അയല്‍ക്കാരെ കുറിച്ച് പരിഗണനയുള്ളവര്‍ വാക്‌സിനെടുക്കണമെന്ന് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പിന്റെ ആഹ്വാനം. നിര്‍ബന്ധിത വാക്‌സിനേഷനെ താന്‍ പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് റവ. ജസ്റ്റിന്‍ വെല്‍ബി ബിബിസി റേഡിയോ 4 അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിന്‍ സ്വീകരിക്കാത്തവരെ കുറ്റപ്പെടുത്തുന്നതിന് പകരം ഇവരെ പ്രോത്സാഹിപ്പിക്കുന്നതിലാണ് താന്‍ വിശ്വസിക്കുന്നതെന്നും ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.
'നമ്മള്‍ കുറ്റപ്പെടുത്താതെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ആളുകളെ കുറ്റപ്പെടുത്തുന്നത് കൊണ്ട് നല്ലതൊന്നും സംഭവിക്കില്ല. എന്നുമാത്രമല്ല ആശങ്കയും. ഭയവും, ദുഃഖവും നിലനില്‍ക്കുമ്പോള്‍ രോഷം വര്‍ദ്ധിപ്പിക്കാനും ഇടയാക്കും. അയല്‍വാസികളെ കുറിച്ച് പരിഗണിക്കാനും, ഇതിനായി പ്രോത്സാഹിപ്പിക്കാനുമാണ് ഞാന്‍ ആവശ്യപ്പെടുന്നത്', റവ. ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു.
'നിന്നെ പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്ന യേശുവിന്റെ വാക്യമാണ് ഇതിനായി അദ്ദേഹം ഉപയോഗിച്ചത്. ഇത് ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ പോയി വാക്‌സിനെടുക്കും, റവ. വെല്‍ബി വ്യക്തമാക്കി.
'ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലാണ് എന്റെ വിശ്വാസം. നിയമപരമായി വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നതിനെ ഞാന്‍ അനുകൂലിക്കുന്നില്ല. പകരം ആളുകളെ അതിലേക്ക് പ്രോത്സാഹിപ്പിക്കുന്നത് വ്യത്യാസമുണ്ടാക്കും', കൊവിഡ് വാക്‌സിന്റെ പ്രാധാന്യത്തെ മുന്‍നിര്‍ത്തി ആര്‍ച്ച്ബിഷപ്പ് പ്രതികരിച്ചു.