CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 27 Seconds Ago
Breaking Now

2008ന് ശേഷം ആദ്യമായി ഒളിംപിക് വേദിയില്‍ ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങി; ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം എറിഞ്ഞുവീഴ്ത്തി ഇന്ത്യയുടെ 'സുവര്‍ണ്ണപുത്രനായി' നീരജ് ചോപ്ര; മെഡല്‍ നേട്ടം മില്‍ഖാ സിംഗിനും, പി.ടി. ഉഷയ്ക്കും സമര്‍പ്പിച്ച് ചോപ്ര

നീരജ് ചോപ്രയുടെ സ്വര്‍ണ്ണ നേട്ടത്തോടെ ഇക്കുറി ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് 7 മെഡലുകളായി

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ രണ്ടാമത്തെ വ്യക്തിഗത സ്വര്‍ണ്ണനേട്ടം കുറിച്ച് നീരജ് ചോപ്ര. 2008ല്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണ്ണം നേടിയ ശേഷം ആദ്യമായി ഒളിംപിക് വേദിയില്‍ ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങി. ടോക്യോയില്‍ 87.57 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ചരിത്രപരമായ സ്വര്‍ണ്ണ മെഡല്‍ നേടിയത്. 

നീരജ് ചോപ്രയുടെ സ്വര്‍ണ്ണ നേട്ടത്തോടെ ഇക്കുറി ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് 7 മെഡലുകളായി. 2012ല്‍ ലണ്ടനില്‍ നേടിയ 6 മെഡലുകളാണ് ഇതിന് മുന്‍പുള്ള ഇന്ത്യയുടെ മികച്ച നേട്ടം. ഇന്ത്യക്കായി ഇതിന് മുന്‍പ് മറ്റൊരു അത്‌ലറ്റിനും നേടാന്‍ കഴിയാത്ത സുവര്‍ണ്ണ നേട്ടമാണ് ഈ 23-കാരന്‍ കരസ്ഥമാക്കിയത്. 

1900 മുതല്‍ ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ ഒരു സ്വര്‍ണ്ണം ഇന്ത്യക്കായി സാങ്കേതികമായി ആര്‍ക്കും നേടാന്‍ കഴിഞ്ഞിട്ടില്ല. രണ്ടാമത്തെ ത്രോയിലാണ് നീരജ് ചോപ്ര സ്വര്‍ണ്ണനേട്ടം കുറിച്ച ദൂരം കടന്നത്. മറ്റ് എതിരാളികളൊന്നും ആ ദൂരത്തില്‍ എത്തിച്ചേര്‍ന്നില്ല. 

സ്വര്‍ണ്ണത്തെ കുറിച്ചല്ല എന്തെങ്കിലും പ്രത്യേകിച്ച് ഒരു കാര്യം ചെയ്യണമെന്ന് മാത്രമാണ് ചിന്തിച്ചതെന്ന് നീരജ് പ്രതികരിച്ചു. തന്റെ മെഡല്‍ ഇതിഹാസ സ്പ്രിന്റര്‍ മില്‍ഖാ സിംഗിനും, പി. ടി. ഉഷയ്ക്കും, ഒളിംപിക് മെഡലിന് അരികിലെത്തിയ മറ്റ് അത്‌ലറ്റുകള്‍ക്കുമാണ് നീരജ് സമര്‍പ്പിച്ചത്. 

വേദിയില്‍ ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ തനിക്ക് കരയാനാണ് തോന്നിയതെന്ന് നീരജ് വെളിപ്പെടുത്തി. ഹരിയാനയിലെ പാനിപത്തിലാണ് നീരജ് ജനിച്ചത്. 2018 ഏഷ്യന്‍ ഗെയിംസ്, 2018 കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ സ്വര്‍ണ്ണം നേടിയിട്ടുള്ള നീരജ് 2016ല്‍ പോളണ്ടില്‍ വെച്ച് നടന്ന ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടാണ് ലോകശ്രദ്ധയിലേക്ക് ഉയര്‍ന്നത്. 

2016ല്‍ ഇന്ത്യന്‍ ആര്‍മിയില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി നിയമിതനായ നീരജ് ഇപ്പോള്‍ സുബേദാര്‍ റാങ്കിലാണ്. 23-ാം വയസ്സില്‍ റെക്കോര്‍ഡ് പുസ്തകത്തില്‍ തന്റെ പേരെഴുതിചേര്‍ത്ത നീരജിന് മുന്നില്‍ 2024 പാരീസ് ഒളിംപിക്‌സ് കാത്തിരിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.