CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 21 Seconds Ago
Breaking Now

സംസാരം മാത്രമേയുള്ളൂ, പ്രവര്‍ത്തിയില്ല! കാലാവസ്ഥാ വ്യതിയാനത്തില്‍ നടപടിയെടുക്കാത്ത ലോകനേതാക്കളോട് ഈര്‍ഷ്യ പ്രകടമാക്കി രാജ്ഞി; കോപ്26ല്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ചൈന; ക്ഷണം സ്വീകരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും?

രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന കോപ്26 സമ്മേളനത്തില്‍ ആരെല്ലാം പങ്കെടുക്കുമെന്നത് സംബന്ധിച്ച് സര്‍ക്കാരിനുള്ള ആശങ്കയാണ് രാജ്ഞിയും പങ്കുവെച്ചത്

കാലാവസ്ഥാ വ്യതിയാന പ്രതിസന്ധിയില്‍ അപൂര്‍വ്വ പൊതു ഇടപെടല്‍ നടത്തി ബ്രിട്ടീഷ് രാജ്ഞിയും. സംസാരിച്ചിട്ട് യാതൊരു നടപടിയും സ്വീകരിക്കാത്ത ആളുകളോട് അസ്വസ്ഥത അനുഭവപ്പെടുന്നതായി രാജ്ഞി പറഞ്ഞു. കാര്‍ഡിഫില്‍ വെല്‍ഷ് പാര്‍ലമെന്റ് ആരംഭിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അവര്‍. 

കോണ്‍വാള്‍ ഡച്ചസ്, പാര്‍ലമെന്റിന്റെ പ്രിസൈഡിംഗ് ഓഫീസര്‍ എലിന്‍ ജോണ്‍സ് എന്നിവരോട് സംസാരിക്കവെയാണ് 95-കാരിയായ രാജ്ഞി ഈ അഭിപ്രായപ്രകടനം നടത്തിയത്. ചടങ്ങ് ലൈവായി സംപ്രേക്ഷണം ചെയ്യുന്നതിനാല്‍ ഈ ദൃശ്യങ്ങളും പുറത്തുവരികയായിരുന്നു. ഗ്ലാസ്‌ഗോയില്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് നടക്കാനിരിക്കുന്ന കോപ്26 കോണ്‍ഫറന്‍സിനെ പരാമര്‍ശിച്ചാണ് രാജ്ഞി അഭിപ്രായം പങ്കുവെച്ചത്. 

'അത്യപൂര്‍വ്വം അല്ലേ, കോപ്പിനെ കുറിച്ച് പല കാര്യങ്ങള്‍ കേള്‍ക്കുന്നുണ്ട്. ആരെല്ലാം പങ്കെടുക്കുമെന്ന് ഒരു ഉറപ്പുമില്ല. ആരെല്ലാം പങ്കെടുക്കില്ലെന്ന് മാത്രം അറിയാം. ഇവരെല്ലാം സംസാരിക്കുകയും, യാതൊരു പ്രവര്‍ത്തിയും ചെയ്യാതിരിക്കുകയും ചെയ്യുന്നത് അസ്വസ്ഥത ഉളവാക്കുന്നു', രാജ്ഞി ഇവരോട് പറഞ്ഞു. 

രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന കോപ്26 സമ്മേളനത്തില്‍ ആരെല്ലാം പങ്കെടുക്കുമെന്നത് സംബന്ധിച്ച് സര്‍ക്കാരിനുള്ള ആശങ്കയാണ് രാജ്ഞിയും പങ്കുവെച്ചത്. ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് വ്യക്തിപരമായ ചടങ്ങിലെത്തില്ലെന്നാണ് ബോറിസ് ജോണ്‍സന് നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. നിലവിലെ ആഗോള എനര്‍ജി പ്രതിസന്ധികള്‍ക്കിടെ പുതിയ കാലാവസ്ഥാ വ്യതിയാന ലക്ഷ്യങ്ങള്‍ തയ്യാറാക്കാന്‍ ചൈന സമ്മതിക്കില്ലെന്നാണ് കരുതുന്നത്. 

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ എന്നിവര്‍ക്ക് പുറമെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോയും ഗ്ലാസ്‌ഗോയില്‍ എത്തുമെന്ന് ഉറപ്പ് അറിയിച്ചിട്ടില്ല. സമ്മേളനത്തിന് എത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്നലെയാണ് സ്ഥിരീകരിച്ചത്. 

എന്നാല്‍ ആഗോള താപനം 1.5 സെല്‍ഷ്യസാക്കി കുറയ്ക്കാനുള്ള നടപടികള്‍ക്ക് ചൈന പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ആഗോള കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 27 ശതമാനം ചൈനയുടെ സംഭാവനയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.