
















ഇറാനില്‍ ട്രംപ് തുടങ്ങിവെച്ച യുദ്ധം എങ്ങുമെത്താതെ നില്‍ക്കുകയാണ്. ഇരുഭാഗവും ജയിച്ചുവെന്ന് അവകാശപ്പെടുന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍ ഇതിലൊന്നും പങ്കെടുക്കാത്ത മറ്റ് രാജ്യങ്ങള്‍ തോറ്റ് നില്‍ക്കുന്നു. ലോകത്തിന്റെ ഊര്‍ജ്ജവിതരണം വലിയ തോതില്‍ തടസ്സപ്പെട്ടതോടെ ഇന്ധന, ഗ്യാസ് ക്ഷാമം ബ്രിട്ടനില്‍ ഉള്‍പ്പെടെ വിലക്കയറ്റത്തിനും, സാമ്പത്തിക ഞെരുക്കത്തിനും കാരണമാകുകയാണ്.
'ട്രംപ്ഫ്‌ളേഷന്‍' എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ മൂലം ബ്രിട്ടനിലെ വിവിധ മേഖകളില്‍ ആഘാതം സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. ഇതില്‍ പ്രധാനമായി മാറുന്നത് ഭവന വിപണിയാണ്. നിലവിലെ സാഹചര്യങ്ങള്‍ സാമ്പത്തിക ഞെരുക്കം വര്‍ദ്ധിപ്പിക്കുകയും, ഉയര്‍ന്ന പലിശ നിരക്കുകള്‍ക്ക് കാരണമാകുകയും ചെയ്യുമ്പോള്‍ ഈ വര്‍ഷം ഭവനവില 5 ശതമാനമെങ്കിലും ഇടിയുമെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.
മിഡില്‍ ഈസ്റ്റ് യുദ്ധത്തിന്റെ തിരിച്ചടിയായി ബ്രിട്ടനിലെ ഫസ്റ്റ്‌ടൈം ബയേഴ്‌സ് പതിയെ വിപണിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഡെച്ച് ബാങ്ക് പറയുന്നു. കൂടാതെ വീട് മാറാന്‍ ഉദ്ദേശിക്കുന്നവരും തല്‍ക്കാലം ആഗ്രഹം ഒതുക്കും. 'ഇറാന്‍ സംഘര്‍ഷം ഹൗസിംഗ് വിപണിയുടെ പെട്ടെന്നുള്ള തിരിച്ചുവരവിന് വിഘാതം സൃഷ്ടിച്ചിരിക്കുകയാണ്', ഡെച്ച് ബാങ്ക് ചീഫ് യുകെ ഇക്കണോമിസ്റ്റ് സഞ്ജയ് രാജ പറഞ്ഞു.
മിഡില്‍ ഈസ്റ്റ് യുദ്ധം ലോകത്ത് മുഴുവന്‍ പ്രതിഫലനം സൃഷ്ടിക്കുന്നുവെന്നതിന്റെ പുതിയ ഉദാഹരണമാണ് യുകെയുടെ അനുഭവം. മാര്‍ച്ച് മാസത്തിലെ ഭവനവിലയില്‍ 0.5 ശതമാനം പ്രതിമാസ ഇടിവ് നേരിട്ടുവെന്നാണ് ഹാലിഫാക്‌സ് വ്യക്തമാക്കുന്നത്. യുദ്ധം മൂലം എനര്‍ജി സപ്ലൈ കടുത്ത സമ്മര്‍ദത്തിലാണ്. ആഗോള എണ്ണ, ഗ്യാസ് വിലയെ ഇത് പ്രതിസന്ധിയിലാക്കിയതോടെയാണ് സമ്പദ് വ്യവസ്ഥയില്‍ തിരിച്ചടികള്‍ നേരിടുന്നത്.