നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാന്‍ ഹോം സെക്രട്ടറിയുടെ 5 ഇന പാക്കേജിലെ പ്രധാന പ്രഖ്യാപനങ്ങള്‍:
- സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് മിനിമം സാലറി പരിധി ഇനി 38,700 പൗണ്ട്
- വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ ആശ്രിതരെ/ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് വിലക്ക്
- ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റ് പരിഷ്‌കരിക്കും
- വാര്‍ഷിക ഇമിഗ്രേഷന്‍ സര്‍ചാര്‍ജ്ജ് 624 പൗണ്ടില്‍ നിന്നും 1035 പൗണ്ടിലേക്ക്
ബ്രിട്ടന്റെ നെറ്റ് മൈഗ്രേഷന്‍ സര്‍വ്വകാല റെക്കോര്‍ഡ് ഇട്ടതിന് പിന്നാലെ വാളെടുത്ത് ഹോം സെക്രട്ടറി. നിയമപരമായ കുടിയേറ്റവും റെക്കോര്‍ഡിലെത്തിയ സാഹചര്യത്തിലാണ് നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കാന്‍ കര്‍ശനമായ നടപടികള്‍ പ്രഖ്യാപിച്ചത്. അഞ്ചിന പാക്കേജാണ് പുതിയ ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി കോമണ്‍സില്‍ അവതരിപ്പിച്ചത്.
യുകെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കാനുള്ള മിനിമം സാലറി നിലവിലെ 26,000 പൗണ്ടില്‍ നിന്നും 38,700 പൗണ്ടിലേക്കാണ് അദ്ദേഹം ഉയര്‍ത്തിയത്. ഇതിന് പുറമെ ഡിപ്പന്‍ഡന്റ്‌സിനുള്ള പുതിയ പണിയില്‍ കെയര്‍ വര്‍ക്കര്‍മാര്‍ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നതിനും വിലക്ക് പ്രഖ്യാപിച്ചു. നിലവില്‍ മലയാളികള്‍ ഉള്‍പ്പെടെ കുടുംബസമേതം യുകെയിലെത്താന്‍ ഉപയോഗിക്കുന്ന പ്രധാന വിസാ റൂട്ടുകളിലാണ് ഹോം സെക്രട്ടറിയുടെ നടപടികള്‍.
എന്നിരുന്നാലും മിനിമം സാലറി നിബന്ധനയില്‍ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കിയത് ആശ്വാസമായി. ബ്രിട്ടന് എന്‍എച്ച്എസ് സേവനങ്ങള്‍ ഉറപ്പാക്കാന്‍ വിദേശ ജീവനക്കാരുടെ സഹായം അനിവാര്യമാണ്. ഇതോടൊപ്പം ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റ് പരിഷ്‌കരിക്കാനും ഹോം സെക്രട്ടറി തീരുമാനിച്ചു. ബ്രിട്ടീഷുകാര്‍ക്ക് നല്‍കുന്നതിലും 20% ശമ്പളം കുറച്ച് നല്‍കി ജോലിക്കാരെ എത്തിക്കാമെന്ന നിയമങ്ങളും ഇതോടെ റദ്ദാക്കും.
ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരുന്നതിനുള്ള മിനിമം സാലറി നിബന്ധന 38,000 പൗണ്ടായി ഉയര്‍ത്തിയിട്ടുണ്ട്. ഗ്രാജുവേറ്റ് വിസാ റൂട്ട് റിവ്യൂവിന് വിധേയമാക്കി ആളുകള്‍ രാജ്യത്ത് തുടരുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളും. നടപടികളുടെ ഭാഗമായി സോഷ്യല്‍ കെയര്‍ ജോലിക്കാരുടെയും, അവരുടെ ആശ്രിതരുടെയും എണ്ണത്തില്‍ 1 ലക്ഷത്തിന്റെ കുറവ് വരുമെന്നാണ് കണക്കുകൂട്ടല്‍. ഇത് സോഷ്യല്‍ കെയര്‍ മേഖലയില്‍ ജീവനക്കാരുടെ ക്ഷാമം വര്‍ദ്ധിപ്പിക്കുമെന്ന ആശങ്ക ശക്തമായി.
ഇതിന് പുറമെ വിദേശ ഭര്‍ത്താക്കന്‍മാരെയും, ഭാര്യമാരെയും യുകെയില്‍ കൊണ്ടുവരുന്നതിന് ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും നിയന്ത്രണം വരും. കുറഞ്ഞ വരുമാനമുള്ള ബ്രിട്ടീഷ് പൗരന്‍മാര്‍ വിദേശികളെ വിവാഹം ചെയ്ത് യുകെയിലേക്ക് കൊണ്ടുവരുന്നതിനാണ് വിലക്ക്. ഫാമിലി വിസയ്ക്കുള്ള മിനിമം സാലറി പരിധി 38,700 പൗണ്ടിലേക്ക് ഉയര്‍ത്തുമെന്ന് ക്ലെവര്‍ലി വ്യക്തമാക്കി.
എന്‍എച്ച്എസ്, ഹെല്‍ത്ത് മേഖലയില്‍ വിദേശ ജോലിക്കാരുടെ സംഭാവന ചെറുതല്ലെന്ന് ഹോം സെക്രട്ടറി സമ്മതിക്കുന്നു. എന്നിരുന്നാലും ഇവരുടെ സാമ്പത്തിക സംഭാവനയും വലുതാകണമെന്നാണ് ക്ലെവര്‍ലിയുടെ പക്ഷം. ഇതിന്റെ ഭാഗമായി വാര്‍ഷിക ഇമിഗ്രേഷന്‍ സര്‍ചാര്‍ജ്ജ് 66 ശതമാനം വര്‍ദ്ധിപ്പിക്കും, ഇതോടെ നിലവിലെ 624 പൗണ്ടിന് പകരം 1035 പൗണ്ടാണ് സര്‍ചാര്‍ജ്ജ് നല്‍കേണ്ടി വരിക.