മറ്റ് രോഗങ്ങള്‍ക്ക് രാജ്യത്തെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം കൊറോണാവൈറസ് പിടിപെടുന്ന രോഗികളുടെ എണ്ണം ഇരട്ടിയായി. ഒമിക്രോണ്‍ പൊട്ടിപ്പുറപ്പെട്ട ശേഷമാണ് ഈ വിധത്തില്‍ രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതെന്നാണ് കണ്ടെത്തല്‍. ജനുവരി 3ന് 2158 പുതിയ അഡ്മിഷനുകള്‍ ഉണ്ടായെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് കണക്കുകള്‍ പറയുന്നത്.
എന്നാല്‍ ഇവരില്‍ 1635 പേര്‍ക്കാണ് സമൂഹത്തില്‍ നിന്നും ഇന്‍ഫെക്ഷന്‍ പിടിപെട്ടത്. ബാക്കിയുള്ള 24 ശതമാനം രോഗികള്‍ക്കും ആശുപത്രിയില്‍ നിന്നുമാണ് വൈറസ് പിടിപെട്ടതെന്നാതാണ് വസ്തുത. കഴിഞ്ഞ ഡിസംബറില്‍ എന്‍എച്ച്എസ് വാര്‍ഡുകളില്‍ നിന്നും രോഗം പകര്‍ന്നു കിട്ടിയതിന്റെ ഇരട്ടി ആളുകള്‍ക്കാണ് ഇപ്പോള്‍ വൈറസ് പിടിപെടുന്നത്. ഡിസംബര്‍ ആദ്യം എന്‍എച്ച്എസ് വാര്‍ഡുകളിലെത്തുന്ന 10% രോഗികള്‍ക്ക് വൈറസ് പിടിപെട്ടിരുന്നു.
സൗത്ത് ലണ്ടനിലെ സെന്റ് ജോര്‍ജ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് ഏറ്റവും കൂടുതല്‍ ദുരിതം നേരിട്ടത്. അടുത്ത ആഴ്ചകളിലായി ഇവിടുത്തെ പകുതി കൊവിഡ് രോഗികള്‍ക്കും ആശുപത്രിയില്‍ നിന്ന് തന്നെയാണ് വൈറസ് പകര്‍ന്നത്. സമൂഹത്തില്‍ വൈറസിന്റെ സാന്നിധ്യം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ വാര്‍ഡുകളില്‍ ഇന്‍ഫെക്ഷന്‍ പടരുന്നത് ഒഴിവാക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ രോഗം പരിചരണം നല്‍കുന്ന ജീവനക്കാരില്‍ നിന്നോ, അതോ മറ്റ് രോഗികളില്‍ നിന്നോ എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. വൈറസിന്റെ വ്യാപനം തടയാന്‍ ഇതിന്റെ ഉത്തരം സുപ്രധാനമാണ്. വാര്‍ഡുകളില്‍ രോഗം പിടിപെടുന്ന രോഗികളുടെ എണ്ണം അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലാണെന്ന് ബോറിസ് ജോണ്‍സണ്‍ സമ്മതിച്ചു.
ആശുപത്രിയില്‍ പോയി കൊവിഡ് പിടിപെടരുത് എന്നാണ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്. എന്‍എച്ച്എസ് കൊവിഡ് കണക്കുകളില്‍ വൈറസുമായി പ്രവേശിപ്പിക്കപ്പെടുന്നവരെ മാത്രം ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.