ക്രിസ്മസിന് മുന്‍പായി എന്‍എച്ച്എസിനെ സ്തംഭിപ്പിച്ച് ശ്വാസംമുട്ടിക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍. 72 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പോരാട്ടത്തിനാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ തയ്യാറെടുക്കുന്നത്. സമ്മര്‍ദത്തിലായ ആശുപത്രികളുടെ അടിത്തറ ഇളക്കാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പുതുവര്‍ഷത്തില്‍ ആറ് ദിവസം തുടര്‍ച്ചയായി പണിമുടക്കും. എന്‍എച്ച്എസ് ചരിത്രത്തിലെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പണിമുടക്കായി ഇത് മാറും.
ഡിസംബര്‍ 20 മുതലാണ് സമരങ്ങള്‍ തുടക്കമാകുന്നത്. രണ്ടാം ഘട്ടം ജനുവരി 3-നും തുടങ്ങും. എന്‍എച്ച്എസ് ആശുപത്രികളെ സംബന്ധിച്ച് ഏറ്റവും തിരക്കേറിയ സീസണ്‍ വരുമ്പോഴാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ കൊടുംചതി. ബിഎംഎയും, ഗവണ്‍മെന്റും തമ്മിലുള്ള ചര്‍ച്ചകളില്‍ വഴിത്തിരിവ് ഉണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെയാണ് സമരപ്രഖ്യാപനം.
കഴിഞ്ഞ വിന്ററിന് സമാനമായി സമരങ്ങളുടെ തുടര്‍ദിനങ്ങളാണ് ഇക്കുറി ആഗതമാകുന്നത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 35% ശമ്പളവര്‍ദ്ധന വേണമെന്ന നിലപാടില്‍ നിന്നും ബിഎംഎ മേധാവികള്‍ പിന്നോട്ട് പോകാത്തതാണ് സ്ഥിതി രൂക്ഷമാക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച 9.8 ശതമാനം വര്‍ദ്ധനവിന് പുറമെ അധികമായി 3 ശതമാനം കൂടി ചേര്‍ക്കാമെന്നാണ് ഗവണ്‍മെന്റ് അറിയിച്ചത്. എന്നാല്‍ ഇത് പോരെന്നാണ് ബിഎംഎ നിലപാട്.
സമരങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറായാല്‍ ചര്‍ച്ചകള്‍ക്ക് ഉടന്‍ തിരിച്ചെത്താമെന്ന് ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ് വ്യക്തമാക്കി. ഡിസംബര്‍ 20 രാവിലെ 7 മുതല്‍ 23ന് രാവിലെ 7 വരെയാണ് ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം. തുടര്‍ന്ന് ജനുവരി 3ന് രാവിലെ 7 മുതല്‍ ജനുവരി 9 രാവിലെ 7 വരെയും സമരം തുടരും.
എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് 7.8 മില്ല്യണില്‍ എത്തിച്ചേര്‍ന്ന ഘട്ടത്തിലാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍. വിന്ററില്‍ എന്‍എച്ച്എസിന് മേല്‍ സമ്മര്‍ദം വര്‍ദ്ധിക്കുന്ന ഘട്ടം കൂടിയാണ്. പുതിയ സമരങ്ങള്‍ സ്ഥിതി രൂക്ഷമാക്കുമെന്നാണ് ഭീതി.