CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 34 Minutes 14 Seconds Ago
Breaking Now

നാഷണല്‍ ലിവിംഗ് വേജ് 5.6% ഉയര്‍ത്താനുള്ള പദ്ധതി ഉപേക്ഷിക്കാന്‍ ചാന്‍സലര്‍; രണ്ട് മില്ല്യണ്‍ ജോലിക്കാരുടെ ശമ്പളം ഉയര്‍ത്തുന്നത് കൊവിഡ് മൂലം ബിസിനസ്സ് തകര്‍ന്ന സ്ഥാപനങ്ങളെ പൊളിക്കുമെന്ന് ആശങ്ക

പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച ശമ്പള വര്‍ദ്ധനവും നിലവിലെ സാഹചര്യത്തില്‍ മരവിപ്പിക്കും

രണ്ട് മില്ല്യണ്‍ ജോലിക്കാര്‍ക്ക് നാഷണല്‍ ലിവിംഗ് വേജില്‍ അഞ്ച് ശതമാനം വര്‍ദ്ധനവ് നല്‍കാനുള്ള പദ്ധതി ചാന്‍സലര്‍ ഋഷി സുനാക് റദ്ദാക്കിയേക്കും. കൊവിഡ് പ്രതിസന്ധിയില്‍ ഉഴലുന്ന സ്ഥാപനങ്ങളെ കൂടുതല്‍ കുഴപ്പത്തിലാക്കുമെന്ന ആശങ്കയിലാണ് ഈ നീക്കം. ഏപ്രില്‍ മാസത്തില്‍ മണിക്കൂര്‍ നിരക്ക് 8.72 പൗണ്ടില്‍ നിന്ന് 9.21 പൗണ്ടായി ഉയരുമെന്നാണ് കരുതിയിരുന്നത്. 

എന്നാല്‍ കൊവിഡ്-19 മഹാമാരി മൂലം ബുദ്ധിമുട്ടിലായ ബിസിനസ്സുകള്‍ക്ക് ഈ വര്‍ദ്ധനവ് കൂടി താങ്ങാന്‍ കഴിയില്ലെന്നാണ് ആശങ്ക. ഇതിന് പകരം പണപ്പെരുപ്പത്തിന് ആനുപാതികമായി മിനിമം പേ റേറ്റ് ഏകദേശം രണ്ട് ശതമാനത്തിന് അടുത്ത് ഉയരും, ഇത് മണിക്കൂറിന് 8.90 പൗണ്ട് എന്ന നിലയിലാകും. ബുധനാഴ്ച ചാന്‍സലര്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇതോടെ കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്ന പലര്‍ക്കും തിരിച്ചടി നേരിടും. പ്രത്യേകിച്ച് ഫ്രണ്ട്‌ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന കെയര്‍ ഹോമുകളിലെയും, മറ്റ് മേഖലകളിലെയും പുരുഷ, വനിതാ ജീവനക്കാരുടെ വരുമാനം യഥാര്‍ത്ഥത്തില്‍ ഉയരുകയില്ല. ലോ പേ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് സുനാകിന്റെ പദ്ധതികള്‍. മുന്‍പ് നല്‍കിയ പദ്ധതി താങ്ങാവുന്നതല്ലെന്ന് വ്യക്തമായതോടെയാണ് മാറ്റം. 

25 വയസ്സിന് മുകളിലുള്ള എല്ലാവരും നാഷണല്‍ ലിവിംഗ് വേജിന് യോഗ്യരാണ്. ഇതില്‍ താഴെ പ്രായമുള്ളവര്‍ക്ക് നാഷണല്‍ മിനിമം വേജാണ് നല്‍കുക. വരുന്ന ഏപ്രില്‍ മാസത്തോടെ മിനിമം പ്രായപരിധി 23 ആയി കുറയും. പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച ശമ്പള വര്‍ദ്ധനവും നിലവിലെ സാഹചര്യത്തില്‍ മരവിപ്പിക്കും. നഴ്‌സുമാരും, ഡോക്ടര്‍മാരുമാണ് ഈ നീക്കങ്ങളില്‍ നിന്ന് രക്ഷപ്പെടുക. 




കൂടുതല്‍വാര്‍ത്തകള്‍.