ഇംഗ്ലണ്ടില്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണ്‍ എത്രത്തോളം ഫലപ്രദമാണെന്ന് മനസ്സിലാക്കാനുള്ള സമയമായിട്ടില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി. ഡിസംബര്‍ 2ന് ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ഇരിക്കവെയാണ് മാറ്റ് ഹാന്‍കോകിന്റെ മുന്നറിയിപ്പ്. സമയപരിധി അവസാനിക്കുമ്പോള്‍ ലോക്ക്ഡൗണ്‍ നീക്കാന്‍ സാധിക്കുന്ന തരത്തില്‍ കൊറോണാവൈറസ് കേസുകളുടെ എണ്ണം കുറയുമോയെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ വാദം.
രാജ്യത്ത് ഇപ്പോള്‍ സ്ഥിരീകരിക്കുന്ന പോസിറ്റീവ് കേസുകള്‍ ദേശീയ ലോക്ക്ഡണിന് മുന്‍പ് പൊട്ടിപ്പുറപ്പെട്ടവയാണെന്ന് ഹാന്‍കോക് പറയുന്നു. ലോക്ക്ഡൗണ്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അടുത്ത ആഴ്ചയോടെ കേസുകളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കണമെന്ന് ഹെല്‍ത്ത് ഒഫീഷ്യലുകള്‍ പറഞ്ഞു. ബ്രിട്ടനിലെ രണ്ടാംഘട്ട കൊവിഡ് വ്യാപനം നിരപ്പായ അവസ്ഥയിലാണെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ഇന്‍ഫെക്ഷന്‍ കണക്കുകളില്‍ കഴിഞ്ഞ ആഴ്ചയേക്കാള്‍ ചെറിയ വര്‍ദ്ധന മാത്രമാണുള്ളത്.
ഇതിനിടെ മോഡേണയുടെ കൊറോണാവൈറസ് വാക്‌സിന്‍ അവസാന നിമിഷത്തിലെ കരാറിലൂടെ വാങ്ങാന്‍ യുകെയ്ക്ക് സാധിച്ചതായി ഹാന്‍കോക് വെളിപ്പെടുത്തി. അഞ്ച് മില്ല്യണ്‍ ഡോസുകളാണ് യുഎസ് സ്ഥാപനത്തില്‍ നിന്നും ബ്രിട്ടന്‍ വാങ്ങുന്നത്. അടുത്ത മാസത്തോടെ ദേശീയ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് ടിയര്‍ സിസ്റ്റത്തിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മന്ത്രിമാരെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം ഉറപ്പുനല്‍കാന്‍ ഹാന്‍കോക് തയ്യാറായില്ല. ഇതോടെ ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആശങ്കയിലാകും.
ഡിസംബര്‍ 2ന് ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടില്‍ കര്‍ശനമായ ടിയര്‍ വിലക്കുകള്‍ നടപ്പാക്കണമെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഡയറക്ടര്‍ സൂസന്‍ ഹോപ്കിന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഡിസംബര്‍ ആദ്യത്തോടെ ഫിസറിന്റെ കൊറോണ വാക്‌സിന്‍ ബ്രിട്ടനില്‍ പുറത്തിറക്കാനുള്ള നീക്കങ്ങളും നടത്തുന്നതായി ഹാന്‍കോക് അറിയിച്ചു.