകനും പ്രമുഖ ചലച്ചിത്ര നടനുമായ വിജയരാഘവനും മകളുടെ ഭര്‍ത്താവ് രാജേന്ദ്രബാബുവും വിശ്വകേരള കലാസമിതിയുടെ നാടകങ്ങള്‍ അവതരിപ്പിച്ചു.

എന്‍. എന്‍. പിള്ളയെത്തേടി കേന്ദ സംസ്ഥാനങ്ങളുടെ, കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, സാഹിത്യ പ്രവര്‍ത്തക സംഘം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ എത്തി. 'ഞാന്‍' എന്ന ആത്മകഥ അബുദാബി മലയാള സമാജത്തിന്റെ പുരസ്‌കാരവും നേടി. ഏതാനും മലയാള സിനിമയിലും എന്‍. എന്‍. പിള്ള അഭിനയിച്ചിട്ടുണ്ട്. 1962 ല്‍ പുറത്തിറങ്ങിയ വേലു തമ്പി ദളവ, 1972 ല്‍ മനുഷ്യബന്ധങ്ങള്‍, കാപാലിക, സൂപ്പര്‍ ഹിറ്റ് ചിത്രമായ 1991 ല്‍ ഗോഡ് ഫാദര്‍, 1992 ല്‍ നാടോടി, 1993 ല്‍ ഗോഡ്ഫാദറിന്റെ തെലുഗു റീമേക്ക് തുടങ്ങി ആറോളം സിനിമകളില്‍ അഭിനയിച്ചു. ഇതില്‍ ഗോഡ്ഫാദറിലെ ' അഞ്ഞൂറാന്‍ ' എന്ന കഥാപാത്രം വളരെയേറെ പ്രശംസ നേടി. കാപാലിക, ക്രോസ്സ്‌ബെല്‍റ്റ് എന്നീ ചിത്രങ്ങളുടെ കഥയും തിരക്കഥയും എന്‍.എന്‍. പിള്ള രചിക്കുകയുണ്ടായി. മലയാള സിനിമയില്‍ തന്റേതായ ഒരു ഇരിപ്പിടം കണ്ടെത്തുവാന്‍ കഴിഞ്ഞെങ്കിലും സിനിമയായിരുന്നില്ല തന്റെ തട്ടകം അതെന്നും നാടകം മാത്രമായിരുന്നു. എന്നാല്‍ മകന്‍ കുട്ടന്‍ എന്ന് വിളില്‍ക്കുന്ന വിജയരാഘവന്‍ മലയാള സിനിമയിലെ പ്രമുഖ നടന്മാരില്‍ ഒരാളായി തന്റെ ജീവിത കാലത്ത് തന്നെമാറിയിരുന്നു.

സോഷ്യല്‍ മീഡിയയുടെ കാലത്തിന് മുന്‍പേ അദ്ദേഹം വിട പറഞ്ഞെങ്കിലും ഗോഡ്ഫാദര്‍ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ സംഭാഷണം മിമിക്രി താരങ്ങള്‍ക്ക് ഇപ്പോഴും ഇഷ്ടവിഷയമാണ്. അത് പോലെ തന്റെ നാടകത്തിലെ സോഷ്യലിസം, ഡെമോക്രസി, കമ്മൂണിസം ഇവ തമ്മിലുള്ള വ്യത്യസം പറഞ്ഞു കൊടുക്കുന്ന സംഭാഷണങ്ങളുടെ വിഡിയോയും യൂട്യൂബില്‍ വളരെ ശ്രദ്ധനേടിയിട്ടുണ്ട്.

എന്‍.എന്‍. പിള്ള വിട പറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് ആയെങ്കിലും ലക്ഷക്കണക്കിന് നാടക പ്രേമികളുടെ മനസ്സില്‍ തന്റെ ശക്തമായ നാടകങ്ങളിലൂടെ ഇന്നും അദ്ദേഹം ജീവിക്കുന്നു.

 

 

 
കൂടുതല്‍വാര്‍ത്തകള്‍.