സ്കൂളുകള്‍ ഈസ്റ്റര്‍ ഹോളിഡേ വരെയെങ്കിലും അടഞ്ഞ് കിടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ ക്ലാസ്റൂമുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ മൂന്ന് മാസം കൂടി അകറ്റിനിര്ത്തപ്പെടുമെന്നാണ് വിദ്യാഭ്യാസ മേധാവികള്‍ പങ്കുവെയ്ക്കുന്ന ആശങ്ക. യുകെയില്‍ കൊവിഡ് കേസുകള്‍ വീണ്ടും താഴ്ന്നെങ്കിലും ഏപ്രില്‍ ആദ്യ വാരം വരെയെങ്കിലും വിദ്യാര്‍ത്ഥികള്‍ ഹോം സ്കൂളില്‍ തുടരേണ്ടി വരുമെന്നാണ് സ്കൂള്‍ മേധാവികളുടെ വിശ്വാസം.
ഇംഗ്ലണ്ടില്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണ്‍ വിലക്കുകള്‍ മാര്‍ച്ച് വരെയെങ്കിലും നീക്കം ചെയ്യാന്‍ സാധിച്ചേക്കില്ലെന്ന് ഫോറിന് സെക്രട്ടറി ഡൊമനിക് റാബ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് ആശങ്കകള്‍ ശക്തമാകുന്നത്. മാര്‍ച്ചില്‍ സ്കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമോയെന്ന ചോദ്യത്തിന് സ്ഥിരീകരണം നല്കാന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോകും തയ്യാറാകാതെ വന്നത് സംശയങ്ങള്‍ ശക്തമാക്കി. അതേസമയം ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴി കണ്ടെത്താനാണ് ടോറി എംപിമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഫെബ്രുവരി പകുതിയാണ് നിലവിലെ ലോക്ക്ഡൗണ്‍ പരിധി അവസാനിക്കുന്നത്.
ഇതിനിടെ വാക്സിനേഷന് ലഭിച്ച ജനങ്ങളുടെ എണ്ണം 4 മില്ല്യണ്‍ എത്തിച്ചേരുകയും, ഇന്ഫെക്ഷന് കണക്കുകള്‍ കുറയുന്നത് തുടരുകയും ചെയ്യുകയാണ്. 37,535 പുതിയ കേസുകളാണ് ബ്രിട്ടന് ഒടുവില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴും ഇംഗ്ലണ്ട് നേരിടുന്ന കര്‍ശന വിലക്കുകളില്‍ എപ്പോള്‍ ഇളവ് വരുമെന്ന് ബോറിസ് ജോണ്സണ് വ്യക്തമാക്കിയിട്ടില്ല. സ്കൂളുകള്‍ എപ്പോള്‍ തുറക്കുമെന്ന് നിശ്ചയിക്കാന്‍ സമയമായിട്ടില്ലെന്ന് സര്‍ക്കാര്‍ ശ്രോതസ്സുകള്‍ പ്രതികരിച്ചു. ലോക്ക്ഡൗണ്‍ ഉദ്ദേശിച്ച ഫലം കണ്ടാല്‍ ആദ്യം തുറക്കുന്നത് സ്കൂളുകള്‍ തന്നെയാകുമെന്നാണ് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നത്.
ലോക്ക്ഡൗണ്‍ ഇളവ് വരുമ്പോള്‍ സ്കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതാണ് മുന്‍ഗണനയിലുള്ള വിഷയമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിനുള്ള തീയതി ഇപ്പോഴും നിശ്ചയിച്ചിട്ടില്ല. ഈസ്റ്റര്‍ ഹോളിഡേ വരെയെങ്കിലും സ്കൂള്‍ തുറക്കില്ലെന്നതാണ് നിലവിലെ നിലപാടെന്ന് പ്രമുഖ അക്കാഡമി ശൃംഖല നേതാവ് സ്റ്റീവ് ചോക്ക് മുന്നറിയിപ്പ് നല്കി. സ്കൂളില്‍ ജോലിക്ക് പോകുന്നത് സുരക്ഷിതമല്ലെന്നാണ് അധ്യാപകരുടെയും ചിന്ത.