CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 2 Minutes 36 Seconds Ago
Breaking Now

ബ്രിട്ടനില്‍ സാധാരണ ജീവിതം തിരിച്ചുകിട്ടാന്‍ അടുത്ത സമ്മര്‍ വരെ കാത്തിരിക്കണം; ജനത്തിന് പ്രതീക്ഷ മങ്ങുന്നു; ഒരാഴ്ചയ്ക്കിടെ വൈറസ് പിടിപെട്ടത് 750,000 പേര്‍ക്ക്; ഹോട്ട്‌സ്‌പോട്ടുകളായ നോര്‍ത്ത് ഈസ്റ്റിലും, നോര്‍ത്ത് വെസ്റ്റിലും കേസുകള്‍ കുറയുന്നു

എന്‍എച്ച്എസ് കൊവിഡ് ആപ്പ് മുന്നറിയിപ്പ് നല്‍കുന്നതിനാല്‍ ക്വാറന്റൈനിലാകുന്നവരുടെ എണ്ണം വിവിധ മേഖലകളെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് ആശങ്ക

'ഇപ്പോള്‍ കിട്ടും' എന്ന് തോന്നിച്ച സാധാരണ ജീവിതം വാക്‌സിനേഷന്‍ ഉയരുമ്പോഴും അകന്ന് പോകുകയാണ്. അതിന് കാരണമാകുന്നതാകട്ടെ വാക്‌സിന്‍ സ്വീകരിക്കുന്നത് അത്യവശ്യമല്ലെന്ന് കരുതുന്ന യുവാക്കളും. സ്ഥിതി ഇങ്ങനെ പോകുമ്പോള്‍ ബ്രിട്ടനിലെ ജനങ്ങളുടെ മനസ്സില്‍ ഒരു കാര്യം ഏറെക്കുറെ ഉറപ്പായ സ്ഥിതിയാണ്. കൊവിഡ് മഹാമാരിക്ക് മുന്‍പുള്ള ആ ജീവിതം തിരികെ ലഭിക്കാന്‍ അടുത്ത വേനല്‍ക്കാലം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് അവര്‍ തിരിച്ചറിയുന്നത്. 

മൂന്നിലൊന്ന് ജനങ്ങളും സാധാരണ ജീവിതം മടങ്ങിയെത്താന്‍ അടുത്ത വര്‍ഷം ആകുമെന്ന് കരുതുന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് വിലക്കുകള്‍ ജൂലൈ 19ന് നീക്കാന്‍ ഒരുങ്ങുമ്പോള്‍ സാധാരണ ജീവിതെ മടങ്ങിയെത്താന്‍ ഒരു വര്‍ഷം കൂടി വേണ്ടിവരുമെന്ന് വിശ്വസിക്കുന്നവരുടെ എണ്ണമേറുകയാണ് ചെയ്തത്. 

കൊവിഡ്-19 വ്യാപനം കുറയ്ക്കാന്‍ ഷോപ്പിംഗിന് പോകുമ്പോള്‍ മാസ്‌ക് ധരിക്കുന്നതും, അന്യരില്‍ നിന്ന് സാമൂഹിക അകലം പാലിക്കുന്നതും സുപ്രധാനമാണെന്ന് കരുതുന്ന മുതിര്‍ന്നവരുടെ എണ്ണം 90 ശതമാനമാണ്. ഇംഗ്ലണ്ടില്‍ കൊറോണാവൈറസ് കേസുകള്‍ വീണ്ടും ഉയരുന്ന ഘട്ടത്തിലാണ് തങ്ങളുടെ പങ്കാളിത്തത്തെ കുറിച്ച് ജനങ്ങളുടെ ധാരണ തിരുത്തപ്പെടുന്നത്. ഒഎന്‍എസ് കണക്ക് പ്രകാരം കഴിഞ്ഞ ആഴ്ചയില്‍ ഇംഗ്ലണ്ടില്‍ ഏഴര ലക്ഷം പേര്‍ക്ക് ഇന്‍ഫെക്ഷന്‍ പിടിപെട്ടു. 75-ല്‍ ഒരാള്‍ക്ക് വീതം വൈറസ് പിടിപെട്ടെന്ന കണക്ക് പ്രകാരമാണിത്. 

രാജ്യത്തിന്റെ കൊവിഡ് തലസ്ഥാനമായി മാഞ്ചസ്റ്റര്‍ ഇപ്പോഴും തുടരുകയാണ്. 27-ല്‍ ഒരാള്‍ക്ക് വീതം ഇവിടെ വൈറസുണ്ട്. ആദ്യ രണ്ട് വ്യാപനങ്ങളെ അപേക്ഷിച്ച് യുവാക്കളാണ് ഇപ്പോള്‍ ഇന്‍ഫെക്ഷന്‍ പടര്‍ത്തുന്നത്. പ്രായമായവരെ ലക്ഷ്യം വെച്ച് വാക്‌സിനേഷന്‍ നല്‍കിയതാണ് പ്രശ്‌നങ്ങള്‍ കുറച്ചത്. ഒഎന്‍എസ് റിപ്പോര്‍ട്ട് പ്രകാരം സെക്കന്‍ഡറി സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ക്കും, 24ല്‍ താഴെ പ്രായമുള്ളവര്‍ക്കും വൈറസ് പിടിപെടാനുള്ള സാധ്യത 12 ഇരട്ടിയാണ്. 

ഡെല്‍റ്റ വേരിയന്റ് ആഞ്ഞടിച്ച നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് മേഖലകളില്‍ കേസുകള്‍ കുറയാന്‍ തുടങ്ങിയിട്ടുണ്ട്. കേസുകള്‍ കുറയുന്നത് താല്‍ക്കാലികമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം എന്‍എച്ച്എസ് കൊവിഡ് ആപ്പ് മുന്നറിയിപ്പ് നല്‍കുന്നതിനാല്‍ ക്വാറന്റൈനിലാകുന്നവരുടെ എണ്ണം വിവിധ മേഖലകളെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് ആശങ്ക. 




കൂടുതല്‍വാര്‍ത്തകള്‍.