ബ്രിട്ടനില്‍ കൊവിഡ് കേസുകള്‍ ആശങ്കാജനകമായ അവസ്ഥയിലാണുള്ളത്. അധികാരികള്‍ ഇതുസംബന്ധിച്ച് ആശങ്കപ്പെടുമ്പോള്‍ പൊതുജനങ്ങള്‍ ഇതേക്കുറിച്ച് വലിയ ചിന്തയ്‌ക്കൊന്നും ശ്രമിക്കുന്നില്ല. ഈ അവസരത്തില്‍ ലോക്ക്ഡൗണ്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനെ കുറിച്ചാണ് ബോറിസ് ജോണ്‍സനും, ക്യാബിനറ്റ് അംഗങ്ങളും ചര്‍ച്ച ചെയ്തത്. വ്യായാമം ചെയ്യുന്നതിന് പരിധി ഏര്‍പ്പെടുത്താനും, പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കാനും, സോഷ്യല്‍ ബബ്ബിളുകള്‍ വിലക്കാനും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.
കടുപ്പമേറിയ നിയമങ്ങള്‍ തള്ളിക്കളയാന്‍ ക്യാബിനറ്റ് ഓഫീസ് തയ്യാറായിട്ടില്ല. കര്‍ഫ്യൂ, നഴ്‌സറി അടച്ചുപൂട്ടല്‍ എന്നിവ വരുന്നുവെന്ന വാര്‍ത്ത നിരാകരിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോകും തയ്യാറായിട്ടില്ല. മറിച്ച് നിലവിലെ നിയമങ്ങള്‍ അനുസരിക്കാന്‍ ജനങ്ങളെ ഉപദേശിക്കുകയാണ് അദ്ദേഹം ചെയ്തത്. വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത് ആഴ്ചയില്‍ ഒരു ദിവസമായി പരിമിതപ്പെടുത്തുന്ന കാര്യവും ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ നിയമപ്രകാരം ബ്രിട്ടനില്‍ ജനങ്ങള്‍ക്ക് മറ്റൊരു കുടുംബത്തിലെയോ, സപ്പോര്‍ട്ട് ബബ്ബിളിലോ ഉള്ള വ്യക്തിക്കൊപ്പം വ്യായാമം ചെയ്യാം.
എന്നാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ക്കില്‍ കോഫി കുടിക്കാന്‍ പോകാനുള്ള ന്യായീകരണമായി ഈ നിയമം ഉപയോഗിക്കുന്നതാണ് കാര്യങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഞായറാഴ്ച 573 കൊറോണാവൈറസ് മരണങ്ങളാണ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാമാരി തുടങ്ങിയ ശേഷം മൂന്നാമത്തെ മാരകമായ ഞായറാഴ്ചയാണ് കടന്നുപോയത്. ഇന്‍ഫെക്ഷനുകളും ഇതോടൊപ്പം ഉയരുന്ന കാഴ്ചയാണ് കണ്ടത്, 59,940 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് 50,000ന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വ്യായാമം ചെയ്ത് മാനസിക ആരോഗ്യം നിലനിര്‍ത്താനുള്ള ഇളവ് ജനങ്ങള്‍ വിവിധ തരത്തിലാണ് പ്രയോജനപ്പെടുത്തുന്നത്. ബീച്ചുകളിലും, ടൗണ്‍ സെന്ററുകളിലും വീക്കെന്‍ഡില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വീടുകളില്‍ തുടരണമെന്ന് ജനങ്ങളോട് ബോറിസ് ജോണ്‍സണ്‍ അഭ്യര്‍ത്ഥിക്കുമ്പോഴും മറിച്ചാണ് സ്ഥിതി. രൂപമാറ്റം സംഭവിച്ച കൊവിഡ് വേരിയന്റ് രാജ്യത്ത് വ്യാപകമാകുന്ന അവസരത്തിലാണ് ഈ നീക്കങ്ങള്‍.