കൊവിഡ് ബൂസ്റ്റര്‍ വാക്സിനേഷന് നല്‍കാനുള്ള ബുക്കിംഗ് സിസ്റ്റത്തില്‍ മാറ്റങ്ങള്‍ വരുത്തി ജനങ്ങള്‍ക്ക് അതിവേഗം വാക്സിനേഷന് നല്കാന് മന്ത്രിമാരുടെ ശ്രമം. ബൂസ്റ്റര്‍ വാക്സിന് നല്‍കുന്നത് മെല്ലെപ്പോക്കില്‍ ആയതിനാല്‍ വിന്ററില്‍ കേസുകള്‍ കുതിച്ചുയരാന്‍ കാരണമാകുമെന്ന ഭീതിയിലാണ് വാക്സിന് ഒരു മാസം മുന്‍പെ നല്കാന് നീക്കങ്ങള്‍ നടത്തുന്നത്. ഇതുവഴി മറ്റൊരു ലോക്ക്ഡൗണ്‍ ഒഴിവാക്കാന്‍ കഴിയുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.
നിലവിലെ സമയപരിധിയില്‍ നിന്നും 50ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒരു മാസം മുന്‍പ് തന്നെ വാക്സിന് ലഭ്യമാക്കാനാണ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് എന്‍എച്ച്എസ് മേധാവികള്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുന്നത്. കൊവിഡിനെ നേരിടാനുള്ള ബൂസ്റ്ററുകളുടെ വേഗത കൂട്ടാനാണ് ഈ നീക്കം. ഇതിനിടെ എല്ലാ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും വാക്സിന് നിര്‍ബന്ധമാക്കാനുള്ള പദ്ധതികളും ജാവിദ് മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഇതോടെ ജോലി വേണമെങ്കില്‍ വാക്സിനെടുക്കണം എന്ന അവസ്ഥ വരും.
രോഗസാധ്യത ഏറിയ രോഗികളെ ആശുപത്രികളില്‍ വൈറസില്‍ നിന്നും സംരക്ഷിക്കാന്‍ ഈ നിബന്ധന ഗുണം ചെയ്യുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ വിശ്വാസം. എന്നാല്‍ വാക്സിന് വിമുഖതയുള്ള ജീവനക്കാരുടെ ഭാഗത്ത് നിന്നും, സിവില്‍ റൈറ്റ്സ് ഗ്രൂപ്പുകളും ഇതിനെതിരെ തിരിയുമെന്ന ആശങ്കയുണ്ട്. രണ്ടാം ഡോസ് ലഭിച്ച് ആറ് മാസം പിന്നിട്ടവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് ലഭിക്കാന്‍ യോഗ്യതയുള്ളത്. എന്നാല്‍ അതുവരെ വാക്സിന് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോലും ബുക്കിംഗ് സാധ്യമാകില്ല.
ബുക്കിംഗ് നടന്ന് 18 ദിവസത്തിന് ശേഷമാണ് അപ്പോയിന്റ്മെന്റ്. ബൂസ്റ്ററിന് യോഗ്യതയുള്ള ഇംഗ്ലണ്ടിലെ 9.3 മില്ല്യണ്‍ ജനങ്ങളില്‍ ഏകദേശം 4.5 മില്ല്യണ്‍ ആളുകളാണ് ഇതുവരെ വാക്സിന് സ്വീകരിച്ചത്. പുതിയ മാറ്റം ഉടന്‍ നിലവില്‍ വരുന്നതോടെ ആളുകള്‍ക്ക് വാക്സിന് മുന്‍കൂട്ടി ബുക്ക് ചെയ്യാനവും, സമയമാകുന്ന മുറയ്ക്ക് വാക്സിന് സ്വീകരിക്കുകയും ചെയ്യാം.