രണ്ട് ദിവസത്തിനിടെ കൊടുംതണുപ്പില്‍ രണ്ടാമത്തെ മരണം. ഭവനരഹിതനായ മറ്റൊരാള്‍ കൂടി തണുത്ത് വിറങ്ങലിച്ച് തെരുവില്‍ അന്ത്യശ്വാസം വലിച്ചു. ഐസ് നിറഞ്ഞ സാഹചര്യങ്ങളില്‍ കാറുകള്‍ റോഡില്‍ നിന്നും തെന്നിമാറുകയും, വാഹനഉടമകള്‍ വഴിയില്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് പോകാന്‍ നിര്‍ബന്ധിതമാകുകയും ചെയ്യുന്നതാണ് സാഹചര്യം.
മാഞ്ചസ്റ്ററിലെ ഗേ വില്ലേജിലാണ് രാവിലെ 10.20-ഓടെ ഒരു പുരുഷനെ കണ്ടെത്തിയത്. ഭവനരഹിതനാണെന്ന് കരുതുന്ന ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കാന്‍ മാത്രമാണ് സംഭവസ്ഥലത്തെത്തിയ എമര്‍ജന്‍സി സര്‍വ്വീസുകള്‍ക്ക് സാധിച്ചതെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് വ്യക്തമാക്കി. മരണകാരണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇതില്‍ ദുരൂഹതയുള്ളതായി കരുതുന്നില്ല.
ഞായറാഴ്ച രാത്രി മാഞ്ചസ്റ്ററില്‍ ഫ്രീസിംഗ് താപനിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നു. നോര്‍ത്ത് ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ ഐസ്, മഞ്ഞ് സാധ്യതകള്‍ക്കുള്ള മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരുന്നത്. നേരത്തെ നോട്ടിംഗ്ഹാംഷയറിലും ഒരു ഭവനരഹിതന്‍ കാറില്‍ കിടന്ന് തണുത്തുറഞ്ഞ് മരിച്ചിരുന്നു.
ഞായറാഴ്ചയിലെ കൊടുംതണുപ്പ് തിങ്കളാഴ്ച രാവിലെ യാത്രക്കിറങ്ങുന്നവര്‍ക്ക് മഞ്ഞ് കുരുക്ക് തീര്‍ക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ചില മേഖലകളില്‍ 30 സെന്റിമീറ്റര്‍ വരെ മഞ്ഞ് വീണതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച രാവിലെ യാത്ര ചെയ്യുന്നവര്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് മടങ്ങാന്‍ നിര്‍ബന്ധിതരാകാന്‍ സാധ്യത ഏറെയാണ്. ഐസ് നിറഞ്ഞ റോഡുകളാണ് ഇതിന് കാരണമാകുന്നത്.
തിങ്കളാഴ്ച ഉച്ചവരെയാണ് നോര്‍ത്ത് ഇംഗ്ലണ്ടില്‍ മെറ്റ് ഓഫീസിന്റെ മഞ്ഞ ജാഗ്രത നിലവിലുണ്ടാവുക. വെയില്‍സ്, പീക്ക് ഡിസ്ട്രിക്ട് എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മറ്റ് മഞ്ഞ് ജാഗ്രതയും നിലവിലുണ്ട്. ഈസ്റ്റേണ്‍ സ്‌കോട്ട്‌ലണ്ടില്‍ ഐസ്, മഞ്ഞ് മുന്നറിയിപ്പുകള്‍ ഉച്ചയ്ക്ക് 12 വരെ നിലവിലുണ്ടാകും. 10-15 സെന്റിമീറ്റര്‍ വരെ മഞ്ഞ് റോഡുകളില്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.