രണ്ടാമതും അവിശ്വാസ വോട്ടെടുപ്പ് നടത്തി ബോറിസ് ജോണ്‍സന്റെ കസേര തെറിപ്പിക്കാന്‍ കാത്തിരിക്കാന്‍ ക്ഷമയില്ലാത്ത ടോറി വിമതര്‍ പാര്‍ട്ടി നിയമങ്ങള്‍ തിരുത്താന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ക്രിസ്മസ് കാലത്ത് ബോറിസിനെ സ്ഥാനഭ്രഷ്ടനാക്കി നേതൃപോരാട്ടത്തിന് വഴിയൊരുക്കാനാണ് വിമതരുടെ ശ്രമം.
പ്രധാനമന്ത്രിക്ക് എതിരെ രണ്ടാമത് അവിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള കാലയളവ് ആറ് മാസമാക്കി ചുരുക്കുന്ന തരത്തില്‍ നിയമമാറ്റം വേണമെന്നാണ് കണ്‍സര്‍വേറ്റീവ് എംപിമാരുടെ ആവശ്യം. നിലവില്‍ ഇത് ചുരുങ്ങിയത് ഒരു വര്‍ഷമാണ്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മാറ്റത്തിന് അനുകൂലമായ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്താനാണ് 2019ല്‍ തെരഞ്ഞെടുക്കപ്പെട്ട എംപിമാരും, വണ്‍ നേഷന്‍ ഗ്രൂപ്പിലെ വിമത ടോറികളും ചേര്‍ന്ന് നീക്കം നടത്തുന്നത്. ആറ് മാസം കൊണ്ട് ബോറിസിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും സമയം ലഭിക്കും. ഇതിനിടെ പാര്‍ട്ടിഗേറ്റില്‍ പാര്‍ലമെന്റിനെ പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിച്ചോയെന്ന അന്വേഷണത്തില്‍ റിപ്പോര്‍ട്ടും പുറത്തുവരും.
രണ്ടാഴ്ച മുന്‍പാണ് ബോറിസ് വിശ്വാസ വോട്ടെടുപ്പ് വിജയിച്ച് നേതൃത്വത്തില്‍ പിടിച്ചുനിന്നത്. എന്നാല്‍ 40% അംഗങ്ങള്‍ തനിക്കെതിരെ വോട്ട് ചെയ്തത് കനത്ത തിരിച്ചടിയായി മാറിയിരുന്നു. 32 അംഗങ്ങള്‍ കൂടി എതിര്‍പ്പ് അറിയിച്ചെങ്കില്‍ ബോറിസിന്റെ കസേര തെറിക്കുമായിരുന്നു.
ഈ ഘട്ടത്തിലാണ് നിലവിലെ രോഷം തണുക്കും മുന്‍പ് മറ്റൊരു വോട്ടെടുപ്പ് നടത്താന്‍ ടോറി വിമതര്‍ ശ്രമിക്കുന്നത്. പാര്‍ട്ടി നിയമം മാറ്റി പ്രധാനമന്ത്രിയെ പുറത്താക്കാന്‍ ശക്തി കൈവരിക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്നവരുമുണ്ട്. ഇഷ്ടമല്ലാത്ത ഓരോ നയങ്ങളും ഇല്ലാതാക്കാന്‍ ഇതുപോലെ നിയമം മാറ്റേണ്ടി വരുമോയെന്നാണ് ഒരു എംപി സംശയം ഉന്നയിച്ചത്.