ആയിരത്തോളം വിദേശ ജിപിമാരെ നാടുകടത്തുമെന്ന് ഭീഷണി മുഴക്കി ഹോം ഓഫീസ്. എന്‍എച്ച്എസിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ഹോം ഓഫീസിന്റെ നീക്കം. ബ്രിട്ടീഷ് നികുതിദായകന്റെ പോക്കറ്റില്‍ നിന്നും പ്രതിവര്‍ഷം 50,000 ചെലവിട്ട് പരിശീലനം നല്‍കിയ ശേഷമാണ് ഈ വെട്ടിനിരത്തല്‍!
2015 മുതല്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടിന് ഏകദേശം 2000 ഫുള്‍ടൈം ജിപിമാരെയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഇതാണ് രോഗികള്‍ക്ക് അപ്പോയിന്റ്‌മെന്റ് ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരു കാര്യം. ഈ ഘട്ടത്തിലാണ് പുതിയ റിക്രൂട്ടുകള്‍ക്ക് യുകെയില്‍ നിന്നും പുറത്താക്കുന്ന കാര്യം അറിയിച്ച് കത്ത് ലഭിച്ചിരിക്കുന്നത്. ജിപിമാരാകാന്‍ പരിശീലനം പൂര്‍ത്തിയാക്കി ആഴ്ചകള്‍ തികയുമ്പോഴാണ് ഈ തിരിച്ചടി.
ഹോം ഓഫീസ് നിയമങ്ങള്‍ പ്രകാരം സ്‌കില്‍ഡ് വര്‍ക്കര്‍ വിസ സ്‌കീമില്‍ അഞ്ച് വര്‍ഷമെങ്കിലും ജോലി ചെയ്യുന്ന വിദേശ ഡോക്ടര്‍മാര്‍ക്കാണ് അനിശ്ചിത കാലത്തേക്ക് രാജ്യത്ത് തുടരാന്‍ അപേക്ഷിക്കാന്‍ കഴിയുക. എന്നാല്‍ ജിപിമാര്‍ക്ക് പരിശീലനത്തിന്റെ മൂന്നാം വര്‍ഷത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അതോടെ വിസ കാലാവധി തീരുന്നതിന് മുന്‍പ് സ്‌പോണ്‍സര്‍ഷിപ്പ് നേടാന്‍ രണ്ട് വര്‍ഷം ബാക്കി വരും.
രണ്ട് വര്‍ഷത്തേക്ക് ഡോക്ടര്‍മാരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് തയ്യാറാണെങ്കിലും വിഷയത്തില്‍ ഹോം ഓഫീസുമായി കരാറില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. തല്‍ഫലമായി 2023 മാര്‍ച്ചോടെ 1000 താല്‍ക്കാലിക വിസകള്‍ റദ്ദാകുമെന്നാണ് ഹെല്‍ത്ത് എഡ്യുക്കേഷന്‍ ഇംഗ്ലണ്ട് ഭയപ്പെടുന്നത്.
എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തിങ്ങിനിറയുന്നതിന് കാരണം ജിപിമാരെ കാണാന്‍ കഴിയാത്തതാണെന്നാണ് പരാതി. ഈ ഘട്ടത്തിലാണ് യുകെയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ നൂറുകണക്കിന് ഡോക്ടര്‍മാരെ നാടുകടത്താന്‍ ഹോം ഓഫീസ് ഉത്സാഹം കാണിക്കുന്നത്.