ഇമിഗ്രേഷന്‍ കുറയ്ക്കാനുള്ള പോംവഴികള്‍ തലപുകഞ്ഞ് ആലോചിക്കുകയാണ് മന്ത്രിമാര്‍. ഇമിഗ്രേഷന്‍ ഒരു തെരഞ്ഞെടുപ്പ് വിഷയം ആയത് കൊണ്ട് തന്നെ വര്‍ദ്ധിച്ച നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ ഭരണപക്ഷത്തിന് ഒരു തിരിച്ചടിയാണ്. പല പദ്ധതികളും ഇമിഗ്രേഷന്‍ കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മുന്നോട്ട് വെയ്ക്കുന്നുണ്ട്. യുകെയിലേക്ക് ചേക്കേറാന്‍ മലയാളികള്‍ ഉള്‍പ്പെടെ പ്രധാനമായി ആശ്രയിക്കുന്ന കെയറര്‍ വിസയില്‍ നിയന്ത്രണങ്ങള്‍ വരുത്താനാണ് ആലോചന.
വിദേശ കെയര്‍ ജോലിക്കാര്‍ യുകെയിലേക്ക് കൂടെക്കൂട്ടാന്‍ കഴിയുന്ന ഡിപ്പന്‍ഡന്റ്‌സിന്റെ എണ്ണത്തില്‍ വെട്ടിക്കുറവ് വരുത്താനാണ് നീക്കമെന്ന് ക്യാബിനറ്റ് മന്ത്രി വ്യക്തമാക്കുന്നു. എണ്ണം കുറയ്ക്കാനുള്ള പദ്ധതികളുടെ ഭാഗമായി ആശ്രിതരുടെ എണ്ണത്തില്‍ നിന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി എന്‍വയോണ്‍മെന്റ് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ പറഞ്ഞു.
ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്ക് മുന്നോട്ട് വെച്ച പദ്ധതി പ്രകാരം വിദേശ ജോലിക്കാര്‍ ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയോ, ബന്ധുക്കളുടെ എണ്ണം ഒന്ന് മാത്രമാക്കി ചുരുക്കുകയോ ചെയ്യാനാണ് നീക്കം. കൂടുതല്‍ വേഗത്തില്‍ ഈ കണക്കുകള്‍ ചുരുക്കേണ്ടതുണ്ടെന്ന് സ്റ്റീവ് ബാര്‍ക്ലേ വ്യക്തമാക്കി.
'സ്റ്റുഡന്റ് ഡിപ്പന്‍ഡന്റ്‌സായി 150,000 പേരെത്തിയ വഴി അടച്ചുകഴിഞ്ഞു. കെയര്‍ മേഖലയിലെ ഡിപ്പന്റന്‍ഡ്‌സിനെയാണ് ഇനി ഹോം സെക്രട്ടറി തടയാന്‍ ശ്രമിക്കുക. ഈ നീക്കത്തിന് പിന്തുണ നല്‍കും', അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് പുറമെ നൈജീരിയ, സിംബാബ്‌വേ എന്നിവിടങ്ങളില്‍ നിന്നുമാണ് വിദേശ കെയര്‍ ജോലിക്കാര്‍ പ്രധാനമായും യുകെയില്‍ എത്തുന്നത്. ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റിലുള്ള കെയര്‍ ജോലിക്കാരില്‍ 14% ഇയു ഇതര രാജ്യങ്ങളില്‍ നിന്നാണന്ന് ഹോം ഓഫീസ് വ്യക്തമാക്കി.