CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 41 Minutes 41 Seconds Ago
Breaking Now

വെറുമൊരു ചായയുണ്ടാക്കുന്ന വീഡിയോ യൂട്യൂബില്‍ എത്രപേര്‍ കാണും..? പാകത്തിന് ക്രിയേറ്റിവിറ്റിയും പശ്ചാത്തലത്തില്‍ കേള്‍ക്കാന്‍ സുഖമുള്ള ഒരല്പം സംഗീതവും ചേര്‍ത്ത് അധികം വലിച്ചു നീട്ടാതെ ഉണ്ടാക്കിയാല്‍ മുപ്പതിനായിരത്തിനും മുകളില്‍ ആളുകള്‍ കാണും എന്ന് മീനു സ്റ്റെഫാന്‍ പറയും.

ആനന്ദ് ടിവിയിലെ രുചിക്കൂട്ട് എന്ന പരിപാടിയിലൂടെ യൂറോപ്യന്‍ മലയാളികളുടെ സ്വീകരണമുറിയില്‍ തന്റെ രുചിവൈഭവങ്ങള്‍ എത്തിച്ച മീനു പാചകരംഗത്ത് ഒരു സോഷ്യല്‍ മീഡിയ സ്റ്റാര്‍ ആയത്അപ്രതീക്ഷിതമായിട്ടാണെങ്കിലും പാചകം മീനുവിന് ഒട്ടും പുതിയതായിരുന്നില്ല.

കാഞ്ഞിരപള്ളിയില്‍ നെടുങ്ങാട് എന്ന സ്ഥലത്ത് കരുവേലില്‍ ജോഷിയുടെയു ബിനുവിന്റെയും മകളായ മീനുവിന് കുട്ടിക്കാലം മുതല്‍ ടിവിയില്‍ കാര്‍ട്ടൂണിനെക്കാളും സിനിമായേക്കാളും ഒക്കെ ഇഷ്ടം കുക്കറി ഷോകള്‍ ആയിരുന്നു. പഠനത്തിന് ശേഷം കൊച്ചിയിലെ പ്രശസ്തമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS) ല്‍ അഞ്ചു വര്‍ഷത്തോളം ഐടി അനലിസ്റ്റ് ആയി ജോലി ചെയ്തു. കമ്പനിയില്‍ കമ്പ്യൂട്ടറിന് മുന്‍പില്‍ ഇരിക്കുമ്പോഴും ഓരോ ദിവസവും പരീക്ഷിക്കേണ്ട പുതിയ വിഭവങ്ങളായിരുന്നു മീനുവിന്റെ മനസില്‍.

2020 ജനുവരിയിലാണ് ലണ്ടനില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ആയി ജോലി ചെയ്യുന്ന,ചങ്ങനാശേരി കരിങ്ങണാമറ്റം കുടുംബാംഗമായ സ്റ്റെഫാന്‍ ജോസഫ് മീനുവിന്റെ ജീവിതത്തിന്റെ പുതിയ രുചിയായി കൂടെ ചേര്‍ന്നത്.

സ്റ്റെഫാന്റെ മാതാപിതാക്കളായ കരിങ്ങണാമറ്റം സോജന്‍ എല്‍സമ്മ ദമ്പതികള്‍ കുടുംബസമേതം വര്‍ഷങ്ങളായി ലണ്ടനില്‍ ആണ് താമസം. വിവാഹത്തിനുശേഷം ഭര്‍ത്താവ് സ്റ്റെഫാനൊപ്പം യു. കെ യില്‍ എത്തി ഐ ടി മേഖലയില്‍ തന്നെ ജോലി അന്വേഷിച്ചു തുടങ്ങിയപ്പോളാണ് കോവിഡ് 19 ന്റെ വരവ്.

ലോക്ക് ഡൗണ്‍ സമയത്തും ജോലിക്കുവേണ്ടിയുള്ള അന്വേഷണം നടക്കുമ്പോഴും വെറുതെ കിട്ടുന്ന കുറെയേറെ സമയത്ത് എന്തുകൊണ്ട് മനസില്‍ ഒളിഞ്ഞു കിടക്കുന്ന രുചിക്കൂട്ടുകളെ പൊടിതട്ടിയെടുത്തുകൂടാ എന്ന ചിന്തയാണ് മീനുവിന്റെ ജീവിതത്തില്‍ പുതിയ വഴിത്തിരിവായത്

*മീനൂസ് മെനു* 

https://youtube.com/channel/UCDU7NVjICLZwtF6zh6MOow

 

ഓരോ ദിവസവും പുതുരുചികള്‍ പരീക്ഷിക്കുന്ന ഭാര്യയോട് "മീനൂ... എന്താ ഇന്നത്തെ മെനു..?" എന്ന സ്റ്റെഫാന്റെ ഒരു ചോദ്യത്തില്‍ നിന്നാണ് മീനൂസ് മെനുവിന്റെ തുടക്കം. കഴിക്കാന്‍ മാത്രമല്ല, കാണാനും 'കിടു'വായ മീനുവിന്റെ വിഭവങ്ങള്‍ വെറുതെ ക്യാമറയില്‍ ക്ലിക്ക് ചെയ്തു

തുടങ്ങിയിടത്തുനിന്നാണ് മീനൂസ് മെനു എന്ന ഇന്‍സ്റ്റാഗ്രാം പേജ് ആരംഭിക്കുന്നത്. കണ്ടാല്‍ തന്നെ കൊതിയൂറുന്ന കിടിലന്‍

