CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 51 Minutes 14 Seconds Ago
Breaking Now

ബ്രിട്ടന്റെ കൊവിഡ് പ്രതിരോധം വമ്പന്‍ പരാജയം; പ്രായമായവരെ കുറിച്ച് ചിന്തിച്ച് പോലുമില്ല; കെയര്‍ ഹോമുകളില്‍ ആയിരങ്ങള്‍ മരിച്ചുവീണത് അനാവശ്യമായി; 37 ബില്ല്യണ്‍ പൗണ്ടിന്റെ ടെസ്റ്റ് & ട്രേസ് പൊളിവ്; സര്‍ക്കാര്‍ വീഴ്ചകള്‍ തുറന്നിട്ട് ആദ്യത്തെ അന്വേഷണ റിപ്പോര്‍ട്ട്

വിദേശത്ത് നിന്നാണ് കേസുകള്‍ എത്തിച്ചേരുന്നതെന്ന് വ്യക്തമായിട്ടും അതിര്‍ത്തി നിയന്ത്രണങ്ങള്‍ മയപ്പെടുത്തുകയും ചെയ്തു

ബ്രിട്ടനിലെ കെയര്‍ ഹോമുകളില്‍ മഹാമാരി കാലത്ത് ആയിരക്കണക്കിന് അന്തേവാസികളാണ് മരിച്ചുവീണത്. യൂറോപ്പിലെ കെയര്‍ ഹോമുകളില്‍ ഈ വിധം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നേരിട്ടത് ബ്രിട്ടനിലാണ്. എന്നാല്‍ ഈ മരണങ്ങള്‍ തികച്ചും അനാവശ്യവും, തടയാന്‍ കഴിയുന്നതുമായിരുന്നുവെന്നാണ് ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ എംപിമാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 

കൊവിഡ് പ്രതിസന്ധി സംബന്ധിച്ച് ബ്രിട്ടനിലെ ആദ്യത്തെ പ്രധാന അന്വേഷണ റിപ്പോര്‍ട്ടിലാണ് കെയര്‍ ഹോമുകളിലെ ദാരുണമായ മരണങ്ങള്‍ തടയാന്‍ കഴിയുമായിരുന്നുവെന്ന് വ്യക്തമാക്കിയത്. എന്നാല്‍ പ്രായമായവരെ കുറിച്ച് പിന്നീടാണ് ഗവണ്‍മെന്റ് ചിന്തിച്ചതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഹൗസ് ഓഫ് കോമണ്‍സിലെ ഹെല്‍ത്ത് & സയന്‍സ് കമ്മിറ്റികളുടെ സംയുക്ത റിപ്പോര്‍ട്ടിലാണ് ഈ വിധത്തിലുള്ള നിരവധി പരാജയങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 

ശാസ്ത്രീയ ഉപദേശകര്‍ വൈറസിനെ അടിച്ചമര്‍ത്തുന്നതിന് പകരം വൈറസിന്റെ വ്യാപനം നിയന്ത്രിക്കുകയെന്ന മന്ത്രമാണ് സര്‍ക്കാരിന് ഉപദേശിച്ച് നല്‍കിയത്. കൂടാതെ 37 ബില്ല്യണ്‍ പൗണ്ട് ചെലവിട്ട് നടപ്പാക്കിയ ടെസ്റ്റ് & ട്രേസ് സിസ്റ്റവും പൊളിവായിരുന്നു. ആദ്യ ഘട്ടത്തിലെ ലോക്ക്ഡൗണുകളും, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നടപടികളും യുകെ ഇന്നുവരെ അനുഭവിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ പരാജയങ്ങളായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. 

വിദേശത്ത് നിന്നാണ് കേസുകള്‍ എത്തിച്ചേരുന്നതെന്ന് വ്യക്തമായിട്ടും അതിര്‍ത്തി നിയന്ത്രണങ്ങള്‍ മയപ്പെടുത്തുകയും ചെയ്തു. സാര്‍സ്, മെര്‍സ്, എബോള തുടങ്ങിയ പകര്‍ച്ചവ്യാധികളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതിലും യുകെ പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. കറുത്തവരിലും, ഏഷ്യന്‍, ന്യൂനപക്ഷ വംശ സമൂഹങ്ങളിലും രേഖപ്പെടുത്തിയ മരണനിരക്ക് സ്വീകരിക്കാന്‍ കഴിയുന്നതിലും ഉയര്‍ന്നതായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.