ചങ്ങനാശ്ശേരി അതിരൂപതയിലെ താഴത്തു വടകര ലൂര്‍ദ് മാതാ ദേവാലയം പുതിയൊരു ദൗത്യത്തിന് തുടക്കമിട്ടിരിക്കുകയാണ്. അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നൂറുമേനി രണ്ടാം ഘട്ടത്തിന്റെ ഔപചാരിക ഉദ്ഘാടനം കഴിഞ്ഞ ഞായറാഴ്ച ഇടവക വികാരി റവ ഫാ ജോണ്‍സണ്‍ തുണ്ടിയിലിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ വിമണ്‍സ് ഫോറം സ്ഥാപക പ്രസിഡന്റും പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറിയുമായ മിസ്സിസ് ജോളി മാത്യു നിര്‍വഹിച്ചു.
മതബോധന അധ്യാപകരും സിസ്റ്റര്‍മാരും ഉള്‍പ്പെടെ നൂറു കണക്കിന് വിശ്വാസികള്‍ സന്നിഹിതരായിരുന്നു.
ക്രിസ്തുരാജ തിരുന്നാളിനോടനുബന്ധിച്ച് ഇടവകയിലെ 180ഓളം വരുന്ന 1 മുതല്‍ 12 വരെയുള്ള മതബോധന ക്ലാസിലെ കൗമാരക്കാരുടെ ആഘോഷമായിരുന്നു ഞായറാഴ്ചയില്‍ നടന്നത്. ചട്ടയും മുണ്ടും നേര്യതും കൊന്തയും വെന്തിങ്ങായും ധരിച്ച പെണ്‍കുട്ടികളും വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ആണ്‍കുട്ടികളുടേയും വസ്ത്രധാരണ രീതി നസ്രാണി പാരമ്പര്യം വ്യക്തമാക്കുന്നതായിരുന്നു. ദേവാലയത്തില്‍ തിരു കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും കൗമാരക്കാരായിരുന്നു.
ഭക്തിസാന്ദ്രമായ ദിവ്യബലിക്കും ആഘോഷപൂര്‍ണ്ണമായ പ്രദിക്ഷണത്തിനും ശേഷം പള്ളി അങ്കണത്തില്‍ വച്ച് കാലിക പ്രസക്തിയള്ള വിഷയത്തെ ആസ്പദമാക്കി പഠന കളരിയും നടത്തി.
കൗമാരക്കാരെ അധ്യാത്മിക ജീവിതത്തിലേക്ക് നയിക്കാനും ജീവിതത്തിലെ വെല്ലുവിളികളെ അധ്യാത്മികവും വൈകാരികവും വ്യക്തി ബന്ധങ്ങളുടേയും അടിസ്ഥാനത്തില്‍ നേരിടുന്നതിനെ കുറിച്ചും ജോളി മാത്യു കുട്ടികള്‍ക്ക് ക്ലാസെടുത്തു.
കുടുംബവും സഭയും സമൂഹവും ഒന്നിച്ച് വിശ്വാസത്തിന്റെയും വചനത്തിന്റെയും കരുത്തില്‍ മുന്നോട്ട് പോകാന്‍ പുതു തലമുറയെ പ്രാപ്തമാക്കുന്നതായിരുന്നു ക്ലാസ്.
കുട്ടികള്‍ അവതരിപ്പിച്ച പരിപാടികളോടെ ചടങ്ങ് അവസാനിച്ചു.