ആദ്യ കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ഡൗണിംഗ് സ്ട്രീറ്റില്‍ ലോക്ക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയെന്ന ആരോപണത്തില്‍ മെറ്റ് പോലീസ് ക്യാബിനറ്റ് ഓഫീസ് അന്വേഷണവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ബോറിസ് ജോണ്‍സനെ കനത്ത സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടുകൊണ്ട് അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി മാര്‍ട്ടിന്‍ റെയ്‌നോള്‍ഡ്‌സ് 100-ലേറെ ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ ചോര്‍ന്നിരുന്നു. 2020 മെയ് 20ന് 'മികച്ച കാലാവസ്ഥ ആസ്വദിക്കാന്‍' ജീവനക്കാരെ ക്ഷണിച്ച ഇമെയില്‍ ചോര്‍ന്നതോടെയാണ് വിവാദം കൊടുമ്പിരി കൊള്ളുന്നത്.
ദേശീയ കൊവിഡ് വിലക്കുകള്‍ നിലനിന്ന സമയമായതിനാല്‍ ആ ഘട്ടത്തില്‍ രണ്ട് പേര്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിച്ച് കാണാനാണ് അനുമതിയുണ്ടായിരുന്നത്. തന്റെ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്ന ബോറിസ് ജോണ്‍സണ്‍ ലോക്ക്ഡൗണ്‍ ലംഘിച്ച പാര്‍ട്ടിയില്‍ പങ്കെടുത്തോയെന്ന് വ്യക്തമാക്കാന്‍ തയ്യാറായില്ല.
ഏകദേശം 40 ജീവനക്കാര്‍ വൈകുന്നേരം ഡ്രിങ്ക്‌സിനും, ഭക്ഷണത്തിനുമായി എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ പ്രധാനമന്ത്രിയും, ഭാര്യ കാരിയും പങ്കെടുത്തെന്നും സൂചനയുണ്ട്. ബോറിസിന്റെ മുന്‍ മുഖ്യ സഹായി ഡൊമനിക് കുമ്മിംഗ്‌സ് ദമ്പതികള്‍ രണ്ട് പേരും ഇവിടെ ഉണ്ടായെന്ന് തുടര്‍ച്ചയായി വാദിക്കുന്നുണ്ട്.
മറ്റുള്ളവര്‍ക്ക് വേണ്ടി നടപ്പാക്കുന്ന നിയമങ്ങള്‍ താന്‍ പാലിക്കില്ലെന്ന് ബോറിസ് ജോണ്‍സണ്‍ തുടര്‍ച്ചയായി കാണിച്ചുകഴിഞ്ഞെന്ന് ലേബര്‍ ഡെപ്യൂട്ടി ലീഡര്‍ ആഞ്ചെലാ റെയ്‌നര്‍ പറഞ്ഞു. ഡ്രിങ്ക്‌സ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ക്യാബിനറ്റ് ഓഫീസുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതായി സ്‌കോട്ട്‌ലണ്ട് യാര്‍ഡ് സ്ഥിരീകരിച്ചു കഴിഞ്ഞു.
വൈറ്റ്ഹാളില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നടന്ന പാര്‍ട്ടികള്‍ സംബന്ധിച്ച് മുതിര്‍ന്ന ഒഫീഷ്യല്‍ സ്യൂ ഗ്രേ അന്വേഷണം നടത്തുന്നുണ്ട്. ഗ്രേയുടെ അന്വേഷണത്തില്‍ നിയമം ലംഘിച്ചതായി തിരിച്ചറിഞ്ഞ ശേഷം കൂടുതല്‍ നടപടികള്‍ ആവശ്യമായി വരുമോയെന്ന് തീരുമാനിക്കാന്‍ കാത്തിരിക്കുകയാണ് സേനയെന്നാണ് ടൈംസ് റിപ്പോര്‍ട്ട്.