CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 29 Minutes 13 Seconds Ago
Breaking Now

നൂറു വര്‍ഷം പഴക്കമുള്ള പ്രണയ ലേഖനം കണ്ടെത്തി അമ്മയും മകനും ; വിവാഹിതയായ സ്ത്രീയ്ക്ക് കാമുകന്‍ എഴുതിയ സന്ദേശം വൈറല്‍

കത്തിന്റെ ഉള്ളടക്കം മനസ്സിലാക്കാന്‍ ആദ്യം അവര്‍ക്ക് കഴിഞ്ഞില്ല, എന്നാല്‍ കത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഇത് മനസിലാക്കാന്‍ നിരവധി ആളുകളാണ് സഹായിച്ചതെന്ന് അവര്‍ പറയുന്നു.

കൗതുകമാവുകയാണ് യുകെയില്‍ ഒരു അമ്മയും മകനും കണ്ടെത്തിയ 100 വര്‍ഷം പഴക്കമുള്ള പ്രണയലേഖനം. വിവാഹിതയായ ഒരു സ്ത്രീയും അവളുടെ കാമുകനും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതായിരുന്നു ആ കത്ത് എന്നതാണ് ഏറ്റവും രസകരമായ കാര്യം

തങ്ങളുടെ വീട്ടിലെ പൊട്ടിയ ഒരു ടൈലിന്റെ ഇടയില്‍ നിന്നാണ് ആ അമ്മയ്ക്കും മകനും ആ കത്ത് ലഭിച്ചത്. റൊണാള്‍ഡ് ഹബ്ഗുഡ് അല്ലെങ്കില്‍ ഹാല്‍ഗുഡ് എന്ന വ്യക്തിയാണ് കത്ത് എഴുതിയിരിക്കുന്നത് എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. കൈയക്ഷരത്തില്‍ നിന്ന് പേരിന്റെ അവസാനഭാഗം വ്യക്തമല്ല.

'55 ഇഞ്ചിന്റെ ഞങ്ങളുടെ ടി വി താഴെ വീണ് പൊട്ടിപ്പോയിരുന്നു', കത്ത് കണ്ടെത്തിയ ലൂക്കസിന്റെ അമ്മ ഡോണ്‍ കോര്‍ണ്‍സ് പറയുന്നു.'തറ വൃത്തിയാക്കുന്നതിനിടയില്‍ തകര്‍ന്ന തറയോടുകള്‍ എടുത്ത് മാറ്റാന്‍ ഞങ്ങള്‍ തീരുമാനിച്ചു. വീടിനുള്ളില്‍ നിന്ന് ഒളിച്ചുവെച്ച എന്തെങ്കിലുമൊക്കെ കണ്ടുകിട്ടിയാല്‍ നല്ല തമാശയായിരിക്കുമല്ലേ എന്ന് അപ്പോള്‍ മകന്‍ പറയുകയും ചെയ്തു. പറഞ്ഞ് നാവ് അകത്തേക്കിടുമ്പോഴേക്കും ഈ കത്ത് ഞങ്ങള്‍ കണ്ടു. എല്ലാം വളരെ വിചിത്രമായി തോന്നി.', അവര്‍കൂട്ടിച്ചേര്‍ത്തു.

കത്തിന്റെ ഉള്ളടക്കം മനസ്സിലാക്കാന്‍ ആദ്യം അവര്‍ക്ക് കഴിഞ്ഞില്ല, എന്നാല്‍ കത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഇത് മനസിലാക്കാന്‍ നിരവധി ആളുകളാണ് സഹായിച്ചതെന്ന് അവര്‍ പറയുന്നു.

റൊണാള്‍ഡ് എന്ന വ്യക്തി കത്തില്‍ എഴുതുന്നു: 'എന്റെ പ്രിയപ്പെട്ടവളേ, എല്ലാ ദിവസവും രാവിലെ എന്നെ വന്നു കാണാന്‍ ശ്രമിക്കുമോ? ദയവു ചെയ്ത് ഇതേക്കുറിച്ച് ആരോടും പറയരുത്. ഇത് നിന്റെയും എന്റെയും കാതുകളുടെ മാത്രം രഹസ്യമായിരിക്കണം. കാരണം വിവാഹിതയായ ഒരു സ്ത്രീ എന്നെ കണ്ടുമുട്ടുന്നുവെന്ന് ആരെങ്കിലും അറിഞ്ഞാല്‍ വലിയ കുഴപ്പം ഉണ്ടാകും. അതിനാല്‍ പ്രിയമുള്ളവളെ നീ ഇക്കാര്യം ഓര്‍ക്കുക. ഞാന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു. കഴിയുമെങ്കില്‍ നീ ആരുമറിയാതെ ഫുള്‍വുഡ് ട്രാം കോര്‍ണറില്‍ അര്‍ദ്ധരാത്രിയില്‍ എല്ലാ ദിവസവും എന്നെ വന്ന് കാണുക. പ്രിയപ്പെട്ടവളേ നിന്നെ കാണാമെന്ന പ്രതീക്ഷയോടെ, നിന്റെ മാത്രം സ്വന്തം, റൊണാള്‍ഡ്.'

'വളരെ മധുരതരം' എന്ന് അവര്‍ തന്നെ വിശേഷിപ്പിക്കുന്ന ഈ കത്ത് കണ്ടെത്തിയതില്‍ ഡോണും ലൂക്കാസും വളരെയധികം സന്തോഷത്തിലാണ്. കത്തില്‍ അത് എഴുതിയ തീയതി പരാമര്‍ശിച്ചിട്ടില്ല. പക്ഷേ 80 വര്‍ഷമായി നഗരത്തില്‍ ട്രാമുകള്‍ ഓടുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് 1920 കളിലാവാം ഈ കത്ത് എഴുതപ്പെട്ടതെന്ന് ഫേസ്ബുക്കിലെ ചിലര്‍ അഭിപ്രായപ്പെടുന്നു. ഡോണ്‍ പറയുന്നതനുസരിച്ച്, ഈ വീട് 1917 ലാണ് നിര്‍മ്മിച്ചത്.

ഓണ്‍ലൈനില്‍ ചരിത്ര രേഖകള്‍ തിരഞ്ഞ് അജ്ഞാതനായ കാമുകന്റെ ഐഡന്റിറ്റി കണ്ടെത്താന്‍ പല ഇന്റര്‍നെറ്റ് ഉപഭോക്താക്കളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.