CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 48 Seconds Ago
Breaking Now

ബ്രിട്ടനില്‍ നാശംവിതച്ച് ക്രിസ്റ്റോഫ് കൊടുങ്കാറ്റ്; അടുത്ത ആഴ്ച യുകെയിലെ ഓരോ ഭാഗങ്ങളും ഒരുങ്ങി ഇരിക്കണമെന്ന് ബോറിസ് ജോണ്‍സന്റെ മുന്നറിയിപ്പ്; നോര്‍ത്ത് ഇംഗ്ലണ്ടില്‍ ആയിരക്കണക്കിന് ഭവനങ്ങളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു; ശക്തമായ മഴയ്‌ക്കൊപ്പം മഞ്ഞും ചേര്‍ന്ന് കാര്യങ്ങള്‍ കുഴപ്പത്തിലാക്കും

അവസാനം ക്രിസ്‌റ്റോഫ് കൊടുങ്കാറ്റ് ഈസ്റ്റ് മേഖലയിലേക്ക് നീങ്ങുന്നതോടെ കൂടുതല്‍ മഞ്ഞിനുള്ള സാധ്യതയാണ് മെറ്റ് ഓഫീസ് ഉയര്‍ത്തുന്നത്

ക്രിസ്റ്റോഫ് കൊടുങ്കാറ്റ് ബ്രിട്ടനില്‍ ആഞ്ഞുവീശിയപ്പോള്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ രൂപപ്പെട്ട വെള്ളപ്പൊക്കത്തില്‍ മുങ്ങിയ ആയിരക്കണക്കിന് വീടുകളില്‍ നിന്ന് രാത്രിയോടെ താമസക്കാരെ രക്ഷപ്പെടുത്തി. അടുത്ത ആഴ്ച കൂടുതല്‍ ശക്തമായ മഴ പെയ്തിറങ്ങുമ്പോള്‍ ബ്രിട്ടന്റെ ഓരോ ഭാഗത്തുള്ളവരും ഒരുങ്ങി ഇരിക്കാനും, സഹായം ലഭ്യമാക്കുമെന്നുമാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ വാഗ്ദാനം. 

ഈസ്റ്റ് ഡിഡ്‌സ്ബറി, വെസ്റ്റ് ഡിഡ്‌സ്ബറി, നോര്‍ത്തെന്‍ഡെന്‍ എന്നിവിടങ്ങളിലെ വീടുകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ പോലീസും, ഫയര്‍ ഫൈറ്റേഴ്‌സും മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലിനൊപ്പം രംഗത്തിറങ്ങി. റൂത്തിന്‍, നോര്‍ത്ത് വെയില്‍സ്, മാഗള്‍ തുടങ്ങിയ ഭാഗങ്ങളില്‍ വെള്ളം ഉയര്‍ന്ന് തുടങ്ങിയതോടെ ഇവിടെ നിന്നുള്ളവരോട് വീടുകളില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടില്‍ 130 ഇടങ്ങളിലാണ് എന്‍വയോന്‍മെന്റ് ഏജന്‍സി വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. അത്ര ഗുരുതരമല്ലാത്ത 225 വെള്ളപ്പൊക്ക ജാഗ്രതാ നിര്‍ദ്ദേശങ്ങളും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. 

അതിശക്തമായ മഴ പെയ്തതോടെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, നോര്‍ത്തംബര്‍ലാന്‍ഡ്, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളിലെ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കൗണ്‍സിലുകള്‍ ആളുകളെ ഒഴിപ്പിക്കാനും, വെള്ളപ്പൊക്കത്തില്‍ നിന്നും തീരങ്ങളെ സംരക്ഷിക്കാനുമുള്ള നെട്ടോട്ടത്തിലാണ്. ആളുകള്‍ വീടുകള്‍ വിട്ടോടുമ്പോള്‍ കൊവിഡ്-19 കേസുകള്‍ ഉയരാതെ പിടിച്ചുനിര്‍ത്തണമെന്ന തലവേദന കൂടി ചേര്‍ന്നത് അധികൃതര്‍ക്ക് തലവേദനയായി. കൊടുങ്കാറ്റ് മൂലം നോര്‍ത്തേണ്‍ മേഖലകളില്‍ 30 സെന്റിമീറ്റര്‍ വരെ മഞ്ഞ് പെയ്‌തേക്കാമെന്നാണ് മുന്നറിയിപ്പ്. 

ഈ ആഴ്ച അവസാനം ക്രിസ്‌റ്റോഫ് കൊടുങ്കാറ്റ് ഈസ്റ്റ് മേഖലയിലേക്ക് നീങ്ങുന്നതോടെ കൂടുതല്‍ മഞ്ഞിനുള്ള സാധ്യതയാണ് മെറ്റ് ഓഫീസ് ഉയര്‍ത്തുന്നത്. സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്ത് അയര്‍ലണ്ട് എന്നിവിടങ്ങളിലാണ് ഇതിന്റെ പ്രഭാവം കാണുക. വീടുകള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടാല്‍ ഇത് അനുസരിക്കാന്‍ ആളുകള്‍ തയ്യാറാകണമെന്ന് കോബ്രാ യോഗത്തിന് ശേഷം പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ 120എംഎം -ലേറെ മഴ പെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പുകള്‍.  




കൂടുതല്‍വാര്‍ത്തകള്‍.