CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 10 Seconds Ago
Breaking Now

ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാന്‍ ശ്രമിച്ച് യുകെ എംപിമാര്‍; യുകെ-ഇന്ത്യ വ്യാപാര കരാറില്‍ മനുഷ്യാവകാശ വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തണമത്രേ! ഇന്ത്യയില്‍ ക്രിസ്ത്യാനികളും, മുസ്ലീങ്ങളും, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളും വേട്ടയാടപ്പെടുന്നതായി യുകെ എംപിമാരുടെ കണ്ടെത്തല്‍?

ഇന്ത്യന്‍ പാര്‍ലമെന്റ് യുകെയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ വേട്ടയാടല്‍ സംബന്ധിച്ച് ചിന്തിച്ച് നോക്കാനാണ് ലേബര്‍ എംപി ബാരി ഗാര്‍ഡിനര്‍ ആവശ്യപ്പെട്ടത്

ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ബ്രക്‌സിറ്റ് കഴിഞ്ഞതിന്റെ ക്ഷീണത്തില്‍ ഇരിക്കുന്ന ബ്രിട്ടനെ സംബന്ധിച്ച് ഏറെ സുപ്രധാനമാണ്. എന്നാല്‍ ഇത്തരമൊരു വ്യാപാര കരാര്‍ രൂപപ്പെടുമ്പോള്‍ അതില്‍ വ്യവസ്ഥയായി മനുഷ്യാവകാശവും ചേര്‍ക്കണമെന്നാണ് ബ്രിട്ടനിലെ ചില എംപിമാര്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ വേട്ടയാടപ്പെടുന്നതായി ആരോപിച്ച് ഹൗസ് ഓഫ് കോമണ്‍സില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ബ്രിട്ടീഷ് എംപിമാര്‍ ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. 

ഇന്ത്യയില്‍ മുസ്ലീങ്ങളും, ക്രിസ്ത്യാനികളും, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളും വേട്ടയാടപ്പെടുന്നതായി ആരോപിച്ചാണ് കോമണ്‍സില്‍ ചര്‍ച്ച നടന്നത്. ഭാവിയില്‍ ഇന്ത്യയുമായി ഒപ്പുവെയ്ക്കുന്ന വ്യാപാര, നിക്ഷേപ കരാറുകളില്‍ മനുഷ്യാവകാശ നിബന്ധനകള്‍ കൂടി ചേര്‍ക്കണമെന്നാണ് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി (ഡിയുപി) എംപി ജിം ഷാനോണ്‍ യുകെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

'മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നത് ആഭ്യന്തര കലാപങ്ങള്‍ക്ക് കാരണമാകും. ഇത് ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിനും, ഇന്ത്യ-യുകെ ദീര്‍ഘകാല വ്യാപന ബന്ധത്തിനും ഗുണകരമല്ല', ഷാനോണ്‍ പറഞ്ഞു. കൊവിഡ്-19 ആദ്യ ഘട്ടത്തില്‍ വ്യാപനത്തിന് കാരണമായി ഡല്‍ഹിയിലെ ഒരു ചടങ്ങ് മാറിയതോടെ മുസ്ലീങ്ങളെ ബയോ-ടെററിസ്റ്റുകളും, കൊറോണാ-ജിഹാദികളുമായി മുദ്ര കുത്തിയതും, മതംമാറ്റ നിരോധന നിയമങ്ങളും, മതാടിസ്ഥാനത്തിലുള്ള ദേശീയ ഗ്രൂപ്പുകള്‍ ശക്തിയാര്‍ജ്ജിക്കുന്നതും, ജനക്കൂട്ട അക്രമങ്ങളും, എന്‍ആര്‍സിയും സിഎഎയുമായി ആസാമില്‍ പൗരത്വ അവകാശങ്ങള്‍ ഇല്ലാതാക്കിയതും, ബൈബിള്‍ കത്തിച്ചതും, ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അക്രമങ്ങളും, കര്‍ഷക പ്രതിഷേധങ്ങളില്‍ സിഖുകാരെ ലക്ഷ്യം വെയ്ക്കുന്നതുമാണ് ചര്‍ച്ചാവിഷയമായത്. 

ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങളില്‍ സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്ന് ഷാനോണ്‍ ആരോപിച്ചു. യഥാര്‍ത്ഥ സൗഹൃദത്തില്‍ മറ്റുള്ളവരുടെ തെറ്റുകള്‍ക്ക് നേരെ കണ്ണയ്‌ക്കേണ്ടതില്ലെന്ന് കണ്‍സര്‍വേറ്റീവ് എംപി സര്‍ എഡ്വാര്‍ഡ് ലേ പറഞ്ഞു. ഇന്ത്യയില്‍ ഇന്ന് നടക്കുന്ന വേട്ടയാടലുകളില്‍ പ്രതിഷേധം അറിയിക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങള്‍ യുകെ പാര്‍ലമെന്റ് ചര്‍ച്ച ചെയ്തതില്‍ എംപിമാര്‍ എല്ലാവരും തൃപ്തരായിരുന്നില്ല. ഇല്ലാത്ത വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കാന്‍ എംപിമാര്‍ക്ക് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ബ്രീഫ് അയച്ചുനല്‍കി. 

ഇന്ത്യന്‍ പാര്‍ലമെന്റ് യുകെയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ വേട്ടയാടല്‍ സംബന്ധിച്ച് ചിന്തിച്ച് നോക്കാനാണ് ലേബര്‍ എംപി ബാരി ഗാര്‍ഡിനര്‍ ആവശ്യപ്പെട്ടത്. യുകെ മുന്‍ സാമ്രാജ്യ ശക്തിയാണ്, ആ സ്വാധീനം ഗുണമല്ല ഉണ്ടാക്കിയത്, ഒരു മതത്തെ മറ്റൊന്നിന് എതിരെ നിര്‍ത്തുകയും ചെയ്തതിന് മുകളിലല്ല. നമ്മുടെ ഇടപെടല്‍ ഇന്ത്യയിലെ ജനങ്ങള്‍ സ്വീകരിക്കാനോ, നല്ല രീതിയില്‍ കാണുവാനോ സാധ്യതയില്ല, ഗാര്‍ഡിനര്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.