CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 2 Seconds Ago
Breaking Now

ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് രേഖപ്പെടുത്താന്‍ അധികൃതര്‍ക്ക് തിടുക്കമോ? തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വൈറസ് ഇരകളെന്ന് തെറ്റായി സര്‍ട്ടിഫൈ ചെയ്തതായി ആരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്ത്; അന്വേഷണം ആവശ്യപ്പെട്ട് എംപിമാരും, മെഡിക്കല്‍ വിദഗ്ധരും; സത്യം പുറത്ത് വരുമോ?

മരണസംഖ്യയില്‍ ആത്മവിശ്വാസമുള്ളതായാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവിന്റെ പ്രതികരണം.

ബ്രിട്ടനില്‍ കൊവിഡ് കാലത്ത് നടന്ന മറ്റ് മരണങ്ങളും കൊവിഡ്-19 മരണങ്ങളായി രേഖപ്പെടുത്തിയതായി ആരോപണം. നിരവധി കുടുംബങ്ങളാണ് തെറ്റായി മരണങ്ങള്‍ സര്‍ട്ടിഫൈ ചെയ്തതായി പരാതിപ്പെട്ട് മുന്നോട്ട് വന്നിരിക്കുന്നത്. ഇതോടെ നിരവധി മരണങ്ങള്‍ അനാവശ്യമായി വൈറസിന്റെ തലയില്‍ ചുമത്തിയതിനെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഉന്നത മെഡിക്കല്‍ വിദഗ്ധരും, എംപിമാരും രംഗത്തെത്തി. 

മരണസംഖ്യ കുതിച്ചുയര്‍ന്നതിന് പിന്നില്‍ ദേശീയ അഴിമതി തന്നെ നടന്നിട്ടുണ്ടെന്നാണ് ഒരു ഫ്യൂണറല്‍ ഡയറക്ടറുടെ ആരോപണം. ഡിമെന്‍ഷ്യയും, ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി രോഗവും ഉണ്ടായിരുന്ന പിതാവിന്റെ മരണം കൊറോണാവൈറസ് ബാധിച്ചാണ് നടന്നതെന്ന് രേഖപ്പെടുത്തിയതായി ബെല്‍ മൂണി ഡെയ്‌ലി മെയിലില്‍ ലേഖനം എഴുതിയതോടെയാണ് നൂറുകണക്കിന് പേര്‍ സംശയങ്ങള്‍ ആവര്‍ത്തിച്ചത്. 

പ്രായമായവും, മറ്റ് അസുഖങ്ങള്‍ ബാധിച്ച് അവശരായവരുടെയും മരണങ്ങള്‍ക്ക് വൈറസാണെന്ന് കാരണമെന്ന് തെറ്റായി രേഖപ്പെടുത്തുകയാണ് ചെയ്തതെന്നാണ് ഇവര്‍ സംശയിക്കുന്നത്. ഇതില്‍ എട്ട് കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണം കൊവിഡ്-19 ബാധിച്ചല്ലെന്ന് ഡോക്ടര്‍മാരെ കൊണ്ട് റിപ്പോര്‍ട്ട് തിരുത്താനും സാധിച്ചുവെന്നത് സംശയങ്ങളുടെ ആക്കം കൂട്ടുന്നു. മഹാമാരി സംബന്ധിച്ച് എത്രയും പെട്ടെന്ന് പബ്ലിക് ഇന്‍ക്വയറി നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കൊറോണാവൈറസ് ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ചെയറും, ലിബറല്‍ ഡെമോക്രാറ്റ് എംപിയുമായ ലെയ്‌ലാ മോറാന്‍ ആവശ്യപ്പെട്ടു. എല്ലാ കൊവിഡ് മരണങ്ങള്‍ സംബന്ധിച്ചും ഇടക്കാല അന്വേഷണം നടത്തി എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യാനും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. 

ചില മരണങ്ങള്‍ തെറ്റായി കൊവിഡ്-19ന്റെ തലയില്‍ ഇട്ടിരിക്കുമെന്ന് ഉറപ്പാണെന്ന് കോമണ്‍സ് ഹെല്‍ത്ത് കമ്മിറ്റി അംഗവും, ടോറി എംപിയുമായ പോള്‍ ബ്രിസ്‌റ്റോ പറഞ്ഞു. ഈ കണക്കുകള്‍ അനുസരിച്ചാണ് മഹാമാരിയോട് പ്രതികരിച്ചിട്ടുള്ളത്. അതിനാല്‍ ഭാവിയിലെ അന്വേഷണങ്ങളില്‍ കണക്കുകള്‍ കൃത്യമായിരുന്നോയെന്ന് പരിശോധിക്കണം, അദ്ദേഹം വ്യക്തമാക്കി. കൊവിഡ് കാലത്ത് മരണങ്ങള്‍ രേഖപ്പെടുത്തിയത് ദേശീയ അഴിമതിയാണെന്നാണ് നോര്‍ത്ത് വെസ്റ്റില്‍ നിന്നുള്ള ഫ്യൂണറല്‍ ഡയറക്ടര്‍ മെയിലിനോട് പ്രതികരിച്ചത്. 

കഴിഞ്ഞ വര്‍ഷത്തെ സുപ്രധാന രോഗമായതിനാല്‍ മരണങ്ങള്‍ ഈ വിഭാഗത്തില്‍ രേഖപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ സമ്മര്‍ദം നേരിട്ടതായി മെഡിക്കല്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. അതേസമയം മരണസംഖ്യയില്‍ ആത്മവിശ്വാസമുള്ളതായാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവിന്റെ പ്രതികരണം. 




കൂടുതല്‍വാര്‍ത്തകള്‍.