പാരീസില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ കത്തിക്കുത്ത്. ഒരു വിനോദസഞ്ചാരിയെ അക്രമി കുത്തിക്കൊന്നപ്പോള്‍, ബ്രിട്ടീഷുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയാണ് 'അല്ലാഹു അക്ബര്‍' വിളിച്ചെത്തിയ അക്രമി ജനങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. കത്തിയും, ചുറ്റികയുമായി ഓടിയെത്തിയ അക്രമയില്‍ നിന്നും ആളുകള്‍ ഓടിരക്ഷപ്പെടേണ്ടി വന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ജര്‍മ്മന്‍, ഫിലിപ്പൈന്‍ ഇരട്ട പൗരത്വമുള്ള ടൂറിസ്റ്റിനാണ് അക്രമത്തില്‍ ജീവനഹാനി നേരിട്ടത്. ഇദ്ദേഹത്തിന്റെ തോളിലും, പിന്നിലുമാണ് അക്രമി കത്തി കുത്തിയിറക്കിയത്. സ്വന്തം ഭാര്യയുടെ മുന്നില്‍ വെച്ചാണ് ബ്രിട്ടീഷുകാരന് കുത്തേറ്റത്. ഇദ്ദേഹത്തിനും പിന്നില്‍ നിന്നാണ് അക്രമം നേരിട്ടത്. അര്‍മാന്‍ഡ്. ആര്‍ എന്ന് പേരുള്ള വ്യക്തിയാണ് അക്രമിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇംഗ്ലീഷുകാരന്റെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു, ആരോഗ്യസ്ഥിതി ഭദ്രമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂന്നാമത്തെ ഇരയ്ക്ക് നേരെയും ക്രൂരമായ അക്രമമാണ് നടന്നതെന്ന് ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. ഇദ്ദേഹത്തിന് ചുറ്റിക കൊണ്ട് സാരമായി പരുക്കേറ്റു.
ഇലക്ട്രിക് സ്റ്റണ്‍ തോക്കുമായി എത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് വ്യക്തമാക്കി. അതേസമയം തങ്ങള്‍ ഒരിക്കലും തീവ്രവാദത്തിന് കീഴടങ്ങിയെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ ആണയിട്ടു. ഫ്രഞ്ച് തലസ്ഥാനത്ത് ഈഫല്‍ ടവറിന് തൊട്ടടുത്താണ് രക്തച്ചൊരിച്ചില്‍ നടന്നത്. അറസ്റ്റിലായ പ്രതി ഫ്രഞ്ച് പൗരന്‍ തന്നെയാണെന്ന് പാരീസ് പ്രോസിക്യൂട്ടര്‍ ഓഫീസ് സ്ഥിരീകരിച്ചു. 2016-ല്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിന് നാല് വര്‍ഷത്തെ ശിക്ഷ അനുഭവിച്ചിറങ്ങിയ ആളാണ് അക്രമി.