ബ്രിട്ടന്റെ പ്രധാനമന്ത്രി കാര്യാലയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇത് തന്നെയാണോ പണി? ലോക്ക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഈ ചോദ്യം ഉയരുന്നത്. ജനങ്ങളെ കെട്ടിപ്പൂട്ടി ഇട്ടിരിക്കുന്ന വേളയില്‍ സ്വന്തമായി മദ്യവുമായി എത്തി ഒത്തുകൂടിയതിന് പ്രധാനമന്ത്രി തന്നെ മാപ്പ് പറയേണ്ടി വന്നു. എന്നാല്‍ മാപ്പില്‍ മാത്രം കാര്യങ്ങള്‍ ഒതുങ്ങില്ലെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്.
സാക്ഷാല്‍ എഡിന്‍ബര്‍ഗ് ഡ്യൂക്ക് ഫിലിപ്പ് രാജകുമാരന്‍ മരിച്ച് കിടക്കുമ്പോഴും ഡൗണിംഗ് സ്ട്രീറ്റില്‍ വെള്ളമടി പാര്‍ട്ടി സംഘടിപ്പിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. 70 വര്‍ഷക്കാലം ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് വിടവാങ്ങിയതിന്റെ വേദനയില്‍ രാജ്ഞിയും, ജനകീയനായ ഫിലിപ്പ് രാജകുമാരന്റെ വേര്‍പാടില്‍ രാജ്യവും വേദനയില്‍ പങ്കുചേരുമ്പോഴാണ് നം.10ല്‍ രണ്ട് പാര്‍ട്ടികള്‍ അരങ്ങേറിയത്.
2021 ഏപ്രില്‍ 16 വെള്ളിയാഴ്ച ബോറിസ് ജോണ്‍സന്റെ പ്രസ് മേധാവി ജെയിംസ് സ്ലാക്കും, പ്രധാനമന്ത്രിയുടെ പേഴ്‌സണല്‍ ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളും വിരമിക്കുന്ന വേളയിലായിരുന്നു പാര്‍ട്ടി നടന്നതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ ഉപദേശകരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വലിയ തോതില്‍ മദ്യം ഒഴുക്കിയ പാര്‍ട്ടിയില്‍ കുടിച്ചും, നൃത്തം ചെയ്തും ആഘോഷിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നം.10ലെ ബേസ്‌മെന്റിലും, ഗാര്‍ഡനിലുമാണ് ജോലിക്ക് ശേഷം പരിപാടി നടന്നത്.
രണ്ട് പരിപാടികളിലായി ഏകദേശം 30 പേരാണ് പങ്കെടുത്തതെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. ബേസ്‌മെന്റിലെ ആഘോഷം അതിരുവിട്ടതോടെ ഇവര്‍ ഗാര്‍ഡണിലേക്ക് എത്തുകയും ചെയ്‌തെന്നാണ് വിവരം. ഒരു ഉദ്യോഗസ്ഥന്‍ ബോറിസിന്റെ മകന്‍ വില്‍ഫിന്റെ ഊഞ്ഞാല്‍ ഉപയോഗിച്ച് പൊട്ടിച്ചു കളഞ്ഞതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ നടപടികള്‍ നിലനിന്നിരുന്നതിനാല്‍ 30 പേരെ മാത്രം പങ്കെടുപ്പിച്ച് ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാരം നടത്താന്‍ രാജ്ഞി തീരുമാനിച്ചപ്പോഴാണ് ഈ പാര്‍ട്ടികള്‍ അരങ്ങേറിയത്. അതേസമയം പ്രധാനമന്ത്രി നം.10 ഉണ്ടായിരുന്നില്ലെന്നാണ് വക്താവിന്റെ വിശദീകരണം. തന്റെ രാഷ്ട്രീയ നിലനില്‍പ്പിനായി ബോറിസ് പോരാടുമ്പോഴാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഇതോടെ ബോറിസിന്റെ രാജിക്കായുള്ള മുറവിളിയും ശക്തമാകുന്നുണ്ട്.