വിഭവങ്ങളും ഒപ്പം ചെറിയ തോതില്‍ പ്രോഡക്ട് ഫോട്ടോഗ്രാഫിയും ഒപ്പം സ്റ്റെഫാന്റെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പരിപൂര്‍ണ്ണ പിന്തുണയും ഒക്കെക്കൊണ്ട് സംഗതി ക്ലിക്ക് ആയിത്തുടങ്ങ കാര്യമായ പരിശ്രമങ്ങള്‍ ഒന്നും ഇല്ലാതെതന്നെ ഏതാനും മാസങ്ങള്‍ കൊണ്ട എണ്ണായിരത്തോളം പേര്‍ ചാനല്‍ ഫോളോ ചെയ്യുകയും അധികം വൈകാതെ

യുകെ യിലെ പ്രശസ്ത ബ്രാന്‍ഡുകളായ കോക്കനട്ട്‌സ് ഓര്‍ഗാനിക്, വിക്കഡ് കുക്കീസ് എന്നിവ പ്രോഡക്ട് പ്രൊമോഷനു വേണ്ടി സമീപിക്കുകയും ചെയ്തപ്പോളാണ് ലോക്ക് ഡൗണില്‍ നേരംപോക്കിന് തുടങ്ങിയ പരിപാടി ഒരു വഴിത്തിരിവാകുകയാണെന്ന് മീനു തന്നെ തിരിച്ചറിയുന്നത്. എന്തുകൊണ്ട് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിക്കൂടാ എന്ന് പലരും ഇതിനോടകം ചോദിച്ചു തുടങ്ങിയിരുന്നു. ഒടുവില്‍ മീനൂസ് മെനു എന്ന പേരില്‍ തന്നെ യുട്യൂബ് ചാനലും തുടങ്ങി. ആ പേരില്‍ തന്നെ മറ്റൊരു ചാനല്‍ ഉണ്ടായിരുന്നതുകൊണ്ട് സുഹൃത്തുക്കളൊക്കെ ആശങ്ക പ്രകടിപ്പിച്ചെങ്കിലും ആ

പേര് തന്നെ മതിയെന്ന് മീനുവും സ്റ്റെഫാനും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. ഒരു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ആദ്യ വീഡിയോ മുപ്പതിനായിരത്തിലേറെ പേര്‍ കണ്ടതോടെ മീനുവിന് ആവേശമായി.

വിഡിയോ എഡിറ്റിങ്ങോ ഫോട്ടോഗ്രാഫിയോ ഒന്നും പ്രൊഫഷണല്‍ ആയി പഠിച്ചിട്ടില്ലാത്ത മീനുവിന്റെ ആദ്യത്തെ 'ചായ' വീഡിയോ കണ്ട എല്ലാവര്‍ക്കും

ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല പലര്‍ക്കും പ്രചോദനം നല്‍കുന്നതും ആയിരുന്നു. അതുപോലെ ഒരു മിനിറ്റില്‍ താഴെ മാത്രമുള്ള വേറെയും അടിപൊളി വീഡിയോകള്‍ മീനൂസ് മെനുവില്‍ കാണാം.

മീനു പരിചയപ്പെടുത്തുന്ന റെസിപ്പികള്‍ എല്ലാം തന്നെ വളരെ ലളിതവും ഇതുവരെ പാചകം പരീക്ഷിച്ചിട്ടില്ലാത്തവര്‍ക്കുപോലും വളരെ എളുപ്പത്തില്‍ തയാറാക്കാവുന്നതുമായ വിഭവങ്ങളാണ്. മിക്ക വീഡിയോകളും അഞ്ചോ ആറോ മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ളതായതുകൊണ്ട്

പാചകത്തോട് അല്പമെങ്കിലും താല്‍പര്യമുള്ളവര്‍ക്ക് ഏത് തിരക്കിനിടയിലും കാണാവുന്നതാണ്. പാചകം അത്രയ്ക്കങ്ങ് ഇഷ്ടമില്ലാതിരുന്ന പല സുഹൃത്തുക്കളും മീനുവിന്റെ വണ്‍ മിനിറ്റ് വീഡിയോകള്‍ കണ്ടശേഷം

'എന്നാല്‍ ഒരുകൈ നോക്കിക്കളയാം' എന്ന് പറഞ്ഞ് പാചകം ചെയ്ത് തുടങ്ങിയെന്നത് പറയുമ്പോള്‍ മീനുവിന് അഭിമാനമാണ്.

ഇതൊരു തുടക്കം മാത്രമാണെന്നും മീനുവിന് അറിയാം. ഇനിയും ഒരുപാട് അറിയാനും പഠിക്കാനും ഉണ്ടെന്നും മീനു പറയുന്നു. പാചക രംഗത്ത് കൂടുതല്‍

പരീക്ഷണങ്ങളും ഗവേഷണങ്ങളുമായി മീനു തിരക്കിലാണ്...പാചകത്തോടൊപ്പം അല്പസ്വല്പം കരകൗശലവും അലങ്കാരങ്ങളും ഒക്കെ മീനുവിന്റെ കയ്യിലുണ്ട്. എന്തിനും ഏതിനും കൂടെയുള്ള ഭര്‍ത്താവിന്റെ

പരിപൂര്‍ണ്ണ പിന്തുണയും, ഒപ്പം വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പ്രോത്സാഹനവും ഒക്കെയായി പാചക രംഗത്തും ഫുഡ് ബ്ലോഗിംഗ്, ഫുഡ് ഫോട്ടോഗ്രാഫി രംഗങ്ങളിലും പുതിയ ഉയരങ്ങള്‍ കീഴടക്കാം എന്ന പ്രതീക്ഷയിലാണ് മീനു.

 




കൂടുതല്‍വാര്‍ത്തകള്‍.